| Wednesday, 22nd July 2026, 11:13 am

'ഇവനൊക്കെ ഞാന്‍ ഡേറ്റ് കൊടുക്കാനോ, വേറെ പണിയില്ലേ' എന്ന് ആ വലിയ സംവിധായകനെ കുറിച്ച് ചോദിച്ച നടന്‍ ഇന്നെവിടെ: എം.എ നിഷാദ്

ആര്യ.പി

മലയാള സിനിമയിലെ സംവിധായകനും നിര്‍മാതാവും നടനുമാണ് എം.എ. നിഷാദ്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ പ്രമേയമാക്കി സിനിമകള്‍ ഒരുക്കുന്നതിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. എം.എ. നിഷാദിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘ലര്‍ക്ക്’. അജു വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

മലയാള സിനിമയിലെ ചില അഭിനേതാക്കളുടെ പെരുമാറ്റത്തെ കുറിച്ചും സംവിധായകരോട് പുലര്‍ത്തുന്ന സമീപത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എം.എ. നിഷാദ്.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകര്‍ പോലും കാരവന് പുറത്ത് കാത്തുനില്‍ക്കുമ്പോള്‍, ‘എന്തൊരു ശല്യമാണ് ഇയാള്‍’ എന്ന് കാരവന്റെ ഉള്ളിലിരുന്ന് ചില ആര്‍ടിസ്റ്റുകള്‍ പറയുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ടെന്ന് നിഷാദ് പറയുന്നു.

ലൊക്കേഷനില്‍ വിളിപ്പിച്ചു വരുത്തുന്ന പാവപ്പെട്ട സംവിധായകര്‍ക്ക് അടുത്ത മാസങ്ങളില്‍ ഡേറ്റ് തരാമെന്ന് വാഗ്ദാനം നല്‍കി പ്രതീക്ഷ നല്‍കുമെന്നും എന്നാല്‍, അവര്‍ മടങ്ങിപ്പോയ ഉടന്‍ ‘ഇവന്മാര്‍ക്കൊക്കെ ഞാന്‍ ഡേറ്റ് കൊടുക്കാന്‍ പോകുകയാണോ’ എന്ന് കൂടെയുള്ളവരോട് ചോദിച്ച് പരിഹസിക്കുന്നത് ഈ നടന്റെ രീതിയാണെന്നും നിഷാദ് പറയുന്നു.

എം.എ. നിഷാദ് photo: Instagram

മലയാളത്തില്‍ ഏറെ അറിയപ്പെട്ടിരുന്ന, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു പ്രമുഖ സംവിധായകന് ഈ നടന്‍ ഡേറ്റ് ഫിക്‌സ് ചെയ്ത ശേഷം, അദ്ദേഹത്തെ ഒരുപാട് നടത്തിക്കുകയും ഒടുവില്‍ നിഷ്‌കരുണം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

ഒരു നടന്‍, പേര് ചോദിക്കരുത്. വിവാദമാകും. ഇപ്പോള്‍ എയറിലാണ് പുള്ളി. ആ നടന്‍ ഇതേ പോലെ എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അറിയുമോ. ഈ പറയുന്ന ആളുകളെയൊക്കെ വിളിച്ച് വരുത്തി ലൊക്കേഷനില്‍ വരുത്തിച്ചിട്ട് അവരോട് അടുത്ത മാസം, അതിനടുത്ത മാസം എന്നൊക്കെ പറഞ്ഞിട്ട് നടത്തിക്കും.

ഈ പാവപ്പെട്ട സംവിധായകന്‍, അവര്‍ എത്ര പ്രതീക്ഷയോടെയായിരിക്കും വരുന്നത്. എനിക്ക് പേഴ്‌സണലി അറിയാം. അവര്‍ പോയിക്കഴിയുമ്പോള്‍ പിന്നേ, ഇവനൊക്കെ ഞാന്‍ ഡേറ്റ് കൊടുക്കാന്‍ പോകുകയല്ലേ എന്ന് ചോദിക്കും. എന്തിനാണ് അങ്ങനെ ചെയ്യുന്നത്? എന്തൊരു കള്ളത്തരമാണ്? അതുകൊണ്ടെന്താ, ഔട്ടായിപ്പോയില്ലേ?

ഞാന്‍ പറഞ്ഞുവരുന്നത് ഇതാണ്. എനിക്ക് അറിയാവുന്ന ഒരാള്‍. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായിരുന്നു. അദ്ദേഹം ഈ പറയുന്ന നടനെ കാണാന്‍ വേണ്ടി ഡേറ്റും ഫിക്‌സ് ചെയ്ത് പോകാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ ഒരുപാട് ഇട്ട് ഓടിക്കുകയും അവസാനം അദ്ദേഹത്തിനെ നിഷ്‌ക്കരുണം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

വേറെ ഒരാള്‍ ഇതേ നടന്റെ ഡേറ്റ് ചോദിച്ചു. പിന്നേ, ഡേറ്റോ നമുക്ക് കലക്കാലോ, പിടിക്കാലോ, അയ്യോ നമ്മള്‍ ചെയ്യും, എന്നൊക്കെ പറഞ്ഞു. ഇയാള്‍ ഇയാളുടെ ഭാര്യയുടെ അടുത്തും മക്കളുടെ അടുത്തും പറഞ്ഞ് വലിയ പ്രതീക്ഷയോടെ പറഞ്ഞു. പ്രൊഡ്യൂസറേയും തയ്യാറാക്കി വലിയ പ്രതീക്ഷയോടെ പോകുകയാണ്. ഞാനറിയിക്കാം എന്ന് പറഞ്ഞ് അയാളെ ലൊക്കേഷനില്‍ നിന്നും പറഞ്ഞയച്ചു.

ഇയാള്‍ പോയിക്കഴിഞ്ഞ ഉടനെ ഈ നടന്‍ തൊട്ടടുത്ത് നില്‍ക്കുന്ന ആളോട് പറയുകയാണ് ‘ഇവനൊക്കെ വേറെ പണിയില്ലേ ഔട്ട് ആയി പോയില്ലേ എന്ന്. ഇങ്ങനെയുള്ള ആളുകളെ നമ്മള്‍ വിമര്‍ശിക്കണ്ടേ, നമ്മള്‍ പറഞ്ഞുപോകില്ലേ? , നിഷാദ് ചോദിക്കുന്നു.

Content Highlight: Director M.A Nishad about an Super Actor attittude to Directors

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more