| Tuesday, 13th October 2026, 5:45 pm

മേക്കപ് ടെസ്റ്റ് കഴിഞ്ഞിട്ടും മാധവിക്കുട്ടിയായി നയൻതാരയെ സങ്കൽപ്പിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല: കമൽ

അജ്മല്‍ കെ

മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്. ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ വളരെയധികം ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി തീർന്ന സിനിമയായിരുന്നു 2018ൽ കമൽ സംവിധാനം ചെയ്ത ആമി. മഞ്ജു വാര്യറെ നായികയാക്കി പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്.

മഞ്ജു വാര്യർ,കമൽ,നയൻ‌താര. Photo. Facebook.com. Screen Grab/ Youtube

മാധവിക്കുട്ടിയുടെ ജീവിതവും ദാമ്പത്യവുമെല്ലാം പറയുന്ന ചിത്രം റിലീസിന് മുന്നേ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം തനിക് വലിയ വേലിയേറ്റങ്ങൾ സമ്മാനിച്ച സിനിമയാണെന്നും അത് നിർമിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കമൽ പറഞ്ഞിരുന്നു. ചിത്രത്തിൽ മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലായി എത്തിയിരുന്നു.

ചിത്രത്തിൽ ആദ്യം നായികയാകേണ്ടിയിരുന്നത് വിദ്യാബാലൻ ആയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അവർ പിന്മാറിയ വാർത്തകളും പല അഭ്യൂഹങ്ങളും ചിത്രത്തെ ചുറ്റി പറ്റിയുണ്ടായിരുന്നു. എന്നാൽ ചിത്രത്തിനായി നയൻതാരയെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ കമൽ. നയൻതാരയുടെ ആദ്യ കാല മലയാള പടമായ ‘രാപ്പകൽ’ എന്ന സിനിമ സംവിധാനം ചെയ്തതും സംവിധായകൻ കമലാണ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ആമിയായി നയൻതാരയെ പരിഗണിച്ചതിനെ കുറിച്ച് തുറന്നു സംസാരിച്ചത്.

‘വിദ്യാ ബാലൻ പിന്മാറിയതോടെ ആമിയിലേക്ക് ആര് എന്ന ചോദ്യമായി. പല പേരുകളും പരിഗണനയിലുണ്ടായിരുന്നു. സിനിമയ്ക്കായി നിർമാതാവ് വലിയൊരു തുക ചെലവഴിച്ചുകഴിഞ്ഞിരുന്നു. സാറ്റ്ലൈറ്റ് വിൽപന ഉൾപ്പെടെയുള്ള ബിസിനസ് നടക്കണമെങ്കിൽ പേരുള്ള ഒരു താരം തന്നെ നായികയായി വരണമായിരുന്നു ചിത്രത്തിലേക്ക്,’ കമൽ പറഞ്ഞു.

‘അങ്ങനെയാണ് നയൻ‌താരയിലേക്ക് എത്തുന്നത്. മേക്കപ് ടെസ്റ്റും കഴിഞ്ഞു. പക്ഷേ, ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് നയൻതാര പറഞ്ഞു. എനിക്കും മാധവിക്കുട്ടിയായി നയൻതാരയെ സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴും ആമിയുടെ നായിക ആരെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല,’ കമൽ വ്യക്തമാക്കി.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട കാലങ്ങളായിരുന്നു അത് എന്നും കമൽ പറഞ്ഞു.

‘നായികയെ തീരുമാനിക്കാൻ കഴിയാത്തതോടെ ചിത്രീകരണം അനിശ്ചിതമായി നീട്ടിവയ്ക്കേണ്ടിവന്നു. ഇതുപോലൊരു സാഹചര്യം തന്റെ സിനിമാജീവിതത്തിൽ ആദ്യമായിരുന്നു,’ കമൽ വ്യക്തമാക്കി.

അങ്ങനെയാണ് ചിത്രം മഞ്ജുവാര്യറിലോട്ട് എത്തിയതെന്നും ആമിയായി മഞ്ജുവിനെ തീരുമാനിക്കുകയായിരുന്നെന്നും സംവിധായകൻ പറഞ്ഞു.

ആമി.Photo.IMDb

‘അങ്ങനെ ചർച്ച ഒടുവിൽ മഞ്ജുവിലേക്ക് എത്തുകയായിരുന്നു. പ്രൊഡ്യൂസർ ആ പേരിൽ ഉറച്ചു. മഞ്ജുവിന് അത് എളുപ്പത്തിൽ അവതരിപ്പിക്കാൻ സാധിക്കുമെന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നു. മഞ്ജുവിനെ വിളിച്ചപ്പോൾ ‘വിദ്യാബാലൻ പിന്മാറിയല്ലേ’ എന്നായിരുന്നു എന്നായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ ചോദ്യം,’ കമൽ പറഞ്ഞു.

Content Highlight: Director Kamal Talks about Aami Movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more