| Friday, 3rd April 2026, 1:45 pm

സിനിമ ഹിറ്റായാലും ഫ്ലോപ്പായാലും സംവിധായകന് ചിലപ്പോൾ പണം ലഭിക്കില്ല; നിർമാതാക്കളെ മാത്രം കുറ്റപ്പെടുത്താനാവില്ല: ജോണി ആന്റണി

നന്ദന എം.സി

സിനിമാപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് അദ്ദേഹമാണ്.

സംവിധാനത്തിനൊപ്പം അഭിനയത്തിലും തന്റെ സാന്നിധ്യം ശക്തമായി അറിയിച്ച ജോണി ആന്റണി, വരനെ ആവശ്യമുണ്ട്, ലവ്, ജോ ആൻഡ് ജോ, ഹൃദയം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.

ജോണി ആന്റണി, Photo: YouTube/ Screengrab

ഇപ്പോൾ തനിക്ക് വീണ്ടും സംവിധാനത്തിലേക്ക് തിരികെ പോകണമെന്ന് തോന്നിയിട്ടില്ലെന്നും, അഭിനയമാണ് സംവിധാനത്തേക്കാൾ എളുപ്പമുള്ള ജോലിയെന്നും ജോണി ആന്റണി പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സംവിധാനത്തിലേക്ക് തിരിച്ച് വരണം എന്ന് എനിക്ക് തോന്നിയിട്ടില്ല. സി.ഐ.ഡി മൂസ 2 അനൗൺസ് ചെയ്തിട്ടുണ്ട്. അതിന്റെ സ്ക്രിപ്റ്റ് എഴുതുന്നതുൾപ്പെടെ കാര്യങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് വന്നാൽ തീർച്ചയായും സംവിധാനം ചെയ്യും. അത് എന്റെ ഉത്തരവാദിത്തമാണ്.

സംവിധാനത്തേക്കാൾ ടെൻഷൻ കുറഞ്ഞ ജോലിയാണ് അഭിനയം. കാരണം, സംവിധാനം ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളിലും നമ്മുടെ ശ്രദ്ധ വേണം. സിനിമ നല്ലതായാലും മോശമായാലും എല്ലാ കുറ്റവും കേൾക്കേണ്ടി വരും.

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, Photo: IMDb

ചിലപ്പോൾ പ്രതിഫലവും കിട്ടാതെ പോകാം. അവസാനം വരെ ഒപ്പം നിന്നാലും ‘നിന്റെ പണം ഞാൻ തരാം’ എന്ന് പറഞ്ഞ് പിന്നെ വൈകിപ്പിക്കുന്ന അവസ്ഥകളും ഉണ്ടാകാം. സിനിമ ഹിറ്റായാലും ഫ്ലോപ്പായാലും ചിലപ്പോൾ പണം കിട്ടാതെ പോകും. അതിൽ നിർമാതാക്കളെ മാത്രം കുറ്റപ്പെടുത്താനാവില്ല.

സംവിധാനം എന്നത് ഇത്രയും ആളുകളെ നിയന്ത്രിച്ച്, നമ്മുടെ മനസിലുള്ള ആശയം ദൃശ്യവൽക്കരിച്ച്, അത് എഡിറ്റ് ചെയ്ത് തിയേറ്ററിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന പ്രക്രിയയാണ്.

ആ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ ഒരു സംവിധായകൻ അനുഭവിക്കുന്ന സന്തോഷം, ഒരു നടന് ഒരിക്കലും ലഭിക്കില്ല,’ ജോണി ആന്റണി പറഞ്ഞു.

താൻ ഒരു സിനിമയിൽ നന്നായി അഭിനയിച്ചതിന് പ്രേക്ഷകർ കൈയടിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തേക്കാൾ, വലിയ താരങ്ങളെ ഉൾപ്പെടുത്തി ഒരു സിനിമ സംവിധാനം ചെയ്ത് അത് വിജയിപ്പിക്കുന്ന സംവിധായകനാണ് കൂടുതൽ സന്തോഷം അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Director Johnny Antony says that sometimes a director doesn’t get paid whether the film is a hit or a flop.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more