എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ചക്രം’. പൃഥ്വിരാജ്, മീരാ ജാസ്മിൻ, വിജീഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു ലോറി ഡ്രൈവറുടെ ജീവിതവും പ്രണയവും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഈ ചിത്രം ആദ്യം മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്യാനിരുന്നതാണെന്ന കാര്യം അധികമാർക്കും അറിയില്ല.
കമലും ലോഹിതദാസും ചേർന്ന് ആലോചിച്ച് കഥ തയ്യാറാക്കിയെങ്കിലും പിന്നീട് പല കാരണങ്ങളാൽ ആ പ്രോജക്ട് മുന്നോട്ടുപോയില്ല. മോഹൻലാലിനോട് കഥ പറഞ്ഞതും തിരക്കഥയിലെ മാറ്റങ്ങളെ തുടർന്ന് സിനിമ നിർത്തിവെക്കേണ്ടി വന്നതുമടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ തുറന്നുപറയുകയാണ് സംവിധായകൻ കമൽ. ദി ഷോകേസ് ജേർണൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധാകൻ കമൽ തുറന്നു സംസാരിച്ചത്.
കമൽ. Photo. Screen Grab/ Youtube
‘ഞാനും ലോഹിതദാസും ചേർന്ന് അതിന് മുമ്പ് ഒന്നോ രണ്ടോ സിനിമകൾ ചെയ്യാനായി പല ആലോചനകളും നടത്തിയിരുന്നു. എന്നാൽ പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. ലോഹിയുടെ തിരക്കും അദ്ദേഹം നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളും സ്ഥിരം സംവിധായകരുമായുള്ള പ്രോജക്ടുകളുമൊക്കെയായിരുന്നു അതിന് കാരണം. ‘ചക്രം’ എന്ന സിനിമ ഞാനും ലോഹിയും കൂടി ചെയ്യാൻ ഉദ്ദേശിച്ച ഒരു ചിത്രമായിരുന്നു.
ജോണി സാഗരിഗ എന്ന നിർമാതാവ് ഞാനും ലോഹിതദാസും ചേർന്ന് ഒരു സിനിമ ചെയ്യണമെന്ന് നിർബന്ധം പിടിച്ചാണ് ഈ പ്രോജക്ടിലേക്ക് വന്നത്. അന്ന് മോഹൻലാലിന്റെയും ദിലീപിന്റെയും ഡേറ്റും ഉണ്ടായിരുന്നു. അങ്ങനെ ഞാനും ലോഹിയും കുറെ നാൾ ഇരുന്ന് ചർച്ച ചെയ്താണ് ഒരു കഥയിലേക്ക് എത്തിയത്. ആ കഥയിൽ എനിക്ക് വലിയ എക്സൈറ്റ്മെന്റ് തോന്നിയിരുന്നു. മോഹൻലാലിനോട് ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ താത്പര്യമായിരുന്നു,’ കമൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ ആലോചിച്ച കഥ ഒരു റോഡ് മൂവിയുടെ സ്വഭാവമുള്ളതായിരുന്നുവെന്നും കമൽ പറയുന്നു. കേരളത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് ചരക്കുമായി പോകുന്ന വലിയ കണ്ടെയ്നർ ലോറി ഡ്രൈവറുടെ യാത്രയായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്നും കമൽ പറഞ്ഞു.
‘നമ്മൾ കാണാറില്ലേ, കേരളത്തിൽനിന്ന് പഞ്ചാബിലേക്കും ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കുമൊക്കെ വലിയ കണ്ടെയ്നർ ലോറികളുമായി പോകുന്ന ഡ്രൈവർമാരെ. അങ്ങനെയുള്ള ഒരാളുടെ യാത്രയായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. ഒരു റോഡ് മൂവി എന്ന രീതിയിലാണ് ഞാൻ ആ കഥ കണ്ടത്. ആ കഥ വെച്ചാണ് മോഹൻലാലിനോട് പറഞ്ഞതും.
എന്നാൽ പിന്നീട് ലോഹി തിരക്കഥ എഴുതാൻ ഇരുന്നപ്പോൾ, ഞാൻ ഉദ്ദേശിച്ച രീതിയിൽ ആ കഥാപാത്രത്തെ വികസിപ്പിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ആ കഥാപാത്രം പൊള്ളാച്ചിയിലും അവിടുത്തെ കഥാപരിസരങ്ങളിലും ഒതുങ്ങിപ്പോയി. അത് മോഹൻലാലിനും എനിക്കും അംഗീകരിക്കാൻ കുറച്ച് പ്രയാസമുണ്ടായിരുന്നു,’ കമൽ വ്യക്തമാക്കി.
തിരക്കഥ പൂർണമായും പൂർത്തിയാകാതെയാണ് ചിത്രീകരണം ആരംഭിച്ചതെന്നും ഷൂട്ടിങ്ങിനിടെ കഥയിൽ ദിവസവും മാറ്റങ്ങൾ വന്നിരുന്നുവെന്നും കമൽ ഓർത്തെടുത്തു. ഇതിൽ മോഹൻലാലിന് അസ്വസ്ഥതയുണ്ടായതിനെത്തുടർന്നാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും കമൽ വ്യക്തമാക്കി.
ചക്രം. Photo. Facebook.com
‘സ്ക്രിപ്റ്റ് പൂർണമായിട്ടും തയ്യാറായിരുന്നില്ല. ഷൂട്ടിങ് സമയത്ത് ദിവസവും കഥ മാറിക്കൊണ്ടിരിക്കുകയായിരുന്നു. അതിൽ കുറച്ച് അസ്വസ്ഥനായതുകൊണ്ടാണ് മോഹൻലാൽ ഇടയ്ക്ക് വെച്ച് നമുക്കൊരു ബ്രേക്ക് ചെയ്യാമെന്ന് പറഞ്ഞത്. തിരക്കഥ പൂർത്തിയായതിനുശേഷം സിനിമ തുടരാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അങ്ങനെയാണ് ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നത്.
പക്ഷേ പിന്നീട് നിർഭാഗ്യവശാൽ ആ സ്ക്രിപ്റ്റ് വർക്ക് ഔട്ടായില്ല. പിന്നീട് ലോഹിതദാസ് അദ്ദേഹത്തിന്റെ രീതിയിൽ ആ സിനിമ ചെയ്തു. മോഹൻലാൽ ആ ചിത്രത്തിൽ അഭിനയിച്ചില്ല. പിന്നീട് പൃഥ്വിരാജാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്,’ കമൽ പറഞ്ഞു.
Content Highlight: Director Kamal reveals the reasons behind the shelving of the film ‘Chakram’