| Tuesday, 10th November 2026, 8:36 am

കളങ്കാവലില്‍ മമ്മൂട്ടി എന്ന് പറയുന്ന വലിയ ഒരു ഫാക്ടര്‍ ഉണ്ടായിരുന്നു, മായനില്‍ വേറെ ഒരു രീതിയിലാണ്: ജിതിന്‍ കെ. ജോസ്

അശ്വിന്‍ രാജേന്ദ്രന്‍

മമ്മൂട്ടിയുടെയും വിനായകന്റെയും മാസ്മരിക പ്രകടനത്തിലൂടെ ഹിറ്റായ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കളങ്കാവല്‍. അരങ്ങേറ്റക്കാരനായ ജിതിന്‍.കെ ജോസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സയനൈഡ് മോഹനനെന്ന കൊടും ക്രമിനലിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രത്തിന്റെ ഉദ്വേഗജനകമായ മേക്കിങ്ങിലൂടെ ജിതിന്‍ കെ. ജോസ് പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മായന്‍. Photo: IMDB

കളങ്കാവലിന് ശേഷം ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മായന്‍. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുക്കുന്നതെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂണിവേഴ്സല്‍ മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഒന്നരമിനുട്ടോളം നീണ്ടുനില്‍ക്കുന്ന ടീസര്‍ ചിത്രത്തിന്റെ മിസ്റ്ററി ത്രില്ലര്‍ ഴോണറിനെ കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യുന്നുണ്ട്.

ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കളങ്കാവലില്‍ നിന്നും മായനിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍ കെ. ജോസ്. സംവിധായകനെന്ന നിലയില്‍ മമ്മൂട്ടിയെ പോലെ വലിയ സൂപ്പര്‍ താരത്തെ നായകനാക്കി ചിത്രം എടുത്തതില്‍ നിന്നും മാറി മായനിലേക്ക് എത്തിയതിനെ കുറിച്ചാണ് ജിതിന്‍ സംസാരിച്ചത്.

‘കളങ്കാവലില്‍ നിന്നും മായനിലേക്കെത്തുമ്പോഴുള്ള ട്രാന്‍സീഷനെന്ന് പറയുമ്പോള്‍ അവിടെ മമ്മൂട്ടി എന്ന് പറയുന്ന വലിയൊരു ഫാക്ടറുണ്ടായിരുന്നു. നടനെന്ന രീതിയിലും നിര്‍മാതാവെന്ന നിലയിലും ഒരുപാട് ഉത്തരവാദിത്തങ്ങള്‍ അവര്‍ തന്നെ ഷോള്‍ഡര്‍ ചെയ്യുന്ന ഒരു സംഭവമുണ്ടായിരുന്നു. ഇവിടെ വേറെ ഒരു രീതിയിലാണ്. വലിയൊരു യൂണിവേഴ്‌സിറ്റി പോലെ കാണാവുന്ന പീരിയഡായിരുന്നു കളങ്കാവലിന്റെ സമയം,’ ജിതിന്‍ കെ. ജോസ് പറഞ്ഞു.

ജിതിന്‍ കെ. ജോസ്. Photo: Screen Grab/ Cue Studio/ Youtube.com

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാറിന് മുമ്പ് റിലീസ് ചെയ്യുന്ന ജയസൂര്യയുടെ പ്രതീക്ഷയേകുന്ന ചിത്രമാണ് മായന്‍ എന്ന പ്രത്യേകതയുമുണ്ട്. കളങ്കാവലിന് സംഗീത സംവിധാനം നിര്‍വഹിച്ച മുജീബ് മജീദാണ് മായനും സംഗീതം ഒരുക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിതിന്‍ കെ.ജോസും റാഫിയും ചേര്‍ന്നാണ്.ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ബാനറിന് കീഴിലാണ് ചിത്രം ഒരുക്കുന്നത്. നൈല ഉഷ, വിജയ് ബാബു, ജിബിന്‍ ഗോപിനാഥ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Director Jithin K Jose talks about his new movie Mayan and mammootty movie kalamkaaval

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more