| Sunday, 21st December 2025, 3:29 pm

അസ്വസ്ഥത നിറയ്ക്കുന്ന രംഗങ്ങള്‍ ഉള്ളതിനാല്‍ കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു: ജിത്തു അഷ്‌റഫ്

ഐറിന്‍ മരിയ ആന്റണി

ഈ വര്‍ഷം വന്നതില്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. ഷാഹി കബീറായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജിത്തു അഷ്‌റഫ്. ഷാഹി കബീര്‍ പറഞ്ഞ കഥയില്‍നിന്നാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ തുടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി/ Theatrical poster

‘മാര്‍ട്ടിനാണ് കഥകേട്ട് എന്നെ വിളിച്ചത്. പിന്നീട് ഒരുപാട് ചര്‍ച്ചകളിലൂടെ കഥ ഇന്നത്തെ രൂപത്തിലേക്ക് മാറുകയായിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം കൊച്ചിയിലെ തിയേറ്ററിലിരുന്നാണ് ആദ്യ ഷോ കാണുന്നത്. തിയേറ്ററിനുള്ളിലിരിക്കുന്ന പ്രേക്ഷകര്‍ ബിഗ്സ്‌ക്രീനില്‍ നിന്ന് ശ്രദ്ധ മാറി മൊബൈലെടുക്കുന്നുണ്ടോ എന്നാണ് സിനിമ കാണുന്നതിനിടയിലെല്ലാം ഞാന്‍ ശ്രദ്ധിച്ചത്.

ചെറുതായൊന്ന് ബോറടിച്ച് തുടങ്ങിയാല്‍ സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് മൊബൈല്‍ ഫോണെടുക്കുന്നവരാണ് നമുക്കിടയില്‍ ഇന്ന് കൂടുതലും. സിനിമ തീരുന്നതു വരെ ആരും മറ്റൊരു കാര്യത്തിലേക്കും ശ്രദ്ധ തിരിച്ചില്ലെന്നത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്,’ ജിത്തു അഷ്‌റഫ് പറയുന്നു.

ആദ്യ ഷോ കാണാനെത്തിയവരുടെ കൂട്ടത്തില്‍ സംവിധായകന്‍ സുഗീതുമുണ്ടായിരുന്നുവെന്നും ഷോ കഴിഞ്ഞപ്പോള്‍ അദ്ദേഹം സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ജിത്തു അഷ്‌റഫ് പറഞ്ഞു. അസ്വസ്ഥത നിറയ്ക്കുന്ന ഒരുപാട് രംഗങ്ങള്‍ കഥയില്‍ വന്ന് പോകുന്നതിനാല്‍ കുടുംബപ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കുമോ എന്ന് സംശയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘എന്നാല്‍, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും സമാന കെണികള്‍ തിരിച്ചറിയാന്‍ ഇതെല്ലാം അറിഞ്ഞിരിക്കണമെന്നുള്ള മനോഭാവത്തിലാണ് പലരും കുടുംബസമേതം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ടിക്കറ്റെടുത്തത്,’ ജിത്തു അഷ്‌റഫ് പറഞ്ഞു.

Content Highlight:  Director Jithu Ashraf about the movie Officer on Duty

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more