നസ്രിയയുടെ സ്വാഭാവികമായ ഹ്യൂമർ ടൈമിങ്ങും അഭിനയമികവും തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു മാധവൻ. സൂര്യ, നസ്രിയ, നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സീൻ. ചിത്രത്തിലെ നസ്രിയയുടെ അഭിനയത്തെക്കുറിച്ചും താരത്തെ സിനിമയിലേക്ക് പരിഗണിച്ചതിനെക്കുറിച്ചും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
‘നസ്രിയയുടെ കാര്യം എന്നു പറഞ്ഞാൽ ഷൂട്ട് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ അവർ ചിരിച്ചും തമാശകൾ പറഞ്ഞുമിരിക്കും. ആക്ഷൻ പറയാൻ വേണ്ടി അവർ ഒന്ന് ശാന്തയാകുന്നതുവരെ ഞാൻ കാത്തിരിക്കും. അവർ ഏകദേശം കൂൾ ആയി എന്ന് തോന്നുമ്പോൾ ഞാൻ ആക്ഷൻ പറയും. അതോടെ നസ്രിയ മാറും, പിന്നെ അവിടെ മറ്റൊരാളാണ്. ആൾക്കൊപ്പം ജോലി ചെയ്യുന്നത് രസകരമായ അനുഭവമാണ്,’ ജിത്തു മാധവൻ പറഞ്ഞു.
ജിത്തു മാധവൻ.Photo.Screen Grab/ Youtube
നസ്രിയയുടെ അഭിനയശൈലിയും സ്വാഭാവികമായ തമാശയുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി. എല്ലാവർക്കും ഒരുപോലെ ലഭിക്കാത്ത പ്രത്യേകതയാണ് നസ്രിയയുടെ ഹ്യൂമർ ടൈമിങ്ങെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നസ്രിയയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും പ്രത്യേകതയുള്ളതാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ സ്വാഭാവികമായൊരു ഹ്യൂമർ ടൈമിങ് അവർക്കുണ്ട്. അവർക്കൊപ്പം ജോലി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,’ ജിത്തു പറഞ്ഞു.
സീൻ എന്ന സിനിമയുടെ കഥ മനസിലെത്തിയപ്പോൾ തന്നെ നസ്രിയയെയാണ് കഥാപാത്രത്തിനായി ആലോചിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഏറെക്കാലമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന നസ്രിയ ഈ പ്രോജക്ട് ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. കഥ പറഞ്ഞപ്പോൾ നസ്രിയ ഉടൻതന്നെ ഇഷ്ടപ്പെടുകയും സമ്മതം അറിയിക്കുകയും ചെയ്തു.
‘ഈ കഥ മനസിൽ വന്നപ്പോൾത്തന്നെ എന്റെ ഉള്ളിൽ നസ്രിയയായിരുന്നു. പക്ഷേ, അവർ സിനിമ ചെയ്യുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. കുറച്ചുകാലമായി അവർ സിനിമകളിൽ സജീവമായിരുന്നില്ലല്ലോ. പ്രോജക്ട് ഉറപ്പായപ്പോൾ ഞാൻ പോയി കഥ പറഞ്ഞു. നസ്രിയക്ക് അത് പെട്ടെന്ന് ഇഷ്ടമായി, ഉടൻതന്നെ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എനിക്ക് വലിയ സന്തോഷവും ആശ്വാസവുമായിരുന്നു അത്,’ ജിത്തു മാധവൻ പറഞ്ഞു.
സൂക്ഷ്മദർശിനിക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സീൻ. തമിഴിലും ഏറെക്കാലമായി നസ്രിയ അഭിനയിച്ചിട്ടില്ലെന്നും ഏകദേശം 12 വർഷത്തിന് ശേഷമാണ് താരം വീണ്ടും തമിഴ് സിനിമയിൽ പ്രവർത്തിക്കുന്നതെന്നും ജിത്തു മാധവൻ വ്യക്തമാക്കി.
സീന്. Photo: X.com
സൂര്യ, നസ്രിയ നസീം, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സീൻ. ആക്ഷൻ കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ ഡി.എസ്.പി ഇമ്പരാജായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രം നവംബർ ആറിന് തിയേറ്ററുകളിലെത്തും.
Content Highlight: Director Jithu Madhavan stated that he was greatly impressed by Nazriya’s natural comic timing and acting prowess