കീര്‍ത്തീശ്വരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ നിന്നും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഡ്യൂഡ്. തമിഴില്‍ വിജയ്ക്ക് ശേഷം അടുത്ത സൂപ്പര്‍ താരമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്ന പ്രദീപ്ര് രംഗനാഥന്റെ കരിയറിലെ തുടര്‍ച്ചയായ ഹിറ്റായി മാറാനും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. ഇതിനൊപ്പം തന്നെ മലയാളത്തിലെ യുവനടി മമിത ബൈജുവിന് തമിഴിലേക്ക് മികച്ച തുടക്കം നല്‍കാനും ചിത്രത്തിന് സാധിച്ചിരുന്നു.
ഇവര്‍ക്കൊപ്പം യുവസംഗീതജ്ഞന്‍ പ്രദീപ് രംഗനാഥന്റെ സംവിധാനത്തില്‍ പിറന്ന ഊരും ബ്ലഡ് എന്ന ഗാനവും ചേര്‍ന്നപ്പോള്‍ ചിത്രം തമിഴ്‌നാട്ടിലെ ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ കീര്‍ത്തീശ്വരന്‍ നല്‍കിയ സൂചനയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ഒരു ഐഡിയ പ്രദീപ് രംഗനാഥന്റെയടുത്ത് താന്‍ പറഞ്ഞിരുന്നുവെന്നും ആശയത്തിന് ഡ്യൂഡിന്റെ എല്ലാ സ്പിരിറ്റും ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ കാര്യങ്ങളും പ്രതീക്ഷകള്‍ക്കനുസരിച്ച് നടക്കുകയാണെങ്കില്‍ ഡ്യൂഡിന്റെ രണ്ടാം ഭാഗം കാണാമെന്നും അദ്ദേഹം പറഞ്ഞതായി സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്യൂഡ്. Photo: Book My Show
വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നതെന്ന് കാണാം. തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രമായി പലരും ഡ്യൂഡ് 2വിനെ വിശേഷിപ്പിക്കുമ്പോള്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വേണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. ഇനി ഒരു രണ്ടാം ഭാഗം കാണാന്‍ സാധിക്കില്ലെന്നും ആദ്യ ഭാഗത്തിന് കിട്ടിയ വിജയം തന്നെ അപ്രതീക്ഷിതമാണെന്നും പലരും അഭിപ്രായപ്പെടുന്നു.
എന്നാല്‍ ചിത്രത്തിലൂടെ മാസ്റ്റര്‍ പീസ് സോങ് ഊരും ബ്ലഡ് നല്‍കിയ സായ് അഭ്യങ്കര്‍ രണ്ടാം ഭാഗത്തില്‍ എന്തായിരിക്കും ചെയ്യുക എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചുകൊണ്ട് ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌പോട്ടി ഫൈ വഴി കേട്ട ഗാനമായി ഊരും ബ്ലഡ് മാറിയിരുന്നു. ഹോളിവുഡ് അടക്കം ഏത് ചിത്രത്തിലെ രംഗങ്ങള്‍ക്കും ഗാനം അനുയോജ്യമാണെന്ന് സോഷ്യല്‍ മീഡിയ തെളിയിച്ചിരുന്നു.
ഡ്യൂഡ്. Photo: NDTV
അതേസമയം സംവിധായകന്‍ കീര്‍ത്തീശ്വരനെ നായകനാക്കി പ്രദീപ് രംഗനാഥന്‍ പുതിയ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് ശേഷമായിരിക്കും ഡ്യൂഡിന് രണ്ടാം ഭാഗമൊരുക്കുക എന്നാണ് സിനിമാ പേജുകള്‍ വിലയിരുത്തുന്നത്.
Content Highlight: Director Keerthishwaran talks about the second part of Dude