| Tuesday, 20th October 2026, 1:46 pm

ആ സിനിമക്ക് പുതുമുഖത്തെ തേടി ഒരുപാട് ഓഡിഷനുകൾ നടത്തി, കാക്കോത്തിയുടെ വേഷത്തിൽ രേവതി കാറിൽ വന്നിറങ്ങിയപ്പോൾ കൊള്ളാലോ എന്ന് തോന്നിപ്പോയി; കമൽ

അജ്മല്‍ കെ

മലയാളത്തിലെ ശ്രദ്ധേയമായ നായികാപ്രാധാന്യമുള്ള ചിത്രങ്ങളിലൊന്നാണ് കമൽ സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’. രേവതിയും അംബികയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ കാക്കോത്തിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുയോജ്യമായ ഒരാളെ കണ്ടെത്തുക എന്നത് സംവിധായകൻ കമലിനും തിരക്കഥാകൃത്ത് ഫാസിലിനും വലിയ വെല്ലുവിളിയായിരുന്നു.

പുതുമുഖത്തെ തന്നെ ആ വേഷത്തിൽ അവതരിപ്പിക്കണമെന്നായിരുന്നു ഫാസിലിന്റെ ആഗ്രഹം. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ഓഡിഷനുകൾ നടത്തിയിട്ടും അനുയോജ്യമായ ഒരാളെ കണ്ടെത്താനായില്ല. ഒടുവിൽ രേവതിയിലേക്ക് എത്തിയതെങ്ങനെയാണെന്ന് പറയുകയാണ് സംവിധായകൻ കമൽ. ഗദ്ധാഫി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ കമൽ.

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ. Photo. Screen Grab/ Youtube

‘കാക്കോത്തിയുടെ കഥാപാത്രത്തെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടി. കഥ പറഞ്ഞുകഴിഞ്ഞപ്പോൾ ആദ്യം തീരുമാനിച്ചത് ഇതിൽ നായകന്മാരില്ല, രണ്ട് നായികമാരാണ് പ്രധാനപ്പെട്ടത് എന്നായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാക്കോത്തിയുടെ വേഷം ചെയ്യുന്ന ആളാണ്. ഫാസിൽ അന്ന് പറഞ്ഞത് ഒരു പുതുമുഖത്തെ അഭിനയിപ്പിച്ചാൽ നന്നാകുമെന്നാണ്.

അപ്പോൾ ഞാൻ പറഞ്ഞു, സിനിമയിലെ എല്ലാവരും പുതുമുഖങ്ങളാണെങ്കിൽ അതിന് വേറൊരു രസമുണ്ടാകുമെന്ന്. അത്ര പരിചിതരല്ലാത്ത ആളുകളെ അഭിനയിപ്പിക്കണമെന്നായിരുന്നു ചിന്ത. അങ്ങനെ പുതുമുഖങ്ങളെ തേടി. കേരളത്തിൽ മാത്രമല്ല, ചെന്നൈയിലടക്കം ഒരുപാട് ഓഡിഷനുകൾ നടത്തി. പക്ഷേ, നമുക്ക് പറ്റിയ ഒരാളെ കണ്ടെത്താനായില്ല. ഫാസിലും സിദ്ദിഖ്-ലാലുമൊക്കെ പലരെയും നോക്കിയിരുന്നു,’ കമൽ പറഞ്ഞു.

അന്നത്തെ സാഹചര്യത്തിൽ സിനിമയിലേക്ക് അഭിനയിക്കാൻ ആളുകളെ കണ്ടെത്തുന്നത് ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ലെന്നും കമൽ പറയുന്നു. പുതുമുഖങ്ങളെ തേടിയുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് രേവതിയുമായി സംസാരിക്കാൻ തീരുമാനിച്ചത്. പുതുമുഖം വേണമെന്ന നിലപാടിലായിരുന്നു ഫാസിൽ എങ്കിലും, രേവതിയോട് കഥ പറയാമെന്ന് താൻ നിർദേശിക്കുകയായിരുന്നെന്നും കമൽ പറയുന്നു.

