കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, അമല, ശോഭന, ഇന്നസെന്റ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളടക്കം. ചിത്രത്തിൽ അമല അവതരിപ്പിച്ച രേഷ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയായിരുന്നു.
അന്ന് ഭാഗ്യലക്ഷ്മി പൂർണ ഗർഭിണിയായിരുന്നിട്ടും ഡബ്ബിങ്ങിനായി എത്തിയതും ചിത്രത്തിലെ തീവ്രമായ ചില രംഗങ്ങൾക്ക് ശബ്ദം നൽകാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ അമലയോട് തന്നെ ചോദിച്ചുനോക്കിയതുമെല്ലാം തുറന്നു പറയുകയാണ് സംവിധായകൻ കമൽ. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.
‘അമലയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. അന്ന് ഭാഗ്യലക്ഷ്മി പൂർണ ഗർഭിണിയായിരുന്നു. ‘ഞാൻ വരാം, ഡേറ്റ് അടുത്തിരിക്കുകയാണ്. എന്ത് സംഭവിക്കുമെന്ന് അറിയില്ല’ എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി ഡബ്ബിങ്ങിന് എത്തിയത്. മദ്രാസിലായിരുന്നു ഡബ്ബിങ്.
ഓരോ സീനിനും പതിവുപോലെ വളരെ മനോഹരമായി ഭാഗ്യലക്ഷ്മി ശബ്ദം നൽകി. എന്നാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ രേഷ്മ അലറിക്കൊണ്ട് ഓടുന്ന ചില രംഗങ്ങളുണ്ട്. അതിന്റെ പൈലറ്റ് ട്രാക്ക് കണ്ടപ്പോൾ ഭാഗ്യലക്ഷ്മിക്ക് ഒരു സംശയം തോന്നി. ‘ഇതേ തീവ്രതയോടെ ഈ അവസ്ഥയിൽ ഡബ് ചെയ്യാൻ എനിക്ക് കഴിയുമോ എന്നറിയില്ല. അമലയോട് ചോദിച്ചാലോ?’ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്,’ കമൽ വ്യക്തമാക്കി.
തുടർന്ന് അമലയെ വിളിച്ച് കാര്യം ചോദിച്ചപ്പോൾ അവർ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും കമൽ കൂട്ടിച്ചേർത്തു.
‘മടിയോടെയാണ് ഞാൻ അമലയെ വിളിച്ചത്. പക്ഷേ, ‘ഇതെനിക്കുള്ള അംഗീകാരമായാണ് കാണുന്നത്’ എന്നായിരുന്നു അമലയുടെ മറുപടി. ആ സിനിമയ്ക്ക് പിന്നിൽ അമലയുടെ ഒരുപാട് അധ്വാനമുണ്ടായിരുന്നു,’ കമൽ പറഞ്ഞു.
ചിത്രം പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. അമലയ്ക്ക് സംസ്ഥാന പുരസ്കാരം ലഭിക്കുമെന്നായിരുന്നു അന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അത് സംഭവിച്ചില്ലെന്നും കമൽ വ്യത്യമാക്കി.
വിവാഹശേഷം സിനിമയിൽനിന്ന് മാറിനിന്ന അമല വർഷങ്ങൾക്കുശേഷം ‘സൈറാ ബാനു’വിലൂടെയാണ് വീണ്ടും മലയാളത്തിലെത്തിയത്. ആ സമയത്തുണ്ടായ അനുഭവവും കമൽ പങ്കുവെച്ചു.
‘വർഷങ്ങൾക്കുശേഷം ‘സൈറാ ബാനു’വിൽ അഭിനയിക്കാൻ അമല വീണ്ടും മലയാളത്തിലെത്തി. അന്ന് ‘ഉള്ളടക്ക’ത്തെക്കുറിച്ചും എന്നെക്കുറിച്ചും അമല സംസാരിച്ചെന്ന് പിന്നീട് മഞ്ജു വാര്യർ എന്നോട് പറഞ്ഞിരുന്നു,’ കമൽ പറഞ്ഞു.
ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതോടെ അതിൽ അഭിനയിച്ച മറ്റു ഭാഷകളിൽനിന്നുള്ള നടിമാരുമായുള്ള ബന്ധം പലപ്പോഴും കുറഞ്ഞുപോകാറുണ്ട്. പിന്നീട് ആ പരിചയം ഇല്ലാതായാലും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമയുമായുള്ള ഓർമകൾ മനസിൽ ബാക്കിയാകുമെന്നും കമൽ പറയുന്നു. ‘ഉള്ളടക്ക’വും അമലയും അത്തരത്തിൽ മനസിൽ നിലനിൽക്കുന്ന ഓർമകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Director Kamal talks about ulladakkam movie