| Monday, 26th October 2026, 10:51 am

‘സ്വപ്നക്കൂടി’ൽ പത്മയെ അങ്ങനെ കൊല്ലേണ്ടിയിരുന്നില്ല, അതൊരു അബദ്ധമായിരുന്നു; ഇന്നാണെങ്കിൽ പത്മയെ മരിക്കാൻ വിടില്ല: കമൽ

അജ്മല്‍ കെ

മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

,സ്വപ്നക്കൂട്. Photo. Screen Grab/ Youtube

2003-ൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് കമൽ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്നക്കൂട്. ചിത്രത്തിൽ ഭാവന അവതരിപ്പിച്ച പത്മയുടെ മരണം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. പത്മ മരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായങ്ങളും ഉയരാറുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിൽ പത്മയുടെ കഥാപാത്രം മരിക്കേണ്ടിവന്നതിന്റെ കാരണം വിശദീകരിക്കുകയാണ് സംവിധായകൻ കമൽ. കഥയുടെ മുന്നോട്ടുള്ള പോക്കിന് ആ മരണം ആവശ്യമായിരുന്നുവെന്നും എന്നാൽ അത് അവതരിപ്പിച്ച രീതി മറ്റൊന്നാകാമായിരുന്നുവെന്നും കമൽ അഹല്യ എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഭാവനയുടെ കഥാപാത്രം മരിക്കുക എന്നത് കഥയ്ക്ക് ആവശ്യമായിരുന്നു. കാരണം, സിനിമയിൽ മീരയുടെ കഥാപാത്രമായ കമല ഒറ്റപ്പെടണം. പത്മ കൂടെയുണ്ടായാൽ ഒരിക്കലും കമല അവസാനം കുഞ്ഞൂഞ്ഞിന്റെ കൂടെ പോകില്ല. ഒരുപക്ഷേ കുഞ്ഞൂഞ്ഞും തിരിച്ചുവന്ന് അന്വേഷിക്കില്ലായിരുന്നു. സ്ക്രിപ്റ്റ് വർക്ക് ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ഇതൊക്കെ,’ കമൽ പറഞ്ഞു.

പത്മയുടെ മരണം കമലയുടെ ജീവിതത്തിൽ നിർണായകമാകുന്ന രീതിയിലാണ് കഥ ഒരുക്കിയതെന്നും കമൽ വിശദീകരിച്ചു. പത്മ മരിച്ചതുകൊണ്ടാണ് കമല കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തിന്റെ കൂടെ പോകുന്നത്. ഗതികേടുകൊണ്ട് അവൾക്ക് അങ്ങനെ ചെയ്യേണ്ടിവരുന്നു. അത് ഒരു ദുരന്തത്തിലേക്ക് പോകുമെന്ന് തിരിച്ചറിയുന്നതോടെയാണ് കുഞ്ഞൂഞ്ഞ് കമലയെ അന്വേഷിച്ച് തിരിച്ചെത്തുന്നത്. അങ്ങനെയാണ് പത്മയുടെ കഥാപാത്രത്തെ ഇല്ലാതാക്കേണ്ടിവന്നതെന്നും കമൽ വ്യക്തമാക്കി.

കമൽ,സ്വപ്നക്കൂട്. Photo. IMDb. Screen Grab/ Youtube

എന്നാൽ പത്മയുടെ മരണം അവതരിപ്പിച്ച രീതിയിൽ പിഴവുണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

‘പക്ഷേ, ഞങ്ങൾക്ക് പറ്റിയ ഒരു അബദ്ധം ഞങ്ങൾ ഇന്നും തിരിച്ചറിയുന്നുണ്ട്. പത്മയുടെ മരണം നമുക്ക് വേറെ രീതിയിൽ കാണിക്കാമായിരുന്നു. കാരണം, അങ്ങനെ ഒരു ട്രാജിക് സോങ് വെച്ചിട്ട് അതിന്റെ അവസാനം കാൽതെറ്റി വീഴേണ്ട ആവശ്യമുണ്ടായിരുന്നില്ല. അത് ഞങ്ങളുടെ അന്നത്തെ ചിന്താഗതി അങ്ങനെയായതുകൊണ്ടാണ് അന്ന് അതങ്ങനെ അവതരിപ്പിച്ചത്,’ കമൽ പറഞ്ഞു.

ഇന്ന് ‘സ്വപ്നക്കൂട്’ ചെയ്യുകയാണെങ്കിൽ പത്മയുടെ മരണരംഗം മറ്റൊരു രീതിയിൽ അവതരിപ്പിക്കുമായിരുന്നുവെന്നും കമൽ പറയുന്നു. പത്മയും കൂട്ടുകാരും സന്തോഷത്തോടെ ആഘോഷിച്ച് പിരിയുകയും യാത്രയ്ക്കിടെ അപകടമുണ്ടായി പത്മ മരിക്കുകയും ചെയ്യുന്ന രീതിയിൽ രംഗം ഒരുക്കാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഞാൻ പിന്നീട് ആലോചിച്ചപ്പോൾ അങ്ങനെയൊരു സീക്വൻസ് അതിൽ ഉണ്ടായിരുന്നു. ഇവർ ‘കറുപ്പിനഴക്’ പോലെ ഒരു പാട്ട് ചെയ്ത് അവസാനം അടിച്ചുപൊളിച്ച് പിരിയുകയല്ലേ. നമ്മൾ ഇന്ന് ചെയ്യുകയാണെങ്കിൽ അങ്ങനെ ചെയ്യുകയുള്ളൂ. അടിച്ചുപൊളിച്ച്, ഒരു നൈറ്റ് ട്രാവലും കാര്യങ്ങളുമൊക്കെ കഴിഞ്ഞിട്ട് ഏതെങ്കിലും പബ്ബിൽ കയറി ആഘോഷിച്ച് തിരിച്ചുള്ള യാത്രയിൽ ഒരു ആക്സിഡന്റ് ഉണ്ടാകുന്നു എന്ന് വിചാരിക്കുക. അങ്ങനെയാണ് പത്മ മരിക്കുന്നതെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ഇതൊക്കെ ആർക്കും സംഭവിക്കാമല്ലോ. ഇത് എന്തോ ഉണ്ടാക്കി എടുത്തതുപോലെ ആയിപ്പോയി. അന്ന് ഇങ്ങനെയുള്ള ചിന്ത നമുക്ക് വന്നില്ല,’ കമൽ പറഞ്ഞു.

ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ രീതിയിൽ ചിന്തിക്കാമായിരുന്നുവെന്ന് തോന്നിയതെന്നും എന്നാൽ ചെയ്തുകഴിഞ്ഞ സിനിമയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വപ്നക്കൂട്. Photo. IMDb.

‘റിലീസ് ചെയ്ത് കുറെ കാലം കഴിഞ്ഞ ശേഷമാണ് എന്തുകൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചില്ലെന്ന് എനിക്ക് തോന്നിയത്. പക്ഷേ, ചെയ്തു കഴിഞ്ഞത് നമുക്ക് തിരിച്ചെടുക്കാൻ കഴിയില്ലല്ലോ,’ കമൽ പറഞ്ഞു.

Content Highlight: Director Kamal explains the reason why Padma’s character had to die in ‘Swapnakoodu’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more