‘അങ്ങനെയാണ് രേവതിയിലേക്ക് എത്തുന്നത്. ഫാസിലിന് പുതുമുഖം വേണമെന്ന ആഗ്രഹം തന്നെയുണ്ടായിരുന്നു. ഞാൻ പറഞ്ഞു, രേവതിയോട് ഒന്ന് സംസാരിച്ചുനോക്കാമെന്ന്. കഥ കേട്ടപ്പോൾ രേവതിക്ക് വലിയ ആവേശമായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും വേഷത്തെക്കുറിച്ചുമൊക്കെ ചോദിച്ചു. കോസ്റ്റ്യൂം എങ്ങനെയായിരിക്കുമെന്നും അന്വേഷിച്ചു. കോസ്റ്റ്യൂമറെ ഉപയോഗിച്ച് ഒരു ഡ്രസ് തയ്പ്പിച്ചുതരാമോ എന്നും ചോദിച്ചു. ഫോട്ടോഷൂട്ട് നടത്തേണ്ടതുണ്ടായിരുന്നു. കല്ലുമാലയൊക്കെ ധരിക്കുന്ന കഥാപാത്രമായതിനാൽ അതിനെക്കുറിച്ചും ഫാസിൽ പ്രത്യേകം പറഞ്ഞിരുന്നു,’ കമൽ വ്യക്തമാക്കി.

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ. Photo. Screen Grab/ Youtube

രേവതിക്ക് കഥാപാത്രത്തിനുള്ള വസ്ത്രം തയ്പ്പിച്ചുനൽകിയ ശേഷം മുടിയും രൂപവുമെല്ലാം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊടുത്തു. കഥാപാത്രത്തിന്റെ പ്രത്യേകതകൾ മനസിലാക്കിയ രേവതി, അടുത്ത ദിവസം സെറ്റിലെത്തിയത് കാക്കോത്തിയുടെ പൂർണമായ രൂപത്തിലായിരുന്നു. ആ വരവ് തന്നെയാണ് കഥാപാത്രത്തിന് രേവതി അനുയോജ്യയാണെന്ന ഉറപ്പിലേക്ക് തന്നെയും ഫാസിലിനെയും എത്തിച്ചതെന്നും കമൽ അഭിപ്രായപ്പെട്ടു.

‘രേവതി എന്നെ ഫോണിൽ വിളിച്ച് കഥാപാത്രത്തിന്റെ മുടിയും കാര്യങ്ങളുമൊക്കെ എങ്ങനെയായിരിക്കുമെന്ന് ചോദിച്ചു. എപ്പോഴും മുറുക്കി തുപ്പുന്ന സ്വഭാവമുള്ള കഥാപാത്രമാണെന്നും മുടി എങ്ങനെയായിരിക്കണമെന്നും പറഞ്ഞുകൊടുത്തു. രേവതി വരാമെന്ന് പറഞ്ഞു. ഞങ്ങൾ വസ്ത്രം മാത്രമാണ് അയച്ചുകൊടുത്തത്. മേക്കപ്പ് മാനെയൊക്കെ ഇവിടെ നമ്മൾ ഒരുക്കിയിരുന്നു.

പക്ഷേ, പിറ്റേന്ന് രേവതി കാറിൽ വന്നിറങ്ങിയത് കാക്കോത്തിയുടെ വേഷത്തിലാണ്. കല്ലുമാലയൊക്കെ ഇട്ട്, മുറുക്കി തുപ്പുന്ന രീതിയോടെ, ഞാൻ പറഞ്ഞതുപോലെ മുടിയും കെട്ടിവെച്ചാണ് വന്നത്. അത് കണ്ടപ്പോൾ ഫാസിൽ പറഞ്ഞു, ‘കൊള്ളാല്ലോ, ഇത് കറക്ടാണല്ലോ’ എന്ന്. അങ്ങനെയാണ് രേവതിയെ ഈ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്,’ കമൽ പറഞ്ഞു.

കമൽ.photo.screen grab/youtube

രേവതിയെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഓഡിഷൻ പോലെ അഭിനയിപ്പിച്ചുനോക്കിയിരുന്നുവെന്നും കമൽ വ്യക്തമാക്കി. കാക്കോത്തിയായി രേവതിയെ ഉറപ്പിച്ചശേഷമാണ് അംബികയെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തിലേക്ക് തീരുമാനിച്ചത്. അങ്ങനെ പുതുമുഖത്തെ കണ്ടെത്താനുള്ള നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ക്ക് അതിന്റെ കാക്കോത്തിയെ ലഭിച്ചതെന്നും കമൽ പറഞ്ഞു.

Content Highlight: Director Kamal explains how ‘Kaakkothikkavile Appooppanthadikal’ came to Revathi

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more