| Thursday, 23rd October 2025, 10:00 am

ദുരഭിമാനക്കൊലക്ക് ഇരയായ ആ വ്യക്തിയോടുള്ള ആദരസൂചരകമായാണ് ഡ്യൂഡിലെ ക്ലൈമാക്‌സ് ഡയലോഗ് ഉള്‍പ്പെടുത്തിയത്: സംവിധായകന്‍ കീര്‍ത്തീശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപാവലി റിലീസുകളില്‍ വന്‍ മുന്നേറ്റം നടത്തുകയാണ് പ്രദീപ് രംഗനാഥന്‍ നായകനായ ഡ്യൂഡ്. നവാഗതനായ കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബില്‍ ഇന്നത്തോടെ ഇടം പിടിക്കും. കോമഡി എന്റര്‍ടൈനറായൊരുങ്ങിയ ഡ്യൂഡ് ചിത്രം പ്രദീപിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമാണ്.

കോമഡിയോടൊപ്പം വളരെ ശക്തമായ വിഷയത്തെയും ഡ്യൂഡ് അഡ്രസ് ചെയ്യുന്നുണ്ട്. ദുരഭിമാനക്കൊല സിനിമയിലെ ഒരു പ്രധാന സംഭവമായി കാണിക്കുന്നുണ്ട്. ശരത് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സ്വന്തം ജാതിയുടെ അഭിമാനം സംരക്ഷിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരാളാണ്. ചിത്രത്തിലെ ദുരഭിമാനക്കൊല എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കീര്‍ത്തീശ്വരന്‍.

‘ഈ പടത്തില്‍ ദുരഭിമാനക്കൊലയും ഒരു വിഷയമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അത്തരമൊരു വിഷയത്തെ ചുമ്മാ അഡ്രസ് ചെയ്ത് വിടാതെ അതിനെതിരെ ശക്തമായി എന്തെങ്കിലും സംസാരിക്കാന്‍ എന്നോട് പറഞ്ഞത് പ്രദീപാണ്. എന്ത് ചെയ്യണമെന്ന് ആ സമയത്ത് എനിക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു. പടത്തില്‍ ഏറ്റവും കൈയടി കിട്ടിയ ക്ലൈമാക്‌സിലെ ഒരു ഡയലോഗ് അങ്ങനെ ചെയ്തതാണ്.

‘ദുരഭിമാനമാണെങ്കില്‍ മകളാണെന്ന് പോലും നോക്കാതെ കൊല്ലുമോ, അത്രക്ക് ദുരഭിമാനമാണെങ്കില്‍ നീയൊക്കെ പോയി ചാവെടാ’ എന്ന് പ്രദീപിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആദ്യമെഴുതിയ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. പടത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് തിരുനെല്‍വേലിയില്‍ കെവിന്‍ എന്ന യുവാവിനെ ജാതി മാറി കല്യാണം കഴിച്ചതിന് ചിലര്‍ കൊന്നത്.

ടി.വിയിലും പത്രത്തിലുമെല്ലാം ആ വാര്‍ത്ത കണ്ടപ്പോള്‍ വല്ലാതെ ഷോക്കായി. കെവിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് ആ ഡയലോഗ് ഉള്‍പ്പെടുത്തിയത്. അത് പറയാന്‍ പ്രദീപ് കാണിച്ച ആ ഗട്‌സിന് ഒരുപാട് നന്ദിയുണ്ട്,’ കീര്‍ത്തീശ്വരന്‍ പറയുന്നു. ഡ്യൂഡിന്റെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന അഗന്റെയും അയാളുടെ കസിന്‍ കുറലിന്റെയും കഥയാണ് ഡ്യൂഡ് പറയുന്നത്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ശരത് കുമാര്‍, രോഹിണി, ഹൃദു ഹാരൂണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്കിലെ മുന്‍ നിര നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Director Keertheeswaran about the climax dialogue in Dude Movie

We use cookies to give you the best possible experience. Learn more