| Wednesday, 25th November 2026, 3:58 pm

ആ സിനിമയിൽ മീരയേക്കാൾ പ്രാധാന്യം കുറഞ്ഞ വേഷമാണോ തന്റേത് എന്ന ആശങ്ക അന്ന് നവ്യയ്ക്കുണ്ടായിരുന്നു: കമൽ

അജ്മല്‍ കെ

മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സംവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

കമൽ. Photo. Screen Grab/ Youtube

കമലിന്റെ സംവിധാനത്തിൽ ദിലീപ്, മുരളി, മീര ജാസ്മിൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാമഫോൺ. എന്നാൽ ഇപ്പോഴിതാ സിനിമയിൽ നവ്യ നായർക്ക് ആദ്യം ചില ആശങ്കകളുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ.

ചിത്രത്തിൽ മീര ജാസ്മിനേക്കാൾ പ്രാധാന്യം കുറഞ്ഞ കഥാപാത്രമാണോ തന്റേതെന്ന ചിന്ത നവ്യയ്ക്കുണ്ടായിരുന്നുവെന്നും ഇക്കാര്യം താരം തുറന്നുപറഞ്ഞിട്ടുണ്ടെന്നും കമൽ പറഞ്ഞു. എന്നാൽ ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെയാണ് തെഞ്ഞെടുക്കുന്നതെന്നും ഒരാൾക്കായി തീരുമാനിച്ച വേഷം മറ്റൊരാൾക്ക് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പോർട്രെയ്ൽസ് ബൈ ഗദ്ധാഫി എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ചിലർക്കു മാത്രമാണ് അങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. നവ്യയ്ക്ക് അത് ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. നവ്യ തന്നെ അന്ന് അത് പറയുകയും ചെയ്തിട്ടുണ്ട്. അത് പറഞ്ഞുകഴിഞ്ഞ് പിന്നെ ആ വിഷയം തീർന്നു. ഒരു കഥാപാത്രത്തിന് നീ അഭിനയിക്കുന്ന റോളാണെങ്കിൽ മാത്രമേ നിന്നെ അഭിനയിപ്പിക്കാൻ കഴിയൂ. മീരയ്ക്ക് വെച്ച റോൾ നവ്യയ്ക്കും നവ്യയ്ക്ക് വെച്ച റോൾ മീരയ്ക്കും കൊടുക്കാൻ പറ്റില്ലല്ലോ,’ കമൽ പറഞ്ഞു.

നവ്യയ്ക്ക് ആ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് തോന്നിയാൽ മറ്റൊരു അഭിനേതാവിനെ തെരഞ്ഞെടുക്കുക എന്നതുമാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴിയെന്നും കമൽ കൂട്ടിച്ചേർത്തു.

‘നവ്യയ്ക്ക് ആ റോൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ നവ്യയെ മാറ്റി വേറൊരാളെ അഭിനയിപ്പിക്കാം. അതല്ലാതെ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. അത് നിങ്ങൾക്ക് തീരുമാനിക്കാം എന്ന് മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ. അതിനുശേഷം നവ്യ ഒന്നും പറഞ്ഞില്ല,’ സംവിധായകൻ വ്യക്തമാക്കി.

ഗ്രാമഫോൺ.. Photo. Screen Grab/ Youtube com

ഷൂട്ടിങ് സമയത്ത് ചില രംഗങ്ങൾ ചെയ്യുമ്പോൾ അഭിനേതാക്കൾക്ക് ചില അസ്വസ്ഥതകളോ അഭിപ്രായങ്ങളോ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ അതിന്റെ പേരിൽ മീര ജാസ്മിന് നവ്യയോട് പ്രത്യേകിച്ച് പരിഭവമൊന്നും ഉണ്ടായിരുന്നില്ലെന്നും കമൽ പറഞ്ഞു.

Content Highlight: Director Kamal reveals that Navya Nair initially had some concerns regarding the film ‘Gramaphone’.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more