രോമാഞ്ചം, ആവേശം എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ ‘രോമാഞ്ചം 2’നെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. ചിത്രത്തിന്റെ ചർച്ചകൾ ജോൺ പോൾ ജോർജുമായി നടക്കുന്നുണ്ടെന്നും ചില പ്രായോഗിക പ്രശ്നങ്ങൾ പരിഹരിച്ച് തിരക്കഥ പൂർത്തിയാക്കാനായാൽ സിനിമ സംഭവിക്കുമെന്നും സംവിധായകൻ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഇപ്പോൾ രോമാഞ്ചം ആയാലും ആവേശം ആയാലും അതിന്റെ ആലോചനകൾ എപ്പോഴും നടക്കുന്നുണ്ട്. ‘രോമാഞ്ചം 2’ന്റെ ഡിസ്കഷൻ ഇപ്പോൾ ജോൺ പോൾ ജോർജുമായി സംസാരിച്ചിരുന്നു. അതിൽ കുറച്ച് പ്രായോഗിക പ്രശ്നങ്ങളുണ്ട്. അതൊന്ന് പരിഹരിച്ച് എഴുത്ത് പൂർത്തിയാക്കാൻ കഴിഞ്ഞാൽ സിനിമ സംഭവിക്കും. പക്ഷേ അതിന്റെ സമയവും വളരെ പ്രധാനമാണ്. അങ്ങനെ ചാടിക്കയറി ചെയ്യാൻ പറ്റുന്ന ഒന്നല്ല അത്,’ ജിത്തു മാധവൻ പറഞ്ഞു.
ജിത്തു മാധവൻ.Photo. Screen Grab/ Youtube
ആദ്യഭാഗം വലിയ വിജയമായതുകൊണ്ട് മാത്രം രണ്ടാം ഭാഗം ഒരുക്കാൻ കഴിയില്ലെന്നും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് സിനിമ ഉയരണമെന്നും ജിത്തു പറഞ്ഞു.
‘രോമാഞ്ചം വിജയിച്ചുകഴിഞ്ഞ് അതിന്റെ രണ്ടാം ഭാഗം കൊണ്ടുവരുമ്പോൾ ആദ്യ സിനിമയുടെ അതേ അനുഭവം മാത്രമാകാനും പാടില്ല, അതിനേക്കാൾ മികച്ചതാവുകയും വേണം. എന്നാൽ ആ സിനിമയുടെ ഫ്ലേവറും നിലനിർത്തണം. അവരുടെ കഥ തന്നെ പറയുകയും വേണം. അതൊരു പ്രശ്നമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സിനിമയിലെ കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും വീണ്ടും മറ്റൊരു സിനിമയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ജിത്തു പറയുന്നു. ഫ്രാഞ്ചൈസി സിനിമകൾ വിജയകരമായി ഒരുക്കുന്നവരുടെ നേട്ടത്തെ അംഗീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഫ്രാഞ്ചൈസി ഉണ്ടാക്കുക എന്നത് ഭയങ്കര പാടുള്ള കാര്യമാണ്. അങ്ങനെ ഫ്രാഞ്ചൈസി ഉണ്ടാക്കി വിജയിച്ച ആളുകളെ സമ്മതിച്ചേ പറ്റൂ. ഒരു സിനിമയിൽ ഇത്രയും കഥാപാത്രങ്ങൾക്കൊപ്പം നമ്മൾ യാത്ര ചെയ്യും. സിനിമ കഴിഞ്ഞാൽ ഈ കഥാപാത്രങ്ങളെയൊക്കെ നമ്മുടെ തലയിൽനിന്ന് ഇറക്കിവിടാനാണ് തോന്നുക. അതേ കഥാപാത്രങ്ങളെ വീണ്ടും തലയിൽ കയറ്റി അടുത്ത കഥ ആലോചിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്,’ ജിത്തു പറഞ്ഞു.
‘ആവേശം’ ചിത്രീകരണം പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷത്തോളം സമയമെടുത്തതായും ആ സമയമത്രയും രംഗയും കൂട്ടുകാരുമായിരുന്നു തന്റെ മനസിൽ നിറഞ്ഞുനിന്നിരുന്നതെന്നും ജിത്തു വ്യക്തമാക്കി. അവരെ മനസിൽനിന്ന് മാറ്റിയശേഷം മാത്രമേ അടുത്ത കഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘രോമാഞ്ചം 2’ എത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതുപോലെ അനാമികയുടെ കഥയായിരിക്കില്ല പറയുകയെന്നും ജിത്തു സൂചിപ്പിച്ചു. ആദ്യഭാഗത്തിലെ കഥാപാത്രങ്ങൾ മറ്റൊരു പ്രശ്നത്തിലേക്ക് കടക്കുന്നതായിരിക്കും രണ്ടാം ഭാഗത്തിന്റെ കഥയെന്നും സംവിധായകൻ പറഞ്ഞു.
രോമാഞ്ചം. Photo. Screen Grab/ Youtube
‘ഇനി രോമാഞ്ചം 2 വന്നാലും ആളുകൾ പ്രതീക്ഷിക്കുന്നതുപോലെ അനാമികയുടെ കഥയൊന്നും ആയിരിക്കില്ല. ഇത് ഇവരുടെ കഥയാണ്. ഇവർ മറ്റൊരു പ്രശ്നത്തിലേക്ക് പോകുന്നതായിരിക്കും കഥയിൽ പറയുക,’ ജിത്തു മാധവൻ വ്യക്തമാക്കി.
Content Highlight: Director Jithu Madhavan has shared new details about ‘Romancham 2’