| Friday, 27th February 2026, 7:54 am

ഇപ്പോഴാണ് രേഖാചിത്രം നടക്കുന്നതെങ്കിൽ കുറച്ച് കൂടി പെർഫെക്ഷൻ വന്നേനെ; ഓരോ ദിവസവും എ. ഐ അപ്ഡേറ്റ് ആകുന്നുണ്ട്: ജോഫിൻ ടി. ചാക്കോ

നന്ദന എം.സി

പ്രീസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്‌ത് കൊണ്ട് കരിയർ ആരംഭിക്കുകയും 2025ൽ പുറത്തിറങ്ങിയ രേഖാചിത്രം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സംവിധായകനാണ് ജോഫിൻ ടി. ചാക്കോ. ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ തുടങ്ങിയ വൻതാര നിര അണിനിരന്ന ചിത്രം 2025ൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെട്ടത്.

എ.ഐ ടെക്നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനിൽ എത്തിച്ചതടക്കം നിരവധി കൗതുകങ്ങളുമായി എത്തിയ ചിത്രമായിരുന്നു ഇത്.

ഇപ്പോൾ എ.ഐയുടെ സാധ്യതകളെ കുറിച്ച് പറയുകയാണ് ജോഫിൻ. ഒരുപക്ഷേ നാളെ മലയാള സിനിമയിൽ താരങ്ങൾ നേരിട്ട് ഇല്ലാതെയും, എ.ഐയുടെ സഹായത്തോടെ അവരെ സൃഷ്ടിച്ച് സിനിമ എടുക്കുന്ന കാലം എത്താമെന്നാണ് അദ്ദേഹം പറയുന്നത്.

രേഖാചിത്രം, ട്രെയിലർ,Photo: YouTube/ Screengrab

തന്റെ ഹിറ്റ് സിനിമകളിലൊന്നായ രേഖാചിത്രം ഇന്നാണ് ചെയ്യുന്നതെങ്കിൽ കുറച്ചുകൂടി പെർഫെക്ഷൻ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അപ്പോൾ ഇനി നാളെ മമ്മൂട്ടിയും മോഹൻലാലും ഒന്നും ഇല്ലാതെ തന്നെ നമുക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സിനിമ എടുക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എത്തിയേക്കും.. എത്താൻ സാധ്യതയുണ്ട്. ഞാൻ രേഖാചിത്രം പ്ലാൻ ചെയ്യുമ്പോൾ അതിന്റെ ആദ്യത്തെ ചർച്ചകളിലൊന്നും എ.ഐ യുടെ സാന്നിധ്യം ഇല്ല. ഞാൻ മമ്മൂക്കയോട് ആദ്യം കഥ പറഞ്ഞ സമയത്തും അതിൽ എ.ഐ ഇല്ല.

മമ്മൂട്ടി, മോഹൻലാൽ, എ.ഐ, Photo: YouTube/ Screengrab

2021ലാണ് മമ്മൂക്കയോട് കഥ പറയുന്നത്, അതിന് മുമ്പ് 2018ലാണ് ഇതിന്റെയൊരു ബേസിക് ഐഡിയ വരുന്നത്. അതിന് ശേഷം സിനിമ സ്വഭാവികമായിട്ടും കുറച്ച് ഡിലേ ആയ സമയത്താണ് ഈ എ.ഐയുടെ സാധ്യതകൾ വരികയും ഇങ്ങനെ ഒരു സംഭവം മമ്മൂക്കയോട് പറയുന്നതും.

ഇത് എത്രത്തോളം വർക്ക് ആകുമെന്ന് അന്ന് മമ്മൂക്കക്കും അറിയില്ല. അന്ന് ഗോഡ്ഫാദർ സിനിമയിലെ സീൻ ഉപയോഗിച്ച് മമ്മൂട്ടിയും മോഹൻലാൽയും ചേർന്ന ഒരു എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന സമയത്താണ് നമുക്ക് ഈ ഐഡിയ വരുന്നത്.

ആ വീഡിയോ ചെയ്ത പയ്യനെ തന്നെ കോൺടാക്ട് ചെയ്തു. പക്ഷെ മൊബൈലിന് അപ്പുറം തിയേറ്ററിൽ അത് വർക്ക് ആകില്ലെന്നൊരു സിറ്റുവേഷൻ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് രേഖാചിത്രം നടക്കുന്നതെങ്കിൽ കുറച്ച് കൂടി പെർഫെക്ഷൻ വന്നേനെ. കാരണം ഓരോ ദിവസവും എ.ഐ അപ്ഡേറ്റ് ആകുന്നുണ്ട്,’ ജോഫിൻ പറഞ്ഞു.

മമ്മൂട്ടി, മോഹൻലാൽ, എ.ഐ, Photo: YouTube/ Screengrab

അന്ന് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ കയ്യടി നേടിയെങ്കിലും, അതിനെ ഒരു ട്രെൻഡിന് അപ്പുറം മലയാളികൾ ഗൗരവമായി എടുത്തോ എന്നത് സംശയമാണ്.

എന്നാൽ രേഖാചിത്രം റിലീസ് ചെയ്തതിന് ശേഷം, പരിമിതികൾക്കുള്ളിൽ നിന്നെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യക്ക് മലയാള സിനിമാ മേഖലയിലും വലിയ സാധ്യതകളുണ്ടെന്ന തിരിച്ചറിവ് കൂടുതൽ ശക്തമായെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഇതിനിടെ, രജനി-കമൽഹാസൻ വീണ്ടും ഒന്നിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങിയപ്പോൾ, അതിനെ എ.ഐ ഉപയോഗിച്ച് മോഹൻലാൽ-മമ്മൂട്ടി വേർഷനാക്കി മാറ്റിയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡായി. അന്നത്തെ ഗോഡ്ഫാദർ വീഡിയോയിൽ നിന്ന് ഇന്നത്തെ ആ വീഡിയോയിലെ മാറ്റം വളരെ വലുതാണെന്നാണ് ആരാധകർ ചുണ്ടി കാട്ടുന്നത്.

Content Highlight: Director Jofin T. Chacko talks about AI technology

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more