റിലീസ് ചെയ്ത് രണ്ടാം വാരത്തിലും മികച്ച മുന്നേറ്റം തുടരുകയാണ് മമ്മൂട്ടിയും വിനായകനും പ്രധാനവേഷത്തിലെത്തിയ കളങ്കാവല്‍. റിലീസ് ചെയ്ത് ആദ്യ ആഴ്ച്ചക്കുള്ളില്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ വിനായകനാണ് നായക വേഷത്തിലെത്തിയത്.
കളങ്കാവല്‍. Photo: theatrical poster
നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നുവെങ്കിലും യാതൊരു വിധത്തിലുള്ള ജസ്റ്റിഫിക്കേഷനും വലിയ താരമെന്ന നിലയില്‍ കഥാപാത്രത്തിന് വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് സംവിധായകനായ ജിതിന്‍.കെ.ജോസ്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘കുറുപ്പ് എന്ന ചിത്രം സുകുമാരകുറുപ്പ് എന്ന ക്രിമിനലിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയായിരുന്നു. അതിന്റെ റിലീസിനു ശേഷം കുറുപ്പ് ചെയ്ത കുറ്റകൃത്യങ്ങളെ ചിത്രത്തിലൂടെ ഹീറോയിസമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ കളങ്കാവലിന്റെ കാര്യത്തില്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു.
തന്റെ കഥാപാത്രത്തെക്കുറിച്ച് മമ്മൂക്ക എന്ന നടന് ആങ്‌സൈറ്റിയോ മറ്റ് ഇഷ്യൂസോ ഒന്നും ഇല്ലായിരുന്നു. അദ്ദേഹം ചെയ്യാന്‍ പോകുന്ന കഥാപാത്രത്തിന് ഒരു ജസ്റ്റിഫിക്കേഷനോ, ഗ്ലോറിഫിക്കേഷനോ, ഹീറോയിസമോ വേണമെന്ന ഉദ്ദേശം ഒരു സമയത്തും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ നമുക്ക് എഴുതാന്‍ പറ്റി,’ ജിതിന്‍.കെ.ജോസ് പറയുന്നു.
കളങ്കാവല്‍. Photo: screen grab/ mammootty kampany/ youtube.com
സയനൈഡ് മോഹന്‍ എന്ന കൊടുംകുറ്റവാളിയുടെ ജീവിതത്തിന്റെ ഒരു ബേസ് ലൈന്‍ മാത്രമാണ് തങ്ങള്‍ എടുത്തതെന്നും അതിനു മേലെ ഒന്നോ രണ്ടോ ലെയര്‍ ഫിക്ഷന്‍ ആഡ് ചെയ്താണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ജിതിന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയെ ഷൂട്ടിന്റെ ഒരു ഘട്ടത്തിലും കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും എല്ലാ വിധത്തിലും നിര്‍മ്മാതാക്കളായ മമ്മൂട്ടിക്കമ്പനി കൂടെ നിന്നിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിക്കമ്പനിയുടെ നാലാമത്തെ ചിത്രമായ കളങ്കാവലില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. റെട്രോ തമിഴ് വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയില്‍ ശ്രദ്ധേയമായിരുന്നു. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
Content Highlight: director jithin talks about mammootty and his cooperation with script in kalamkaaval movie