വാര്‍ത്തകളിലെ സെന്‍സേഷണലിസത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അതിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. എന്ത് മാര്‍ഗം ഉപയോഗിച്ചും വൈകാരികമായ കണ്ടന്റ് ഉണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുമെന്നും അത് കാണാന്‍ ആളുകളുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ലാല്‍ജോസ് പറയുന്നു.
എന്തിനാണ് ചില വിഷയങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇത്രയേറെ സെന്‍സേഷണലിസം നല്‍കുന്നത് എന്ന ചോദ്യത്തിനായിരുന്നു ലാല്‍ ജോസിന്റെ മറുപടി. യു.എ.ഇ വാര്‍ത്തയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘അടിസ്ഥാനപരമായി അര്‍ഹിക്കുന്നതേ ആളുകള്‍ക്ക് കിട്ടൂ, അതിനാണ് പ്രേക്ഷകന്‍. എനിക്കൊരു ചാനലുണ്ട്. രണ്ടര വര്‍ഷമായി. ഇതുവരെ 36000 സബസ്‌ക്രൈബേഴ്‌സേ ഉള്ളൂ. ആ ചാനലില്‍ ഞാന്‍ കലാഭവന്‍ മണിയെ കുറിച്ച് പറഞ്ഞ ഒരു എപ്പിസോഡ് മൂന്നരലക്ഷം പേര്‍ കണ്ടു. മണിയുമായി മൂന്ന് സിനിമ വര്‍ക്ക് ചെയ്തപ്പോള്‍ ആ മൂന്ന് സിനിമയിലും ഒരു ഫ്രിക്ഷന്‍ ഉണ്ടായി.
ഞാന്‍ അവന്‍ തെറ്റുകാരനാണെന്നോ ഞാന്‍ പുണ്യാളനാണെന്നോ പറഞ്ഞിട്ടില്ല. ആ ഓര്‍മകള്‍ പറഞ്ഞതാണ്. അതിന് മൂന്നര ലക്ഷം വ്യൂവര്‍ഷിപ്പുണ്ടായി. അതേസമയം ഞാന്‍ നോര്‍ത്ത് പോളില്‍ പോയി മഞ്ഞത്ത് തണുത്ത് വിറച്ച് ഷൂട്ട് ചെയ്ത സാധനങ്ങള്‍ക്ക് രണ്ടായിരം വ്യൂസേ ഉള്ളൂ.
അതേസമയം സിനിമാക്കാരെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ പരദൂഷണ കഥകള്‍ പറയുന്ന വ്‌ളോഗുകള്‍ക്ക് രണ്ടും മൂന്നും പത്തും മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും വ്യൂവേഴ്‌സും ഉണ്ട്. അപ്പോള്‍ ഈ ആള്‍ക്കാരൊക്കെ എവിടെ നിന്നാണ് വരുന്നത്? , ലാല്‍ ജോസ് ചോദിക്കുന്നു.
സലിം കുമാറിന്റെ മരണാനന്തര ചടങ്ങ് പകര്‍ത്താനുള്ള ചിലയാളുകളുടെ ശ്രമവും അതില്‍ അന്നുണ്ടായ പ്രതികരണത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിനും ലാല്‍ ജോസ് മറുപടി നല്‍കി.
‘നിങ്ങള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍, ഒരു സോഷ്യല്‍മീഡിയ അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ ഇടുന്ന വീഡിയോകള്‍ക്ക് കിട്ടുന്ന ലൈക്‌സിന് പണം കിട്ടും. അതില്‍ ഇത്ര ആള്‍ക്കാര്‍ ഇത്ര നേരം കണ്ടുകൊണ്ടിരുന്നാല്‍ അതിന് പണം കിട്ടും.
അപ്പോള്‍ പണിയില്ലാത്ത, വേറെ ഒരു സ്‌കില്ലും ഇല്ലാത്ത ചെറുപ്പക്കാര്‍ ഇഷ്ടം പോലെയുണ്ട് നമ്മുടെ നാട്ടില്‍. അതാണ് അതിന്റെ അര്‍ത്ഥം. വേറെ എന്തെങ്കിലും ഒരു ജോലിക്ക് പോകുന്ന ഒരാള്‍ക്ക് ഈ മൊബൈലും പിടിച്ചിട്ട് പോയി നില്‍ക്കാന്‍ പറ്റുമോ? അപ്പോള്‍ ഒരു ജോലിയില്ല, ജീവിതമാര്‍ഗ്ഗം വേണ്ടേ അവര്‍ക്ക്. അപ്പോള്‍ ഒരു സാധ്യത മുന്നില്‍ കിട്ടുകയാണ്, അവര്‍ അത് ഉപയോഗിക്കണം, അവരെ കുറ്റം പറയാനൊന്നും പറ്റില്ല.
പിന്നെ നല്ല വാര്‍ത്തകള്‍ മാത്രം പകര്‍ത്തിയിട്ട് അവന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ ഇത് കാണാന്‍ ആരുമില്ലതാനും.
