| Friday, 12th June 2026, 2:27 pm

ഭരതൻനായർ ചെയ്തതിന്റെ കർമയാണ് അയാൾ തേങ്ങവീണ് മരിച്ചതെന്ന് ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു: കൃഷ്ണദാസ് മുരളി

കെ.എസ് ഷാബിന

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനായി എത്തിയ പക്കാ ഡാർക്ക് ഹ്യൂമർ ചിത്രമായിടുന്നു ‘ഭരതനാട്യം 2 മോഹിനിയാട്ടം’. ബിഗ്‌സ്‌ക്രീനിൽ ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമായിരുന്നു ഒ.ടി.ടിയിൽ എത്തിയപ്പോൾ ചിത്രം നേടിയത്.

കേവലം ഒരു സിനിമ എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ‘ബ്രില്യന്റ് റഫറൻസ് മൂവി’ എന്നാണ് ആരാധകർ സിനിമയെ വിശേഷിപ്പിച്ചത്. സംവിധായകൻ മനപൂർവം ഉൾപെടുത്തിയതിനേക്കാൾ കൂടുതൽ റഫറൻസുകൾ പ്രേക്ഷകർ കണ്ടെത്തി എന്നതാണ് ഈ ചിത്രത്തിന്റെ പ്രേത്യേകത.

ഭരതനാട്യം.Photo:X.com

ഇപ്പോൾ ഭരതനാട്യം സിനിമയിൽ സായികുമാർ അവതരിപ്പിച്ച ഭരതൻ നായർ എന്ന കഥാപാത്രം തലയിൽ തേങ്ങ വീണു മരിക്കുന്നത് അയാൾ ചെയ്ത തെറ്റിന്റെ കർമഫലമായി ആണ് എന്നത് താൻ മനപൂർവം ഉൾപെടുത്തിയതല്ല എന്നും അത് തങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതല്ല എന്നും തുറന്നുപറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ദി റൂം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭരതനാട്യം’ എന്ന സിനിമയിലുടനീളം ഒരു പ്രധാന പ്രോപ്പർട്ടി ആയിരുന്നു തേങ്ങ. കഥ ചർച്ച ചെയ്യുന്ന സമയത്ത് തന്നെ തേങ്ങ പൊതിക്കുക, ഉണക്കാൻ വെക്കുക, കൊപ്ര വേർതിരിക്കുക, അത് ഒടിച്ചിടുക എന്നിങ്ങനെ ഒരു കൃത്യമായ ഓർഡറിലാണ് ഞങ്ങൾ കാര്യങ്ങൾ പ്ലാൻ ചെയ്തത്.

ഭരതനാട്യം.Photo:Screengrab/Youtube

ചിത്രത്തിൽ ഭരതൻ നായർ മരിക്കുന്നതും തലയിൽ തേങ്ങ വീണാണ്. കഥാപാത്രങ്ങളുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ എപ്പോഴും ഈ തേങ്ങയുടെ സാനിധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം ഭാഗമായ ‘മോഹിനിയാട്ട’ത്തിലും ഞങ്ങൾ അത് തുടർന്നത്. മോഹിനീശ്വരി ദേവിയുടെ കൈയിലെ തേങ്ങയും ആ ചിന്തയിൽ നിന്ന് വന്നതാണ്.

എന്നാൽ, ഭരതൻ നായർ ചെയ്ത തെറ്റുകളുടെ കർമഫലമായാണ് അയാൾ തലയിൽ തേങ്ങ വീണു മരിച്ചത് എന്ന തരത്തിൽ ഫേസ്ബുക്കിൽ ചില കുറിപ്പുകൾ വന്നിരുന്നു. സത്യത്തിൽ അത് ഞങ്ങൾ സിനിമ ചെയ്യുമ്പോൾ ചിന്തിച്ചതോ ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതോ ആയ കാര്യമേയല്ല. പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായ വളരെ നല്ലൊരു ഒബ്‌സർവേഷൻ ആയിട്ടാണ് എനിക്കത് തോന്നിയത്. പക്ഷേ, അത് ‘കർമഫലം’ കൊണ്ട് സംഭവിച്ചതാണെന്ന് ഞങ്ങൾ മനപൂർവ്വം ഉൾപ്പെടുത്തിയതല്ല.’ സംവിധായകൻ കൃഷ്ണദാസ് മുരളി പറയുന്നു.

Content Highlight: Director krishnadas Murali talks about Bharathanatyam movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more