| Tuesday, 13th October 2026, 10:40 am

ആ പടത്തിൽ മഞ്ജുവിന്റെ കുസൃതി കണ്ട് പല സീനുകളും മാറ്റി, മഞ്ജു പറഞ്ഞത് കേട്ട് സെറ്റിൽ കൂട്ട ചിരിയായിരുന്നു; കമൽ

അജ്മല്‍ കെ

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരം തന്റെ 17-ആം വയസിൽ സാക്ഷ്യം (1995) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മൂന്ന് വർഷത്തോളം 20ൽ അതികം സിനിമകളിൽ അഭിനയിച്ച താരം വിവാഹത്തിന് പിന്നാലെ സിനിമ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.

പിന്നീട് നീണ്ട 14 വർഷങ്ങൾക്കു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവായിരുന്നു താരം നടത്തിയത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഭാഗമായ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.

കമൽ.photo.screen grab/youtube

മലയാള സിനിമയിൽ മഞ്ജു വാര്യർ എന്ന നടിയുടെ വളർച്ച അടയാളപ്പെടുത്തിയ ചിത്രങ്ങളാണ് ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്നിവ. ഈ രണ്ട് സിനിമകളിലും മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ചില സാമ്യങ്ങളുണ്ടെങ്കിലും അഭിനയത്തിൽ കൂടുതൽ പക്വതയോടെ മുന്നേറുന്ന മഞ്ജുവിനെയാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എത്തിയപ്പോൾ കണ്ടതെന്ന് പറയുകയാണ് സംവിധായകൻ കമൽ. മഞ്ജുവിന്റെ സ്വാഭാവികമായ അഭിനയവും കുസൃതിയും സിനിമയിലെ ചില രംഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ വരെ കാരണമായെന്നും കമൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഈ പുഴയും കടന്ന് എന്ന സിനിമയുടെ കഥ മഞ്ജു വാര്യരോട് പറയുന്നതിന് മുമ്പ് തിരക്കഥാകൃത്ത് ലോഹിതദാസിനോടാണ് പറഞ്ഞത്. സല്ലാപം എഴുതിക്കഴിഞ്ഞ സമയമായിരുന്നു അത്. ദിലീപും മഞ്ജുവുമായിരുന്നു ആ ചിത്രത്തിലെയും നായകനും നായികയും. തന്റെ അടുത്ത സിനിമയിലും ഇതേ താരങ്ങൾ തന്നെയായതിനാൽ രണ്ട് സിനിമകൾക്കും സാമ്യമുണ്ടാകുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു.

കഥ കേട്ട ലോഹി പറഞ്ഞു, രണ്ട് സിനിമകൾക്കും ഒരു സാമ്യവുമില്ല, നിങ്ങളുടെ സിനിമ ഉറപ്പായും ഹിറ്റാകുമെന്ന്. തൂവൽക്കൊട്ടാരം ഷൂട്ടിങ് നടക്കുന്ന സമയത്ത് ഷൊർണൂർ ഗസ്റ്റ് ഹൗസിൽവെച്ചാണ് മഞ്ജുവിനോട് കഥ പറഞ്ഞത്. അച്ഛൻ മാധവ വാര്യരും കൂടെയുണ്ടായിരുന്നു. കഥ കേട്ടപ്പോൾ മഞ്ജുവിന് ഒരു സംശയവുമുണ്ടായിരുന്നില്ല. ആ സിനിമ കഴിഞ്ഞ് രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും മഞ്ജു എന്റെ ലൊക്കേഷനിലേക്ക് എത്തി,’ കമൽ പറഞ്ഞു.

മഞ്ജുവിന്റെ സ്വാഭാവികമായ അഭിനയമാണ് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെ കൂടുതൽ മനോഹരമാക്കിയതെന്ന് കമൽ പറയുന്നു. തിരക്കഥാകൃത്ത് ശത്രുഘ്നനൊപ്പം ചില രംഗങ്ങളിൽ മഞ്ജുവിന്റെ കുസൃതി കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ ചിത്രത്തിലെ ചില രസകരമായ രംഗങ്ങൾ മഞ്ജുവിന്റെ അഭിനയത്തിനൊപ്പം രൂപപ്പെടുകയായിരുന്നുവെന്നും കമൽ പറഞ്ഞു.

ഈ പുഴയും കടന്ന്. Photo. IMDb

‘മഞ്ജു വളരെ വൈബ്രന്റാണ്. അനായാസമായി അഭിനയിക്കും. അഞ്ജലി എന്ന കഥാപാത്രവും അങ്ങനെയായിരുന്നു. മഞ്ജുവിന്റെ കുസൃതി കണ്ട് ചില സീനുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടായിരുന്നു. ‘ചില്ലറ പൈസയിൽ’ കോമഡി ഉണ്ടാക്കിയതും ദൂരദർശിനിയിലൂടെ നോക്കുന്ന സീനുകളും മുഖം കോട്ടി ‘ഐ ലവ് യു’ പറയുന്നതുമെല്ലാം ഇങ്ങനെ വന്നതാണ്. സാധാരണ ‘ഐ ലവ് യു’ പോരെന്ന് പറഞ്ഞപ്പോൾ മഞ്ജു തന്നെയാണ് മുഖം കോട്ടി ഒരു പ്രത്യേക രീതിയിൽ കാണിച്ച് ഇങ്ങനെ പറഞ്ഞാൽ മതിയോ എന്ന് ചോദിച്ചത്. കണ്ടുനിന്ന എല്ലാവരും ചിരിച്ചു,’ കമൽ പറഞ്ഞു.

Content Highlight: Director kamal Talks About Manju Warrier

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more