| Friday, 15th August 2025, 4:53 pm

മമ്മൂക്കയ്ക്ക് അഭിനയിച്ച് ഫലിപ്പിക്കാനുളള ഭാവങ്ങളും തലങ്ങളും ഈ സിനിമയില്‍ ഉണ്ട്: ജിതിന്‍ കെ.ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത് മുതല്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി വില്ലനായി വേഷമിടുന്ന സിനിമയില്‍ വിനായകനാണ് നായകനായെത്തുന്നത്. ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ്.

സിനിമ നല്‍കുന്ന പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിതിന്‍ കെ.ജോസ്. സിനിമയുടെ കഥാബീജം മനസില്‍ രൂപപ്പെടുമ്പോള്‍ത്തന്നെ കഥയുടെ വിഷയത്തോട് വലിയ കൗതുകം തോന്നിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘തിരക്കഥാരചന കഴിഞ്ഞപ്പോള്‍, മമ്മൂക്കയിലേക്ക് എത്തുകയാണെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുതോന്നി. കഥകേട്ടപ്പോള്‍ അതേ ആത്മവിശ്വാസം അദ്ദേഹത്തിനും തോന്നി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. റിലീസ് അധികം വൈകാതെയുണ്ടാകും. പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു,’ ജിതിന്‍ കെ.ജോസ് പറയുന്നു.

ജിതിന്റെ ആദ്യ സിനിമാ സംവിധാനത്തില്‍ തന്നെ പ്രധാനകഥാപാത്രമായെത്തുന്നത് മമ്മൂട്ടിയാണ്. സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. അതിലേക്ക് എത്തിച്ചേര്‍ന്നതെങ്ങനെ കുറിച്ച് അദ്ദേഹം പറയുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ആളെ സംബന്ധിച്ച് മമ്മൂക്കയെപ്പോലുള്ള മഹാനടനിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ലെന്ന് ജിതിന്‍ പറയുന്നു.

മാമാങ്കം സിനിമയില്‍ സജീവ് പിള്ളയൊപ്പം സഹസംവിധായകനായിരുന്നു ഞാന്‍. അന്നത്തെ ബന്ധങ്ങള്‍വെച്ചാണ് മമ്മൂക്കയിലെത്താന്‍ ശ്രമിച്ചത്. മമ്മൂക്കയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിനും കഥയില്‍ താത്പര്യം തോന്നി. അദ്ദേഹത്തോട് കഥാസന്ദര്‍ഭത്തെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും പറയുന്നതിനൊപ്പം തന്നെ അദ്ദേഹം അത് സ്വാംശീകരിച്ച് അദ്ദേഹത്തിന്റേതായ രീതിയില്‍ ആവിഷ്‌കരിക്കുന്ന പ്രോസസ് രസകരമായിരുന്നു.

കളങ്കാവലിലെ കഥാപാത്രത്തിന് മമ്മൂക്കയ്ക്ക് ആവേശത്തോടെ അഭിനയിച്ച് ഫലിപ്പിക്കാനുളള ഭാവങ്ങളും തലങ്ങളുമുണ്ട്. സിനിമ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹം ആ കഥാപാത്രമായി മാറുന്നത് ആസ്വദിക്കാനായി. അത് നേരില്‍ അനുഭവിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമായിക്കരുതുന്നു,’ ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  Director Jithin K. Jose talks about the expectations the film  kalamkaaval

We use cookies to give you the best possible experience. Learn more