| Sunday, 22nd November 2026, 10:40 pm

അന്ന് മീര ജാസ്മിന്റെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല, ഇന്ന് അങ്ങനെയുള്ള പെൺകുട്ടികൾ ഒരുപാടുണ്ട്: കമൽ

അജ്മല്‍ കെ

കമൽ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിന്നാമിന്നിക്കൂട്ടം’. നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രൻ, സായി കുമാർ, മാമുക്കോയ, ടി. ജി. രവി, മീര ജാസ്മിൻ, റോമ, സംവൃത സുനിൽ, രാധിക തുടങ്ങിയ വമ്പൻ താരനിര തന്നെ ഒരുമിച്ച ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാതിരുന്നതാണ് സിനിമയുടെ സ്വീകാര്യതയെ ബാധിച്ചെന്ന് പറയുകയാണ് സംവിധായകൻ കമൽ. അന്ന് അത്തരത്തിൽ പെരുമാറുന്ന പെൺകുട്ടികളെ അംഗീകരിക്കാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇന്ന് സമൂഹത്തിൽ അത്തരം പെൺകുട്ടികളെ കാണാൻ കഴിയുമെന്നും അദ്ദേഹം ഷോസ്ക്കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കമൽ. Photo. Screen Grab/ Youtune

‘മിന്നാമിന്നിക്കൂട്ടം തന്റെ മറ്റ് സിനിമകളെപ്പോലെ വിജയിച്ചില്ലെന്നും കമൽ ഓർത്തെടുത്തു. മീര ജാസ്മിന്റെ കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നു സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് അന്ന് പൊരുത്തപ്പെടാൻ കഴിയാതിരുന്നതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

‘മിന്നാമിന്നിക്കൂട്ടം പറയുകയാണെങ്കിൽ അന്ന് അധികം ശ്രദ്ധിക്കാതെ പോയ ഒരു സിനിമയായിരുന്നു അത്. ഞാൻ ചെയ്ത മറ്റ് സിനിമകളെപ്പോലെ അതൊന്നും ഓടിയിട്ടില്ല. അതിന്റെ കാരണം മീര ജാസ്മിന്റെ കഥാപാത്രത്തെ പെട്ടെന്ന് ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്നതാണ്. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന, ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുന്ന ഒരു കഥാപാത്രമായിട്ടാണ് അവൾ വന്നത്. അന്ന് അങ്ങനെയായിരുന്നു, പക്ഷേ ഇന്ന് അങ്ങനെയുള്ള ഒരുപാട് പെൺകുട്ടികളെ നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കും’, കമൽ പറഞ്ഞു.

സിനിമയിലെ ഒരു രംഗവും അതുണ്ടാക്കിയ പ്രതികരണവും കമൽ വിശദീകരിച്ചു. മീര അവതരിപ്പിച്ച കഥാപാത്രം സ്നേഹിക്കുന്ന യുവാവ് അവളുടെ കൂടെ ജോലി ചെയ്യുന്നയാളാണ്. ഇരുവരുടെയും സുഹൃത്തുക്കൾ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ഒത്തുകൂടുമ്പോൾ യുവാവിന്റെ സുഹൃത്തിന്റെ അച്ഛൻ പറയുന്ന ചില കാര്യങ്ങൾ മീരയുടെ കഥാപാത്രത്തിന് ഇഷ്ടപ്പെടുന്നില്ല. അവൾ പ്രതികരിച്ചതൊന്നും ആളുകൾക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടാകില്ലെന്നും കമൽ വ്യക്തമാക്കി.

മിന്നാമിന്നിക്കൂട്ടം. Photo. IMDb

‘അവൾ സ്നേഹിക്കുന്ന പയ്യൻ അവളുടെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. അവരുടെ ഫ്രണ്ട്സെല്ലാം കൂടി കല്യാണനിശ്ചയത്തിന് വന്നപ്പോൾ കൂട്ടുകാരന്റെ അച്ഛൻ ചില ഡയലോഗുകൾ പറയുന്നുണ്ട്. അത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോൾ എല്ലാവരുടെയും മുന്നിൽവെച്ച് അയാളോട് ഇറങ്ങിപ്പോകാൻ പറയുകയാണ്. അന്ന് എല്ലാവരുടെയും മുന്നിൽവെച്ച് അവൾ അങ്ങനെ പറയുമോ എന്നായിരിക്കും ആളുകൾ ചിന്തിച്ചിട്ടുണ്ടാവുക. അതുകൊണ്ടായിരിക്കാം ആ കഥാപാത്രത്തോട് ആളുകൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ പോയത്’, കമൽ പറഞ്ഞു.

Content Highlight:  Director Kamal states that the audience could not readily accept the character portrayed by Meera Jasmine in the film ‘Minnaminnikkoottam’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more