സെല്ലുലോയിഡ്, ആമി എന്നീ സിനിമകൾക്ക് ശേഷം മറ്റൊരു ബയോപിക് ചിത്രം ചെയ്യാനുള്ള ആഗ്രഹം പങ്കുവെച്ച് സംവിധായകൻ കമൽ. വർഷങ്ങൾക്ക് മുമ്പ് മരിച്ചെങ്കിലും ഇന്നും ആളുകളുടെ മനസിലുള്ള, വലിയ ജീവിതവും ഏറെ വിവാദങ്ങളുമുണ്ടായിരുന്ന ഒരു വ്യക്തിയുടെ കഥയാണ് സിനിമയാക്കാൻ ആലോചിക്കുന്നതെന്ന് കമൽ പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ കാസ്റ്റിങ്ങാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ഷോകേസ് ജേർണൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘സത്യത്തിൽ ഒരു ബയോപിക് സിനിമ ചെയ്യാനുള്ള പ്ലാനുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ തുറന്നുപറയാൻ സാധിക്കില്ല. എനിക്കും അതിന് പറ്റിയ ഒരു സാഹചര്യം വന്നിട്ടില്ല. കാസ്റ്റിങ്ങും വലിയൊരു പ്രശ്നമാണ്. വലിയൊരു ബയോപിക്കാണ് ഞാൻ ഉദ്ദേശിക്കുന്നത്. സിനിമയിലുള്ള ഒരു വ്യക്തിയെക്കുറിച്ചാണ്, പക്ഷേ അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ വ്യക്തിയാണ്. എന്നിട്ടും ഇന്നും ആളുകളുടെ മനസിലുള്ള ഒരാളാണ്. അത്രയും ആഴമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്’, കമൽ പറഞ്ഞു.
കമൽ. Photo. Screen Grab/ Youtube
സിനിമയിലെത്തുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതം പോലും ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നുവെന്നും കമൽ പറയുന്നു. വലിയ ബജറ്റിൽ ഒരുങ്ങേണ്ട സിനിമയായതിനാൽ ചില പരിമിതികളുണ്ടെന്നും ആ വ്യക്തിയുടെ രൂപം പ്രേക്ഷകരുടെ മനസിലുള്ളതുപോലെ പുനർനിർമിക്കാൻ കഴിയുന്ന നടനെ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്. പക്ഷേ വലിയ ബജറ്റ് വരും. എനിക്ക് അതിനുള്ള ചില പരിമിതികളുണ്ട്. പ്രധാനമായും ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ ആർട്ടിസ്റ്റ് ഇല്ല എന്നതാണ് പ്രശ്നം. ആളുകളുടെ മനസിൽ ആ വ്യക്തിയുടെ രൂപമുണ്ടാകും. അത് എങ്ങനെ പുനർനിർമിക്കും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ട്. ഇനി എ.ഐ ഉപയോഗിച്ച് ചെയ്യാൻ കഴിയുമോ എന്നൊക്കെ ആലോചിക്കണം’, കമൽ പറഞ്ഞു.
ജെ.സി. ദാനിയേലിന്റെ ജീവിതം സിനിമയാക്കിയ ‘സെല്ലുലോയിഡ്’ ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും കമൽ ഓർത്തെടുത്തു. ജെ.സി. ദാനിയേലിനെ ആളുകൾ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ പൃഥ്വിരാജിനെ ആ കഥാപാത്രമായി അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് സ്വീകരിക്കാൻ എളുപ്പമായിരുന്നു. സിനിമ വിജയിക്കുകയും ചെയ്തു.
സെല്ലുലോയിഡ്,ആമി. photo: IMDb
കമലാസുരയ്യയുടെ ജീവിതം സിനിമയാക്കിയ ‘ആമി’യിലേക്ക് എത്തിയപ്പോൾ മഞ്ജു വാര്യരെ ആമിയായി സങ്കൽപ്പിക്കാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ സിനിമ കണ്ടതിന് ശേഷം പലർക്കും ആ പ്രശ്നം മാറിയെന്നും ചിലർക്ക് ഇപ്പോഴും ആ കഥാപാത്രത്തെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കമൽ പറഞ്ഞു.
Content Highlight: Director Kamal has shared his desire to make another biopic, following his films ‘Celluloid’ and ‘Aami’.