| Monday, 9th November 2026, 10:38 am

സിനിമാ ചിത്രീകരണത്തിനിടെ തിരയിൽപ്പെട്ട അമലയെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ; ‘ആ ദിവസം പേടിയോടെയാണ് ഇന്നും ഓർക്കുന്നത്’: കമൽ

അജ്മല്‍ കെ

‘ഉള്ളടക്കം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടി അമല നടത്തിയ പ്രകടനവും വിഴിഞ്ഞത്ത് കടലിൽ വെച്ച് ചിത്രീകരിച്ച രംഗത്തിനിടെയുണ്ടായ അപകടസാധ്യതയും ഓർത്തെടുത്ത് സംവിധായകൻ കമൽ. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്ന രേഷ്മ എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ മാനസികാവസ്ഥ പൂർണമായി ഉൾക്കൊണ്ട് അമല അഭിനയിച്ച ഒരു രംഗം കണ്ടതോടെ ആ വേഷത്തിന് താരം തന്നെയാണ് അനുയോജ്യമെന്ന് ഉറപ്പായെന്നും കമൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘സിനിമയിൽ ആദ്യം അമലയെ കാണിക്കുന്നത് മാനസികാരോഗ്യ കേന്ദ്രത്തിൽ കാറിൽ വന്നിറങ്ങുന്നതാണ്. അമലയുടെ കഥാപാത്രമായ രേഷ്മയുടെ മുഖത്ത് അപ്പോൾ ബ്ലാക്ക് ഔട്ടായ ഭാവമാണ്. കൺസൾട്ടേഷൻ മുറിയിൽ വെച്ച് ഡോക്ടർ രേഷ്മയെ റോഷാക്ക് കാർഡുകൾ കാണിക്കുന്നു. പെട്ടെന്ന് എന്തോ ഓർമ വരികയും ഒരലർച്ചയോടെ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഓടുകയും ചെയ്യുന്നു. ഇത് അമല എങ്ങനെ അഭിനയിക്കുമെന്ന് എനിക്ക് ആകാംക്ഷയുണ്ടായിരുന്നു,’ കമൽ പറഞ്ഞു.

കമൽ. Photo. Screen Grab/ Youtube

എന്നാൽ അമലയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നും കട്ട് പറഞ്ഞിട്ടും കുറച്ചുനേരം കഴിഞ്ഞാണ് താരം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതെന്നും കമൽ പറഞ്ഞു.

‘എല്ലാ നിയന്ത്രണങ്ങളും വിട്ട ഒരാളെപ്പോലെ അലറിക്കൊണ്ട് അമല ഓടി. കട്ട് പറഞ്ഞിട്ടും കുറച്ചുകഴിഞ്ഞാണ് നോർമലായത്. അതോടെ കഥാപാത്രത്തിന് അമല കൃത്യമാണെന്ന് എനിക്ക് മനസിലായി,’ കമൽ പറഞ്ഞു.

ചിത്രത്തിലെ മറ്റൊരു പ്രധാന രംഗം രേഷ്മയുടെ കാമുകൻ കടലിൽ വീഴുന്നതാണ്. വിഴിഞ്ഞത്തായിരുന്നു ഈ രംഗങ്ങളുടെ ചിത്രീകരണം. അന്ന് കടലിലുണ്ടായിരുന്ന ശക്തമായ തിരയും വേലിയേറ്റവും വലിയ ആശങ്കയുണ്ടാക്കിയെന്ന് കമൽ വ്യക്തമാക്കി.

‘ആ ദിവസം പേടിയോടെയാണ് ഇന്നും ഓർക്കുന്നത്. വേലിയേറ്റ സമയമാണ്. തിര വന്ന് കടലിലേക്ക് വലിച്ചുകൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ഞങ്ങളെ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. എന്തെങ്കിലും അപകടം പറ്റിയാൽ രക്ഷിക്കാനായി അവർ കടലിൽ ഇറങ്ങിനിന്നു,’ കമൽ പറഞ്ഞു.

കടലിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്ന അമലയെ കണ്ടപ്പോൾ കഥാപാത്രമായ രേഷ്മയുടെ അതേ മാനസികാവസ്ഥയിലാണെന്ന് തോന്നിയതിനാൽ സൂക്ഷിക്കണമെന്ന് താൻ താരത്തോട് പറഞ്ഞിരുന്നു. എന്നാൽ ആക്ഷൻ പറഞ്ഞതും വലിയൊരു തിര വന്നടിച്ചു. അമലയ്ക്കൊപ്പം ക്യാമറയും തിരയിൽപ്പെട്ടുവെന്നും കമൽ വ്യക്തമാക്കി.

‘ഞെട്ടലോടെ നോക്കുമ്പോൾ അമലയെ മത്സ്യത്തൊഴിലാളികൾ പിടിച്ചുനിർത്തിയിട്ടുണ്ട്. കടലിൽ നിന്ന് പൊങ്ങിനിൽക്കുന്ന കൈകളിൽ ക്യാമറയുമുണ്ട്. അത് പിടിച്ചയാൾ മുങ്ങിപ്പോയിരുന്നു. ക്യാമറ അസിസ്റ്റന്റാണ് ഓടിച്ചെന്ന് ക്യാമറ വാങ്ങി വെള്ളത്തിൽ മുങ്ങാതെ പിടിച്ചുവെച്ചത്. സ്വന്തം കുഞ്ഞ് അപകടത്തിൽപ്പെട്ടതുപോലെയുള്ള വേവലാതിയായിരുന്നു അദ്ദേഹത്തിന്,’ കമൽ ഓർത്തെടുത്തു.

ഉള്ളടക്കം. Photo. IMDb

1991ൽ പുറത്തിറങ്ങിയ ‘ഉള്ളടക്കം’ കമൽ സംവിധാനം ചെയ്ത ചിത്രമാണ്. മോഹൻലാൽ, മുരളി, അമല, ശോഭന, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെറിയാൻ കൽപകവാടിയുടെ കഥയ്ക്ക് പി. ബാലചന്ദ്രനായിരുന്നു തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മോഹൻലാലിനും മികച്ച സംവിധായകനുള്ള പുരസ്കാരം കമലിനും മികച്ച ഡബ്ബിങ് കലാകാരിക്കുള്ള പുരസ്കാരം ഭാഗ്യലക്ഷ്മിക്കും ലഭിച്ചിരുന്നു.

Content Highlight: Director Kamal Talks About Ulladakkam Movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more