| Saturday, 17th October 2026, 6:54 pm

കരയുന്ന രംഗം ഡബ് ചെയ്യാനാകാതെ മഞ്ജു കുഴങ്ങി, പക്ഷെ ആ സിനിമക്ക് സ്റ്റേറ്റ് അവാർഡ് കിട്ടി; അതുകൊണ്ട് ആ സിനിമ പ്രിയപെട്ടതാണെന്ന് മഞ്ജു പറയാറുണ്ട്; കമൽ

അജ്മല്‍ കെ

മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

കമൽ.photo.screen grab/youtube

ഇപ്പോഴിതാ മഞ്ജു വാര്യരുടെ അഭിനയമികവിനെയും ഡബ്ബിങ്ങിലെ അസാധാരണമായ കഴിവിനെയും കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കരയുന്ന രംഗം പൂർത്തിയാക്കാൻ മഞ്ജു ഏറെ ബുദ്ധിമുട്ടിയെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജയുടെ സഹായത്തോടെ അത് അനായാസം പഠിച്ചെടുത്തെന്നും സംവിധായകൻ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഭിനയത്തിൽ സ്വാഭാവികത പുലർത്തിയിരുന്ന മഞ്ജുവിന് ഡബ്ബിങ്ങിന്റെ കാര്യത്തിൽ തുടക്കത്തിൽ അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. അഭിനയിക്കുമ്പോൾ കഥാപാത്രത്തിൽ കൊണ്ടുവന്ന കുസൃതിയും ഭാവങ്ങളും അതേപടി ശബ്ദത്തിലൂടെയും പ്രകടിപ്പിക്കാൻ മഞ്ജു തന്നെ ഡബ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹംമെന്നും കമൽ പറഞ്ഞു.

‘വളരെ സ്വാഭാവികമായി അഭിനയിച്ചെങ്കിലും ഡബ്ബിങ്ങിന്റെ കാര്യത്തിൽ മഞ്ജുവിന് അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. അഭിനയിച്ചപ്പോഴുള്ള കുസൃതിയെല്ലാം മഞ്ജു തന്നെ ഡബ് ചെയ്താലേ പെർഫെക്ട് ആവൂ. ഒടുവിൽ മഞ്ജു സമ്മതിച്ചെങ്കിലും കരയുന്ന സീൻ എത്തിയപ്പോൾ ആകെ പ്രശ്നമായി. എത്ര ഡബ് ചെയ്തിട്ടും ശരിയാകുന്നില്ല. കരച്ചിൽ വരുന്നില്ല, കാറ്റ് മാത്രമേ വരുന്നുണ്ടായിരുന്നൊള്ളു.

അങ്ങനെ ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീജയെ വരുത്തി. എങ്ങനെയാണ് ഡബ്ബിങ്ങിൽ കരയേണ്ടതെന്ന് ശ്രീജ കാണിച്ചുകൊടുത്തു. മഞ്ജു അത് ഒരുതവണ മാത്രമേ കണ്ടുള്ളൂ. അതുകണ്ടുതന്നെ മഞ്ജു പഠിച്ചെടുത്തു. ശ്രീജയ്ക്കുപോലും അത് വലിയ അത്ഭുതമായിരുന്നു. അതാണ് മഞ്ജുവിന്റെ പ്രത്യേകത,’ കമൽ പറഞ്ഞു.

‘ഈ പുഴയും കടന്ന്’ വലിയ വിജയമായി മാറിയതിനു പിന്നാലെ മഞ്ജു വാര്യർക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. പിന്നീട് ഒരഭിമുഖത്തിൽ മഞ്ജു തന്നെ ഈ ചിത്രത്തോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ കാര്യവും സംവിധായകൻ ഓർത്തെടുത്തു.

മഞ്ജു വാര്യർ.കമൽ. Photo. IMDb. Screen Grab/ Youtube

‘ആ സിനിമ വലിയ ഹിറ്റായി മാറി. മഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. മഞ്ജു ഒരഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട് ‘ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയത് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലാണ്. അതാണ് എന്നും ആ സിനിമ എനിക്ക് പ്രിയപ്പെട്ടതാവുന്നത്,’ കമൽ പറഞ്ഞു.

Content Highlight: Director Kamal shares his recollections regarding Manju Warrier’s acting prowess and her extraordinary talent in dubbing

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more