| Saturday, 2nd August 2025, 1:37 pm

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ, ഒരു നായിക വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഒരാള്‍ മാത്രം: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് കമല്‍. സിനിമപ്രേമികള്‍ക്ക് നിരവധി മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നമ്മള്‍ ജീവിച്ച കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരെ പോലെ ഒരു നായിക നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരാണെന്ന് പറയുകയാണ് കമല്‍.

ശോഭന, ഉര്‍വശി എന്നീ മികച്ച നായികമാര്‍ക്ക് ശേഷമാണ് മഞ്ജു വരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതിലും വലിയ ജനപ്രീതിയോടെ മഞ്ജു അതിലും ശക്തയായി നിലനില്‍ക്കുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതിന് കാരണം ആത്മസമര്‍പ്പണം തന്നെയാണെന്നാണ് കമല്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഞ്ജുവിനെ കുറിച്ച് ഇതുവരെ ഒരു സംവിധായകനും പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ആരെക്കുറിച്ചും മഞ്ജു ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. അത് നല്ലൊരു അഭിനേത്രിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

മോഹന്‍ലാലിനെക്കുറിച്ച് എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഡയറക്ടേഴ്സ് ആക്ടര്‍ എന്നത്. അതായത് ഒരു പാത്രത്തില്‍ വെള്ളമൊഴിച്ചാല്‍ അതിന്റെ രൂപത്തിലേക്ക് വെള്ളം മാറുന്നതുപോലെ. മഞ്ജു വാര്യരും അത്തരത്തിലാണ്,’ കമല്‍ പറയുന്നു.

ഹിറ്റുകളുടെ റാണി എന്നാണ് മഞ്ജു വാര്യരെ ആ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്നും മഞ്ജു അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന സിനിമയില്‍ കോമഡിയും പ്രണയവും വിരഹവുമെല്ലാം ഒരുപോലെ കടന്നുപോകുന്ന നായികാ കഥാപാത്രത്തെ മഞ്ജു മികവുറ്റതാക്കി. നായികയുടെ പേരില്‍ സിനിമ മാര്‍ക്കറ്റ് ചെയ്യപ്പെട്ടു തുടങ്ങി എന്നതും മഞ്ജുവിന്റെ സിനിമകള്‍ സൃഷ്ടിച്ച മാറ്റമാണ്,’ കമല്‍ പറയുന്നു.

Content Highlight: Director Kamal Talks About Manju Warrier

We use cookies to give you the best possible experience. Learn more