| Wednesday, 10th January 2024, 10:09 am

ഇനിയെന്തെന്ന ചോദ്യമെന്നെ അലട്ടിയ സമയം ഒരു സ്‌ക്രിപ്‌റ്റെഴുതി, ആ പ്രമുഖ നടന്റെ ഡേറ്റിന് കാത്തിരുന്നു; എന്നാല്‍...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് വന്നതോടെ സിനിമയുടെ സാങ്കേതിക തലങ്ങള്‍ മാറിയെന്നും താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ പകച്ചു പോയെന്നും സംവിധായകന്‍ കമല്‍.

ഇനിയെന്തെന്ന ചോദ്യം കുറേനാള്‍ തന്നെ അലട്ടിയിരുന്നെന്നും പലതരം സിനിമകളെ പറ്റി ചിന്തിച്ചിട്ടും അതൊന്നും ശരിയായില്ലെന്നും ഇതിനിടയില്‍ ഒരു സ്‌ക്രിപ്‌റ്റെഴുതിയെങ്കിലും ആ സിനിമയിലേക്ക് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഡേറ്റിന് വേണ്ടി കുറേനാള്‍ കാത്തിരുന്നെന്നും അദ്ദേഹം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘കൊവിഡ് വന്നതോടെ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടി. പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നു. സിനിമയുടെ സാങ്കേതിക തലങ്ങള്‍ തന്നെ മാറി, സിനിമ പുതിയ ഒരു തലത്തിലെത്തി. 2022 ഡിസംബറിലാണ് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറുന്നത്. അതിന് ശേഷം എന്തുചെയ്യണമെന്നറിയാതെ ആകെ ബ്ലാങ്കായി പോയി.

മലയാള സിനിമകളും മറ്റു ഭാഷയിലെ സിനിമകളും ഞാന്‍ ആ സമയത്ത് കാണാറുണ്ടായിരുന്നു. എന്നാല്‍ സിനിമ അതിന്റെ പുതിയ സ്വഭാവത്തിലേക്ക് മാറിയിരുന്നു. നമ്മള്‍ അതിശയിക്കുന്ന തരത്തിലായിരുന്നു മലയാള സിനിമ മാറിതുടങ്ങിയത്. ആ ഘട്ടത്തില്‍ ഇനിയെന്ത് എന്ന ചോദ്യം കുറേനാള്‍ എന്നെ അലട്ടികൊണ്ടിരുന്നു. പലതരം സിനിമകളെ പറ്റി ചിന്തിച്ചു.

എന്നാല്‍ ഒന്നും ശരിയായില്ല. ഇതിനിടയില്‍ ഒരു സ്‌ക്രിപ്‌റ്റെഴുതി. ആ സിനിമയില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ നായകനാകേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. ആ സിനിമക്കായി അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കുറേനാള്‍ കാത്തിരുന്നു.

അതിന്റെ നിര്‍മാതാക്കള്‍ ആകേണ്ടവര്‍ ഇവിടെ ഈ ഓഡിയോ ലോഞ്ചില്‍ ഇരിക്കുന്നുണ്ട്. ആ സിനിമയായിരുന്നു ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. അതിനിടയിലാണ് ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ കഥ കടന്നു വരുന്നത്,’ കമല്‍ പറഞ്ഞു.

കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. കമല്‍ തന്നെ രചനയും സംവിധാനവും ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോക്ക് പുറമെ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കമലിന്റെ നാല്‍പത്തിയെട്ടാമത്തെ സിനിമയാണ് ഇത്.

Content Highlight: Director Kamal About His New Movie

We use cookies to give you the best possible experience. Learn more