| Sunday, 29th November 2026, 3:12 pm

ഷോട്ടിന് വിളിച്ചാൽ വരും, അഭിനയിച്ചുകഴിഞ്ഞാൽ മാറിയിരിക്കും, തമാശ പറഞ്ഞാൽ പോലും ചിരിക്കില്ലായിരുന്നു: മധുബാലയെക്കുറിച്ച് കമൽ

അജ്മല്‍ കെ

മുകേഷും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘എന്നോടിഷ്ടം കൂടാമോ’. മധുബാല മലയാളത്തിൽ അഭിനയിച്ച ആദ്യ ചിത്രമല്ല ഇതെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ അവർക്ക് വലിയ പരിചയമുണ്ടായിരുന്നില്ല. ‘റോജ’ റിലീസ് ചെയ്യുന്നതിനു മുൻപായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. മമ്മൂട്ടിയുടെ നായികയായി തമിഴ് ചിത്രമായ ‘അഴകൻ’ അഭിനയിച്ച മധുബാലയെ എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നതെന്നും ഷൂട്ടിങ് സമയത്ത് അവർ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് സംവിധായകൻ കമൽ.

‘കൊടുങ്ങല്ലൂരിലെ സുഹൃത്തുക്കളായ സെയ്താനും മുരളിയുമാണ് ആദ്യം ചിത്രത്തിന്റെ കഥയുമായി തന്നെ സമീപിക്കുന്നത്. പിന്നീട് രഘുനാഥ് പലേരി തിരക്കഥ എഴുതാനെത്തി. അന്ന് എന്റെ സഹസംവിധായകരായിരുന്ന ദിലീപ്, ലാൽ ജോസ്, അക്കു അക്ബർ എന്നിവരും സിനിമയുടെ ചർച്ചകൾ തുടങ്ങിയ ഘട്ടം മുതൽ ഒപ്പമുണ്ടായിരുന്നു,’ കമൽ പറഞ്ഞു.

കമൽ. Photo. Screen Grab/ Youtube

ക്യാംപസ് പശ്ചാത്തലത്തിലുള്ള ചിത്രത്തിലെ പല തമാശകളും ഇവർ കൂട്ടിച്ചേർത്തതാണെന്നും കമൽ ഓർക്കുന്നു. നായികാപ്രാധാന്യമുള്ള വേഷമായിരുന്നതിനാൽ പുതിയൊരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അണിയറപ്രവർത്തകർ.

അങ്ങനെയാണ് മധുബാലയെ ശ്രദ്ധിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി ‘അഴകൻ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് അന്ന് മധുബാല അത്ര പരിചിതയായിരുന്നില്ല. സോഷ്യൽ മീഡിയയൊന്നും ഇല്ലാത്ത കാലമായതിനാൽ അവരുടെ മുഖം പ്രേക്ഷകരിലേക്ക് എത്തിയിരുന്നില്ലെന്നും കമൽ പറയുന്നു.

മുംബൈയിലായിരുന്ന മധുബാലയോട് ഫോണിലൂടെയാണ് കഥ പറഞ്ഞത്. അഭിനയിക്കാൻ അവർ സമ്മതിച്ചതോടെ ചിത്രീകരണവും ആരംഭിച്ചു. എന്നാൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ മധുബാലയുടെ പെരുമാറ്റത്തിൽ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്നാണ് കമൽ പറയുന്നത്.

‘മമ്മൂട്ടിയുടെ നായികയായതുകൊണ്ടുതന്നെ ആ ഒരു താരശോഭയും സെറ്റിലുള്ളവർ മധുബാലയ്ക്ക് നൽകുന്നുണ്ടായിരുന്നു. അതുമാത്രമല്ല, അന്യഭാഷയിൽ നിന്ന് വരുന്ന നടിമാർ സ്വാഭാവികമായും സെറ്റിൽ ഒരൽപം മാറിനിൽക്കാറുണ്ട്. ഇതു രണ്ടും കൂടിയായതോടെ മധുബാല സംസാരിക്കാതെയായി. ഷോട്ടിന് വിളിക്കുമ്പോൾ വരും, അഭിനയിക്കും. പിന്നെ ദൂരെ മാറിപ്പോയിരിക്കും,’ കമൽ പറഞ്ഞു.

മധുബാലയെ സംസാരിപ്പിക്കാനും ചിരിപ്പിക്കാനും ദിലീപ് പല തമാശകളും പറഞ്ഞുനോക്കി. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഇതിന് പിന്നിൽ മറ്റൊരു കാരണമുണ്ടായിരുന്നുവെന്നും കമൽ വ്യക്തമാക്കുന്നു.

‘മലയാളം അറിയില്ല. തമിഴും അത്ര മനസിലാകില്ല. മുംബൈയിൽ നിന്ന് വന്ന ഒരാൾക്ക് ഈ അന്തരീക്ഷവുമായി ഇണങ്ങാൻ സമയമെടുക്കുമല്ലോ. ക്യാംപസ് പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയിൽ ക്യാംപസിനെ ഇളക്കിമറിക്കുന്ന കഥാപാത്രമായിരുന്നു മധുബാലയുടേത്.

എന്നോടിഷ്ടം കൂടാമോ. Photo. IMDb

അതുകൊണ്ടുതന്നെ സെറ്റിൽ എല്ലാവരിൽ നിന്നും മാറിനിൽക്കുന്ന അവരുടെ രീതി കഥാപാത്രത്തെ ബാധിക്കുമോ എന്ന ആശങ്കയും തനിക്കുണ്ടായിരുന്നു. ഭാഷ അറിയാത്തതും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സമയമെടുക്കുന്നതുമായിരുന്നു മധുബാലയുടെ അകന്നുനിൽക്കലിന് പിന്നിലെ കാരണം,’ കമൽ കൂട്ടിച്ചേർത്തു.

Content Highlight:  Director Kamal explains how Madhubala came to be cast in the film ‘Ennodishtam Koodamo’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more