മലയാളത്തില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ വെയിറ്റിങ് ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന നിലയിലും ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നതിനാലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് തുടക്കത്തെ കുറിച്ചുള്ളത്.
ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ ഗാനവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ‘2018’ എന്ന സര്‍വൈവര്‍ ത്രില്ലര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. തുടക്കത്തിലേക്കെത്തിയതിനെ കുറിച്ചും മോഹന്‍ലാലിന്റെ വലിയ ആരാധകനായ തനിക്ക് താരത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കം. Photo: Book My Show
‘നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വഴി സുചി ചേച്ചി (സുചിത്ര മോഹന്‍ലാല്‍) ആണ് തന്നെ ആദ്യം വിളിക്കുന്നത്. വിസ്മയക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറ്റിയ കഥകളുണ്ടോ എന്നും ചോദിച്ചായിരുന്നു വിളിച്ചത്. പിന്നീട് 2018 എന്ന ചിത്രത്തിന്റെ തിരക്കുകളിലാകുകയായിരുന്നു. ഇടയ്ക്ക് സുചി ചേച്ചിയോട് രണ്ട് കഥകള്‍ പറഞ്ഞെങ്കിലും അത് ചേച്ചിയ്ക്ക് ഇഷ്ടമായില്ല. പിന്നീടൊരിക്കല്‍ ചെന്നൈയില്‍ ചെന്ന് ചേച്ചിയോട് ഒരു കഥ പറഞ്ഞു. അത് ഇഷ്ടപ്പെട്ടു.
എങ്കിലും നല്ലതൊന്ന് കൂടെ ആലോചിക്കാന്‍ പറഞ്ഞു. അങ്ങനെ കൊവിഡ് കാലത്ത് ആലോചിച്ച കഥയാണ് പിന്നീട് പറഞ്ഞത്. അത് സുചി ചേച്ചിയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ തിരക്കഥ പൂര്‍ത്തിയാക്കി. ആന്റണി ചേട്ടനോടും കഥ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. പിന്നീട് ഒരു ദിവസം അദ്ദേഹം വിളിച്ചിട്ട് ലാല്‍ സാര്‍ ജൂഡിന്റെ നമ്പര്‍ ചോദിച്ചിട്ടുണ്ടെന്നും ഉടന്‍ വിളിക്കുമെന്നും പറഞ്ഞു,’ ജൂഡ് പറയുന്നു.
Photo: The Hindu
വൈകാതെ ലാലേട്ടന്‍ വിളിച്ചെന്നും തന്റെ ഫാന്‍ ബോയ് മൊമന്റ് ആയിരുന്നു അതെന്നും സംവിധായകന്‍ പറയുന്നു. അധികം വൈകാതെ അദ്ദേഹത്തെ നേരില്‍ കണ്ട് കഥ മുഴുവന്‍ പറഞ്ഞെന്നും എനിക്ക് എന്തെങ്കിലും ചെറിയ പരിപാടി ഉണ്ടാകുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചതായും ജൂഡ് പറഞ്ഞു. പിറ്റേ ദിവസത്തേക്ക് താനൊരു സംഭവം സെറ്റാക്കുകയും അതിന് ലാലേട്ടന്‍ ഓക്കേ പറയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Jude Anthony Joseph talks about his entry to Thudakkam movie