| Monday, 29th June 2026, 5:36 pm

മോഹിനിയാട്ടം എങ്ങനെയെങ്കിലും തിയേറ്ററില്‍ ഓടണം എന്ന ഭയത്തില്‍ എഴുതിക്കൂട്ടിയതാണ് ആ ഡയലോഗൊക്കെ; കൃഷ്ണദാസ് മുരളി

അക്ഷര

ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ആദ്യ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പതറാതെ മുന്നോട്ട് പോയി രണ്ടാം ചിത്രത്തിലൂടെ തകര്‍പ്പന്‍ വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി.

തന്റെ ആദ്യ സിനിമയായ ‘ഭരതനാട്യം’ തിയേറ്ററുകളില്‍ പരാജയപ്പെട്ടപ്പോള്‍, പരസ്പരം തളരാതിരിക്കാന്‍ വേണ്ടി മാത്രം അണിയറപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ഒരു സക്‌സസ് പാര്‍ട്ടി നടത്തിയിരുന്നെന്നും എന്നാല്‍ അന്ന് ഇങ്ങനെയൊരു ഒറിജിനല്‍ സക്‌സസ് പാര്‍ട്ടി നടത്താനാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കൃഷ്ണദാസ് മുരളി പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘മോഹിനിയാട്ടം’ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച സക്‌സസ് പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഭരതനാട്യത്തിന് വേണ്ടി നടത്തിയ പാര്‍ട്ടി അങ്ങോട്ടുമിങ്ങോട്ടും തളരാതിരിക്കാന്‍ വേണ്ടി നടത്തിയ ഒരു പരിപാടിയായിരുന്നു. പുറത്തുനിന്നും അധികം ആളുകളെയൊന്നും വിളിക്കാതെ, ഞങ്ങള്‍ക്ക് മാത്രം അറിയാവുന്നവര്‍ പങ്കെടുത്ത ഒന്നായിരുന്നു അത്. ‘നമ്മള്‍ അങ്ങനെ തോറ്റിട്ടൊന്നുമില്ല’ എന്ന് നിര്‍മാതാവ് തോമസേട്ടന്‍ (തോമസ് തിരുവല്ല) പറയാതെ പറഞ്ഞു നടത്തിയ ഒരു പരിപാടി.

എന്നാല്‍ ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നോ, അതിലൂടെ ഇതുപോലെ ഒരു ഒറിജിനല്‍ സക്‌സസ് പാര്‍ട്ടി ആഘോഷിക്കാന്‍ പറ്റുമെന്നോ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,’ സംവിധായകന്‍ പറഞ്ഞു.

ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും തോമസേട്ടനും സൈജു ചേട്ടനും തന്നെ അവകാശപ്പെട്ടതാണെന്നും കൃഷ്ണദാസ് മുരളി പറയുന്നു. ഭരതനാട്യത്തിന് ശേഷം മറ്റൊരു സിനിമ ചെയ്യുക എന്നൊരു പ്ലാന്‍ പോലും തനിക്ക് ഉണ്ടായിരുന്നില്ല. ആദ്യ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടതോടെ അത് അവിടെ വിട്ട്, ഇനി അടുത്തതായി വേറെ എന്തെങ്കിലും ആലോചിക്കാം എന്ന് കരുതിയിരുന്ന സമയത്താണ് തോമസേട്ടനും സൈജു ചേട്ടനും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറയുന്നത്.

‘ചേട്ടാ, ഇതിനൊരു സെക്കന്‍ഡ് പാര്‍ട്ട് ഒക്കെ വേണോ? അത് എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഓടി രക്ഷപ്പെട്ടു പോയതാണ്, ഇനി അതിന്റെ മേലെ വീണ്ടും വന്ന് ചീത്തപ്പേര് വാങ്ങിക്കണോ എന്നുള്ളതായിരുന്നു എന്റെ പ്രധാന പേടി.’

എന്റെയും കോ-റൈറ്ററായ വിഷ്ണു പ്രദീപിന്റെയും മനസ്സില്‍ ഇതേ താരനിരയെ വെച്ച് മറ്റൊരു കഥ ചെയ്യാം എന്നതായിരുന്നു. എന്നാല്‍ ഒരു ബിസിനസ്സുകാരന്‍ എന്ന നിലയില്‍ തോമസേട്ടന്റെ തലയില്‍ ഉദിച്ച ഐഡിയ മറ്റൊന്നായിരുന്നു. ഭരതനാട്യത്തിന്റെ തന്നെ രണ്ടാം ഭാഗം ചെയ്താല്‍ ആളുകള്‍ തിയേറ്ററിലേക്ക് വരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സൈജു ചേട്ടനും ആ തീരുമാനത്തെ ശക്തമായി പിന്തുണച്ചു. അങ്ങനെയാണ് ‘എന്നാല്‍ പിന്നെ ഒരു കൈ നോക്കാം’ എന്ന് ഉറപ്പിച്ച് ‘മോഹിനിയാട്ടം’ എഴുതിത്തുടങ്ങിയതെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്ത തഗ് ഡയലോഗുകളും പോപ്പ് കള്‍ച്ചര്‍ റഫറന്‍സുകളും ഒക്കെ സിനിമ എങ്ങനെയെങ്കിലും തിയേറ്ററില്‍ ഓടണം എന്നുള്ള ഭയത്തില്‍ നിന്നും എഴുതിക്കൂട്ടിയതാണെന്നും കൃഷ്ണദാസ് തുറന്നുപറഞ്ഞു.

ആദ്യ ചിത്രം പരാജയപ്പെട്ടിട്ടും രണ്ടാം ഭാഗം ഇറക്കി ഹിറ്റടിച്ച ചരിത്രമുള്ള ‘ഗുരു’ മിഥുന്‍ മാനുവല്‍ തോമസിന്റെ വലിയ പിന്തുണയും ഈ ചിത്രത്തിന് പിന്നിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചത് മുതല്‍ ‘ഇത് തിയേറ്ററില്‍ അടിച്ചോളും’ എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് വലിയ രീതിയിലുള്ള ആത്മവിശ്വാസവും സപ്പോര്‍ട്ടുമാണ് മിഥുന്‍ മാനുവല്‍ തോമസ് നല്‍കിയതെന്നും, ഒടുവില്‍ അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭവിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

സിനിമ ചെയ്യുക എന്ന ഒരൊറ്റ ആഗ്രഹം മാത്രമായി ഇന്‍ഡസ്ട്രിയിലേക്ക് വന്ന തനിക്ക്, രണ്ടാമതൊരു സിനിമ ചെയ്യാന്‍ സാധിച്ചതും ആ സിനിമയ്ക്ക് വേണ്ടി ഇതുപോലൊരു ഗംഭീര വിജയാഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞതും വലിയൊരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും കൃഷ്ണദാസ് പറയുന്നു. ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങള്‍ ഇല്ലാതിരുന്ന സ്ഥാനത്ത്, ഈ വിജയത്തോടെ അടുത്ത സിനിമകള്‍ ചെയ്യാനുള്ള ഒരുപാട് അവസരങ്ങളാണ് ഇപ്പോള്‍ തനിക്ക് മുന്നില്‍ വന്നു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Director Krishnadas Murali about Mohiniyattam Dialogues and Fears

അക്ഷര

We use cookies to give you the best possible experience. Learn more