‘ഹോട്ടല്‍ മുറിയില്‍ ആ നടി ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന് എഴുതിയാല്‍ നമ്മളുടെ ഈ സോ-കോള്‍ഡ് ബുദ്ധിജീവികളും ഭയങ്കര സദാചാരവാദികളും ഒക്കെ ആ ഹോട്ടല്‍ മുറിയില്‍ നടി ചെയ്തത് കണ്ടത് ഞെട്ടാന്‍ വേണ്ടിയിട്ട് അതില്‍ ക്ലിക്ക് ചെയ്യും.
ആ മുറിയില്‍ അവര്‍ ജനലിന്റെ കര്‍ട്ടന്‍ തുറന്നിട്ട് പുറത്തേക്ക് നോക്കി നിന്നു. ഇതാണ് അവര്‍ ചെയ്തത്. അപ്പോള്‍ ഇങ്ങനെ നിങ്ങളെ മണ്ടന്മാരാക്കും. നിങ്ങളെ 10 പ്രാവശ്യം മണ്ടന്മാരാക്കിയാലും നിങ്ങള്‍ വീണ്ടും ഇതുപോലെ ഒരു സാധനം കണ്ടാല്‍ നിങ്ങള്‍ അതില്‍ കൊത്തും.
അപ്പോള്‍ കുഴപ്പം നിങ്ങളുടെയാണ്, അവരെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അതില്‍ നിന്ന് ഒരു വരുമാനം ഉണ്ടാകുന്നുണ്ട്.
എന്ത് മാര്‍ഗേണയും ഒരു കണ്ടെന്റ് കിട്ടല്‍ മാത്രമാണ് അവരുടെ ലക്ഷ്യം. ആ സ്ഥലത്ത് വൈകാരികമായിട്ടുള്ള അവസ്ഥയോ സിറ്റുവേഷനോ ഒന്നും നോക്കാതെ സംസ്‌കാരശൂന്യമായിട്ട് തന്നെ അവര്‍ അതില്‍ ഇടപെടും. അതിനെ നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവണം, അങ്ങനെയേ നിയന്ത്രിക്കാന്‍ പറ്റുള്ളൂ. അല്ലാതെ ഇവരെ ബോധവല്‍ക്കരിക്കാന്‍ ഒന്നും പറ്റില്ല,’ ലാല്‍ ജോസ് പറഞ്ഞു.
ലാല്‍ ജോസ്
സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും പുതിയകാലത്തെ സോഷ്യല്‍ മീഡിയകള്‍ക്കുമുള്ള പങ്ക് എന്താണെന്നും അത് നല്ല സിനിമകളെ ഇല്ലാതാക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ലാല്‍ ജോസ് മറുപടി നല്‍കി.
‘ ഇത് നമ്മള്‍ എക്കണോമിക്‌സില്‍ പഠിക്കുന്ന വിഷയം തന്നെയാണ്, സപ്ലൈ കൂടുമ്പോള്‍ ഡിമാന്‍ഡ് കുറയും. മുമ്പ് നമുക്ക് ഒരു സിനിമ വരുമ്പോള്‍ മനോരമയില്‍ ഒരു പരസ്യം, മാതൃഭൂമിയില്‍ ഒരു പരസ്യം, പിന്നെ കുറച്ചുകൂടി പൈസയുള്ള ആള്‍ക്കാരാണെങ്കില്‍ ദേശാഭിമാനിയിലും ജന്മഭൂമിയിലും വീക്ഷണത്തിലും വരും. അതുകഴിഞ്ഞാല്‍ പിന്നെ വേറൊന്നുമില്ല. പിന്നെ പോസ്റ്റേഴ്‌സ് ഒട്ടിക്കും.
ആ കാലം മാറി. ഇനി പ്രത്യേകിച്ച് ചെലവില്ലാതെ ചെയ്യാവുന്ന ഒരു പരിപാടിയാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് എന്നാണ് വിചാരിച്ചിരുന്നത്. ആദ്യകാലത്ത് അത് അങ്ങനെയായിരുന്നു, ചിലവില്ലായിരുന്നു. അപ്പോള്‍ അത് ആളുകള്‍ നന്നായി ഉപയോഗിച്ചു.
ഇപ്പോള്‍ അതും മറ്റേതുപോലെ തന്നെ പണച്ചെലവുള്ള സാധനമായി മാറി. അപ്പോള്‍ ഇത് പോസിറ്റീവ് ആയിട്ട് ഉപയോഗിക്കും ആദ്യം. അത് കഴിയുമ്പോള്‍ ഓപ്പോസിറ്റ് ഉള്ള പടത്തിനെ തകര്‍ക്കാനും ഇത് ഉപയോഗിക്കാം. എല്ലാ സാധ്യതയും ആള്‍ക്കാര്‍ ഉപയോഗിക്കും,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Director Laljose about Social media Sensationalism and News