| Tuesday, 11th August 2026, 2:13 pm

വില്ലന്‍ ഊമയാണോ എന്ന് പ്രേക്ഷകര്‍ ചോദിക്കരുത്, വില്ലന്‍ വാ തുറന്നാല്‍ അവനോടുള്ള പേടി പോകുമെന്നും തോന്നി: ജൂഡ് ആന്തണി

ആര്യ.പി

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ വിസ്മയ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് തുടരും. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിസ്മയ മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

വില്ലനായി എത്തിയ ആശിഷിന്റെ പ്രകടനമാണ് പലരേയും ഞെട്ടിച്ചത്. എമ്പുരാനില്‍ ഒരൊറ്റ സീനില്‍ ആശിഷ് വന്നുപോകുന്നുണ്ടെങ്കിലും നടനെന്ന രീതിയില്‍ ആശിഷിന് പെര്‍ഫോം ചെയ്യാന്‍ പറ്റിയ ചിത്രം തന്നെയായിരുന്നു തുടക്കം. കാര്യമായ ഡയലോഗുകളൊന്നുമില്ലാതെ സിനിമയിലുടനീളം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആശിഷിനായി.

എന്തുകൊണ്ടാണ് ആശിന്റെ കഥാപാത്രത്തിന് കൂടുതല്‍ ഡയലോഗുകള്‍ കൊടുക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

വില്ലന്‍ വല്ലാതെ വാ തുറന്നാല്‍ അവനോടുള്ള പേടി പതുക്കെ പോകുമെന്നും ഒരു വില്ലന്‍ ഒന്നും മിണ്ടാതിരിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്താണെന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ പ്രേക്ഷകന് ഉണ്ടാവുമെന്നും ജൂഡ് പറയുന്നു. മനോമരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വില്ലന്‍ വല്ലാതെ വാ തുറന്നാല്‍ അവനോടുള്ള പേടി പതുക്കെ പോകും. ഒരു വില്ലന്‍ ഒന്നും മിണ്ടാതിരിക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ എന്താണെന്ന് നമുക്ക് മനസിലാവില്ല. അയാള്‍ എന്താണ് ചിന്തിക്കുന്നത്, അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് ഇതൊന്നും ആര്‍ക്കും അറിയില്ല.

ആ അണ്‍ പ്രഡിക്ടബിലിറ്റിയും ഇയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന പേടിയും നമുക്ക് കൂടിക്കൂടി വരും. അതുകൊണ്ട് അങ്ങനെയൊരു പേടി ബില്‍ഡ് ചെയ്തതാണ്. എന്നാല്‍ ഇദ്ദേഹം ഊമയല്ല എന്നൊരു മൊമെന്റും വേണം പടത്തില്‍.

കാരണം ഒരു ഡയലോഗും ഇല്ലെങ്കില്‍ വില്ലന്‍ ഊമയായിരിക്കും എന്ന് പറയും. സിനിമയില്‍ ചായ കൊടുക്കുന്ന സ്ഥലത്ത് പോലും ആശിഷിന്റെ കഥാപാത്രം കൈ കൊണ്ട് ആക്ഷന്‍ കാണിക്കുന്നേയുള്ളൂ. ഏഴാമത്തെയോ എട്ടാമത്തെയോ പ്രാവശ്യം ആയപ്പോള്‍ എനിക്ക് തന്നെ തോന്നി ഈ ചായക്കടക്കാരന് ചോദിച്ചൂടെ എടാ, കട്ടന്‍ ചായയാണോ പാല്‍ചായയാണോ എന്ന് എന്നുതോന്നിയിരുന്നു.

പക്ഷേ ചായക്കടക്കാരന്‍ പോലും കട്ടന്‍ചായയായിരിക്കുമെന്ന് ആലോചിച്ചു. പിന്നെ അത് പാലില്ലാത്ത ഒരു കടയായിരിക്കും. പ്ലാന്‍ ഇത്രയേ ഉള്ളൂ. ഇവന്‍ വാ തുറക്കരുത്. അധികം സംസാരിച്ചാല്‍ ചിലപ്പോള്‍ പേടിപോകും. അത്ര മാത്രമായിരുന്നു മനസില്‍,’ ജൂഡ് പറഞ്ഞു.

Content Highlight: Director Jude Anthany Joseph about Aashish anthony Character in Thudakkam

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more