| Wednesday, 19th August 2026, 6:11 pm

സാധാരണ ഇങ്ങനെയൊന്നുമല്ല, എന്താണ് കുട്ടിക്ക് പറ്റിയതെന്നറിയില്ല; കൂടുതല്‍ റീ ടേക്ക് പോയപ്പോള്‍ ലാല്‍സാറിനോട് പറഞ്ഞു: ജൂഡ്

ആര്യ.പി

ആദ്യസിനിമയാണെങ്കിലും ഒരുപാട് റീ ടേക്കുകളൊന്നും വിസ്മയയ്ക്ക് വേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മായയുടെ കാര്യത്തില്‍ കൂടുതല്‍ റീ ടേക്ക് പോയത് മോഹന്‍ലാല്‍ സാറിനൊപ്പമുള്ള രംഗങ്ങളിലാണെന്നും അല്ലാതെ റീ ടേക്ക് വരാന്‍ വേറെ ഒരു കാരണം കൂടിയുണ്ടെന്നും ജൂഡ് പറയുന്നു.

മോഹന്‍ലാല്‍ സാറിനൊപ്പം കൂടുതല്‍ സീനുകളില്‍ റീ ടേക്ക് വന്നപ്പോള്‍ സാധാരണ മായ ഇങ്ങനെയല്ലെന്നും എന്താണ് പറ്റിയതെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും ജൂഡ് പറയുന്നു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.

‘ മായയുടെ ഷോട്ടുകള്‍ കൂടുന്ന സമയം എപ്പോഴാണെന്നാല്‍ ചിലയാളുകള്‍ നമ്മള്‍ കട്ട് പറഞ്ഞാലും പെര്‍ഫോം ചെയ്യും. ചിലര്‍ കട്ട് പറയുന്നതിന് മുന്‍പ് നിര്‍ത്തും. ചിലര്‍ നമ്മള്‍ കട്ട് പറഞ്ഞ ശേഷമേ നിര്‍ത്തുള്ളൂ.

മായ ഇത് യൂസ്ഡ് അല്ലാത്തതുകൊണ്ട് ഞാന്‍ കട്ട് പറയുന്നതിന് മുന്‍പേ മായ ചിലപ്പോള്‍ സ്‌റ്റോപ്പ് ചെയ്യും. അപ്പോള്‍ എനിക്ക് എഡിറ്റ് പോയിന്റ് കിട്ടില്ല.

സ്‌റ്റോപ്പ് ചെയ്യേണ്ടതില്ലെന്നും ഒന്നുകൂടി നീട്ടിയാല്‍ നന്നാകുമെന്നും പറയും. അല്ലാതെ പെര്‍ഫോമന്‍സില്‍ ഭയങ്കരമായ റീ ടേക്ക് പോയിട്ടില്ല.

ലാല്‍സാറിന്റെ കൂടെയാണ് മായയ്ക്ക് കൂടുതല്‍ റീ ടേക്ക് വേണ്ടി വന്നത്. സാധാരണ ഇങ്ങനെയൊന്നുമല്ല, ഇതെന്താണ് പറ്റിയതെന്ന് എനിക്ക് അറിയില്ല, സാധാരണ ഈ കുട്ടി നന്നായി അഭിനയിക്കുന്നതാണെന്ന് ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞു.(ചിരി),’ എന്നായിരുന്നു ജൂഡ് പറഞ്ഞത്.

അച്ഛനൊപ്പമുള്ള അഭിനയം നല്ലതായിരുന്നെന്നും പക്ഷേ ഒരുപാട് നെര്‍വെസായെന്നും വിസ്മയയും അഭിമുഖത്തില്‍ പറഞ്ഞു.

‘ അച്ഛനൊപ്പമുള്ള സീനില്‍ കുറേ റീ ടേക്ക് വേണ്ടി വന്നു. അച്ഛന്റെ കൂടെ സെറ്റില്‍ പോകാറുണ്ടെങ്കിലും മിക്കപ്പോഴും കാരവാനില്‍ ആയിരിക്കും. അഭിനയിക്കുന്നതൊന്നും കാണാന്‍ പോകാറില്ല.

ചെറുപ്പത്തിലൊക്കെ കണ്ടിട്ടുണ്ട്. അടുത്തിടെയൊന്നും പോയിട്ടില്ല. പിന്നെ ഡയലോഗ് പഠിക്കലൊക്കെ കുറച്ച് ബുദ്ധിമുട്ടായിരുന്നു. എല്ലാ ഡയലോഗും ഇംഗ്ലീഷില്‍ എഴുതി ബൈ ഹാര്‍ട്ട് ചെയ്യുകയായിരുന്നു,’ താരം പറഞ്ഞു.

Content Highlight: Director Jude Anthany about Vismayas Re Take Scenes

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more