| Friday, 16th October 2026, 10:01 am

മമ്മൂട്ടി അഭിനയിക്കുമ്പോൾ കഥാപാത്രമായി മാറും, എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ അങ്ങനെയല്ല; കമൽ

അജ്മല്‍ കെ

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ രണ്ടു താരങ്ങളും മികച്ചതാണെന്നും രണ്ടു പേരുടെയും അഭിനയം വ്യത്യസ്തമായ തലങ്ങളിലൂടെയാണ് നോക്കി കാണുന്നതെന്നും തുറന്നു പറയുകയാണ് സംവിധായകൻ കമൽ.

മോഹൻലാൽ ബോൺ ആക്ടറാണെന്നും മമ്മൂട്ടി കഥാപാത്രത്തിന്റെ മനസും ശരീരവുമായി മാറുന്ന നടനാണെന്നും കമൽ പറയുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മോഹൻലാലിന്റെ ഒരു അംശം എവിടെയെങ്കിലും കാണാൻ കഴിയുമെന്നും മമ്മൂട്ടി അഭിനയിക്കുമ്പോൾ അദ്ദേഹത്തെ മറന്ന് കഥാപാത്രത്തെ മാത്രം കാണുന്ന അനുഭവമാണ് തനിക്കുണ്ടായിട്ടുള്ളതെന്നും കമൽ വ്യക്തമാക്കി. അതേസമയം അഭിനയത്തിന്റെ കാര്യത്തിൽ ഇരുവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമൽ.photo.screen grab/youtube

‘മമ്മൂട്ടിയായാലും മോഹൻലാലായാലും രണ്ടുപേരും സ്വാഭാവികമായി അഭിനയിക്കുന്നവരാണ്. കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞാണ് രണ്ടുപേരും അഭിനയിക്കുന്നത്. മോഹൻലാൽ ഒരു ബോൺ ആക്ടറാണ്. മമ്മൂട്ടിയെ വേണമെങ്കിൽ കണ്ടീഷൻഡ് ആക്ടർ എന്ന് പറയാം.

കാരണം, മമ്മൂട്ടി കഥാപാത്രങ്ങളെ സ്വന്തം കാഴ്ചപ്പാടിലൂടെ നിരീക്ഷിച്ചാണ് അവതരിപ്പിക്കുന്നത്. അഭിനയത്തിന്റെ ആദ്യകാലത്ത് അദ്ദേഹം ചെയ്തിരുന്നതുപോലെയല്ല പിന്നീട് അഭിനയിച്ചത്. കഥാപാത്രത്തിന്റെ മനസും ശരീരവുമായി മാറുന്ന പരകായപ്രവേശം മമ്മൂട്ടിയിൽ കൂടുതലായി കാണാൻ കഴിഞ്ഞിട്ടുണ്ട്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്,’ കമൽ പറഞ്ഞു.

മോഹൻലാൽ കഥാപാത്രമായി മാറുമ്പോൾ അദ്ദേഹത്തിന്റെ ഒരു അംശം പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുമെന്നും കമൽ പറഞ്ഞു. ഇതാണ് നടന് ലഭിക്കുന്ന വലിയ ആരാധകപിന്തുണയുടെ കാരണങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോഹൻലാലും കഥാപാത്രങ്ങളിലേക്ക് പൂർണമായി മാറുന്ന നടനാണ്. പക്ഷേ, എവിടെയൊക്കെയോ മോഹൻലാൽ എന്ന വ്യക്തിയുടെ ഒരു അംശം കഥാപാത്രങ്ങളിൽ കാണാൻ കഴിയും. അതായിരിക്കാം അദ്ദേഹത്തിന് ഇത്ര വലിയ സ്റ്റാർഡവും സ്ഥിരമായ ആരാധകവൃന്ദവുമുണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം. ‘വാനപ്രസ്ഥം’ ചെയ്യുമ്പോഴും ‘കിരീടം’ ചെയ്യുമ്പോഴും കഥാപാത്രങ്ങൾക്കിടയിൽ എവിടെയെങ്കിലും നമുക്ക് മോഹൻലാലിനെ കാണാം,’ കമൽ പറഞ്ഞു.

എന്നാൽ മമ്മൂട്ടിയുടെ കാര്യത്തിൽ അനുഭവം വ്യത്യസ്തമാണെന്നും കമൽ വ്യക്തമാക്കി. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നടനെക്കുറിച്ചുള്ള ഓർമ പോലും പ്രേക്ഷകരിൽനിന്ന് മാഞ്ഞുപോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ അഭിനയമെന്നും വിധേയൻ, പൊന്തൻമാട തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണെന്നും കമൽ ചൂണ്ടിക്കാട്ടി.

കമൽ.photo.IMDb.Wikipedia

‘മമ്മൂട്ടിയെ അങ്ങനെ കാണാൻ കഴിയില്ല. കഥാപാത്രം മാത്രമേ അവിടെ ഉണ്ടാകൂ. നമ്മൾ മമ്മൂട്ടിയെ മറന്നുപോകും. വിധേയൻ, പൊന്തൻമാട തുടങ്ങിയ സിനിമകൾ കണ്ടപ്പോഴും എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഞാൻ സംവിധാനം ചെയ്ത കറുത്ത പക്ഷികൾ എന്ന സിനിമയിൽ മലയാളം സംസാരിക്കുന്ന ഒരു തമിഴ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ അദ്ദേഹം തന്നെ ഇംപ്രൊവൈസ് ചെയ്ത് അവതരിപ്പിക്കാമെന്ന് പറയുകയായിരുന്നു. ആ സിനിമയിൽ എനിക്ക് ഒരിടത്തും മമ്മൂട്ടിയെ കാണാൻ കഴിഞ്ഞിട്ടില്ല. കഥാപാത്രത്തെ മാത്രമാണ് കാണാൻ കഴിഞ്ഞത്,’ കമൽ പറഞ്ഞു.

Content Highlight: Director Kamal Talks About Mammootty And Mohanlal

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more