| Saturday, 8th August 2026, 1:28 pm

പാസിങ് ഷോട്ടിലെങ്കിലും ലാല്‍സാര്‍ വേണമെന്ന് ആന്റണി ചേട്ടന്‍ പറഞ്ഞിരുന്നു; ലാല്‍സാര്‍ ഓക്കെ പറഞ്ഞശേഷം കഥാപാത്രത്തെ ഒന്നുകൂടി പൊലിപ്പിച്ചു: ജൂഡ്

ആര്യ.പി

തുടക്കം സിനിമയില്‍ മോഹന്‍ലാലിന്റെ കാമിയോ റോളിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തുടക്കത്തില്‍ മോഹന്‍ലാല്‍ സാറിന് അത്രയും സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നില്ലെന്നും ആ റോള്‍ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞതിന് ശേഷം താന്‍ ഒന്നുകൂടി പൊലിപ്പിച്ച് എഴുതിയതാണെന്നും ജൂഡ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.

സ്‌ക്രീപ്റ്റ് വായിച്ച ശേഷം ഈ റോള്‍ ആരാണ് ചെയ്യുന്നതെന്ന് ലാല്‍ സാര്‍ തന്നോട് ചോദിച്ചെന്നും സാര്‍ ചെയ്താല്‍ നന്നാകുമെന്ന് ഞാന്‍ പറഞ്ഞതോടെ അദ്ദേഹം ഓക്കേ പറയുകയായിരുന്നെന്നും ജൂഡ് പറയുന്നു.

‘ സിനിമയുടെ ഫുള്‍ സ്‌ക്രിപ്റ്റ് ആയതിന് ശേഷമാണ് ഞാന്‍ ആന്റണി ചേട്ടന്റെ അടുത്ത് പോകുന്നത്. ശരിക്കും മായയെ കാണുന്നതിന് മുന്‍പ് തന്നെ സ്‌ക്രിപ്റ്റ് ആയിരുന്നു. ആന്റണി ചേട്ടന്‍ ചെറിയ ചില സജഷന്‍സ് പറഞ്ഞിരുന്നു. ആ സിനിമ അദ്ദേഹം തിയേറ്ററില്‍ കാണുമ്പോള്‍ അദ്ദേഹത്തിന് എന്തൊക്കെ പ്രശ്‌നങ്ങള്‍ തോന്നും, അതൊക്കെ നമ്മളോട് ആദ്യമേ പറയും.

ജൂഡ് ആന്തണി ജോസഫ് photo: Club Fm

എനിക്ക് ഇങ്ങനെ ചിലത് തോന്നി. ഞാന്‍ പറഞ്ഞെന്നേയുള്ളൂ നിങ്ങള്‍ ആലോചിക്കൂ എന്ന് പറയും. അങ്ങനെ ഞാന്‍ നോക്കുമ്പോള്‍ ശരിയാണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അങ്ങനെ ഞാന്‍ അത് മാറ്റിയിട്ട് വീണ്ടും എഴുതി. അതിന് ശേഷം ലാല്‍ സാറിന്റെ അടുത്തും ഞാന്‍ കഥ പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

അതില്‍ ഒരു കഥാപാത്രമുണ്ടായിരുന്നു. ഇതാരാണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ വെറുതെ പറഞ്ഞു, എനിക്ക് ലാല്‍ സാര്‍ ചെയ്താല്‍ ഓക്കെയായിരിക്കും എന്ന്. ആശിര്‍വാദിന്റെ സിനിമകളിലെല്ലാം എങ്ങനെയെങ്കിലും അദ്ദേഹം ഉണ്ടാകും. സാര്‍ ചെയ്താല്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരിക്കുമെന്ന് പറഞ്ഞു. ഞാന്‍ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു.

ടീം തുടക്കം photo: Aashirvad Cinemas

എത്ര ദിവസം വേണമെന്ന് ചോദിച്ചപ്പോള്‍ 3 ദിവസം എന്ന് പറഞ്ഞു. അതിന് ശേഷം ആന്റണി ചേട്ടനോട് ചേട്ടാ, ഞാന്‍ അതൊന്ന് പൊലിപ്പിച്ചോട്ടെ, സിനിമയെ ബാധിക്കാത്ത രീതിയില്‍ എന്ന് ചോദിച്ചു.

തിരക്കഥയെ ബാധിക്കാത്ത രീതിയില്‍ സിനിമ കാണുന്നവര്‍ക്ക് അതൊരു മാറിനില്‍ക്കുന്ന രീതിയില്‍ തോന്നാത്ത തരത്തില്‍ ഒന്ന് റീ വര്‍ക്ക് ചെയ്‌തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്‌തോ മോനെ എന്ന് പറഞ്ഞു. അങ്ങനെ പൊലിപ്പിച്ചതാണ്. ഇത് ഞാന്‍ വീണ്ടും പോയി പറഞ്ഞു. അപ്പോള്‍ കുറച്ചുകൂടി ലാലേട്ടന് ഇഷ്ടമായി. അദ്ദേഹത്തോട് ആറ് ദിവസം വേണമെന്ന് പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. പത്ത് മിനുട്ടോളം ഈ സിനിമയില്‍ ലാലേട്ടന്‍ ഉണ്ട്.

മോഹന്‍ലാല്‍ തുടക്കം സിനിമയില്‍ photo: Aashirvad Cinemas/Trailer Screen Grab

ഈ കഥ പറഞ്ഞ സമയത്ത് തന്നെ ആന്റണി ചേട്ടന്‍ എന്നോട് പറഞ്ഞത് ആശിര്‍വാദിന്റെ എല്ലാ സിനിമകളിലും ലാല്‍ സാറിന്റെ ഒരു മുഖമെങ്കിലും ഉണ്ടാകുമെന്നും അതുകൊണ്ട് അദ്ദേഹത്തിന് ഒരു പാസിങ് ഷോട്ടിലെങ്കിലും വേണമെന്നുമായിരുന്നു. അങ്ങനെയാണ് ലാല്‍ സാര്‍ ആ സീനില്‍ അഭിനയിക്കുമോ എന്ന് ഞാന്‍ ചോദിച്ചത്.

ഈ സിനിമയുടെ ഫൈനല്‍ ഔട്ട് കണ്ട ശേഷം മോനെ ഒരു സീന്‍ കൂടി എനിക്ക് തരാമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അത്രയ്ക്കും അദ്ദേഹത്തിന് അത് ഇഷ്ടമായി,’ ജൂഡ് പറഞ്ഞു.

Content Highlight: Director Jude Anthany Joseph about Mohanlal Guest Role on Thudakkam

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more