| Saturday, 14th November 2026, 10:15 pm

ബെസ്റ്റി എന്ന കോണ്‍സെപ്റ്റ് അന്നില്ല, കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയാണ് നിറം: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് കമല്‍. കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ഉള്ളടക്കം, മഴയെത്തും മുമ്പേ, ഈ പുഴയും കടന്ന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, നിറം, നമ്മള്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കറുത്ത പക്ഷികള്‍, പെരുമഴക്കാലം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലും സംവിധായകന്‍ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

കമല്‍, നിറം. Photo: X.com

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ജനപ്രിയമായ ചിത്രമാണ് 1999ല്‍ റിലീസായ നിറം. കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ചെത്തിയ ചിത്രം അക്കാലത്തെ യുവാക്കള്‍ക്കിടയിലെ ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു. എബി, സോന എന്നീ അടുത്ത സുഹൃത്തുക്കള്‍ക്കിടയിലെ ബന്ധവും പ്രണയവുമായിരുന്നു നിറത്തിന്റെ കഥാപശ്ചാത്തലം. വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളടക്കം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നിറത്തെ കുറിച്ച് കമല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് കാണുന്ന ബെസ്റ്റി സങ്കല്പം നിറത്തില്‍ ചര്‍ച്ചയാക്കിയിരുന്നുവെന്നും കാലത്തിന് മുമ്പ് സഞ്ചരിച്ച ചിത്രമാണതെന്നും പറയുകയാണ് സംവിധായകന്‍.

‘കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് നിറം. ഞങ്ങളുടെയൊക്കെ ജനറേഷന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടികളെ വിളിക്കുക കുട്ടി എന്നാണ്. നിറം എടുക്കുമ്പോള്‍ അത് ഭയങ്കര ക്രിഞ്ച് ആയിരിക്കുമല്ലോ. അങ്ങനെയാണ് ചിത്രത്തില്‍ എടാ എന്ന് വിളിക്കാമെന്ന് തീരുമാനിച്ചത്. കാരണം അവര്‍ കുട്ടിക്കാലം മുതല്‍ തന്നെ അറിയുന്ന ആള്‍ക്കാരണല്ലോ.

നിറം. Photo: X.com

ഈ ബെസ്റ്റി എന്ന് പറയുന്ന കോണ്‍സെപ്റ്റ് അന്നില്ല. ഇന്ന് നമ്മള്‍ എല്ലാം പറയുന്ന വാക്കാണല്ലോ ബെസ്റ്റി. പ്രേമം വരെ ആദ്യം പറയുന്നത് ബെസ്റ്റിയോടാണ്, പ്രേമിക്കുന്നത് വേറെ ആളെയാണ്. അതാണല്ലോ ആ സിനിമ. ഇന്ന് അതുണ്ട്, പക്ഷേ അന്ന് ബെസ്റ്റിയില്ല. അന്ന് അങ്ങനെ ചെയ്തപ്പോള്‍ റിലീസ് ചെയ്ത സമയത്ത് ആള്‍ക്കാര്‍ക്ക് ആക്‌സെപ്റ്റ് ചെയ്യാന്‍ പ്രയാസമായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal talks about his movie Niram (1999)

Latest Stories

We use cookies to give you the best possible experience. Learn more