| Tuesday, 22nd November 2022, 7:22 pm

എന്നെ ആളുകള്‍ കുറച്ചെങ്കിലും അറിയാന്‍ തുടങ്ങിയത് ഇവിടെ നിന്ന്; മമ്മൂട്ടി-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ 25ാം വാര്‍ഷികത്തില്‍ എം.എ. നിഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഒരാള്‍ മാത്രം. 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ
ശ്രീനിവാസന്‍, സുധീഷ്, ശ്രുതി, ലാലു അലക്‌സ് എന്നിവര്‍ അഭിനയിച്ചിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ എം.എ. നിഷാദാണ് ചിത്രം നിര്‍മിച്ചത്. നിഷാദ് സിനിമാ മേഖലയിലേക്ക് എത്തിയ ചിത്രം കൂടിയാണ് ഒരാള്‍ മാത്രം.

ചിത്രം പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എം.എ നിഷാദ്. താന്‍ ചെറുതായെങ്കിലും അറിയപ്പെട്ട് തുടങ്ങിയത് ഒരാള്‍ മാത്രം എന്ന സിനിമയിലൂടെയാണെന്നും സിനിമാ ചര്‍ച്ചകളാല്‍ സമ്പന്നമായ ആ നല്ല കാലത്തെ ഒരുപാട് ഓര്‍മകള്‍ ഉള്ളില്‍ അലയടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നിഷാദ് സിനിമയെക്കുറിച്ച് കുറിപ്പിട്ടത്.

”25 വര്‍ഷങ്ങള്‍, പൊടി മീശ മുളക്കുന്ന കാലത്ത് ഒരു നിര്‍മാതാവായി ഞാന്‍ സിനിമ എന്ന മായിക ലോകത്തേക്ക് കാല്‍ വെച്ചിട്ട് ഇന്ന് 25 വര്‍ഷം തികഞ്ഞു. ദീപ്തമായ ഒരുപാടോര്‍മകള്‍ മനസിനെ വല്ലാതെ മദിക്കുന്നു. എറണാകുളത്ത് നിന്ന് മദ്രാസിലേക്കുളള ട്രെയിന്‍ യാത്രകളില്‍ സിനിമാ ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായ ആ നല്ല കാലം.

‘ഒരാള്‍ മാത്രം’ ഓര്‍മകളുടെ തുടക്കം അവിടെ നിന്നാണ്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ മമ്മൂട്ടി സാറാണ്. ശ്രീനിവാസന്‍, ലാലു അലക്‌സ്, സുധീഷ്, മാമുക്കോയ തുടങ്ങിയവരോടൊപ്പം പ്രതിഭാധനരായ തിലകന്‍ ചേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി ചേട്ടന്‍ എന്നിവരും ഒരാള്‍ മാത്രത്തിലെ നിറസാന്നിധ്യമായിരുന്നു.

ക്യാമറ കൈകാര്യം ചെയ്തത് വിപിന്‍ മോഹനും സംഗീതം നല്‍കിയത് പ്രിയപ്പെട്ട ജോണ്‍സന്‍ മാസ്റ്ററുമായിരുന്നു. എന്നോടൊപ്പം സഹ നിര്‍മാതാക്കളായി അഡ്വ. എസ്.എം. ഷാഫിയും ബാപ്പു അറക്കലുമുണ്ടായിരുന്നു. നല്ലോര്‍മ്മകള്‍ സമ്മാനിച്ച ഒരാള്‍ മാത്രം എന്ന സിനിമയുടെ നിര്‍മാതാവായി തുടക്കം കുറിക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്.

സിനിമ എന്ന മാധ്യമത്തിലൂടെയാണ് എം.എ. നിഷാദ് എന്ന വ്യക്തി ചെറുതായിട്ടെങ്കിലും അറിയപ്പെട്ട് തുടങ്ങിയത്. അതിന് കാരണം ഒരാള്‍ മാത്രം എന്ന ചിത്രമാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഒരുപാട് വിജയങ്ങള്‍ ഒന്നും എന്റെ ക്രെഡിറ്റില്‍ ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസ്സില്‍ സൂക്ഷിക്കാന്‍ എന്റെ ആദ്യ സിനിമ ഒരു നിമിത്തം തന്നെ. നാളിതുവരെഎന്നെ സ്‌നേഹിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും സൂഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹാഭിവാദ്യങ്ങള്‍”, നിഷാദ് കുറിച്ചു.

അതേസമയം, എം.എ നിഷാദ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഭാരത് സര്‍ക്കസ്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഹന്‍ സീനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

content highlight: director m.a. nishad about oral mathram film

Latest Stories

We use cookies to give you the best possible experience. Learn more