| Wednesday, 11th November 2026, 9:44 am

‘നസ്രിയയും ഞങ്ങളും കവിത തിയേറ്ററിൽ പോയി ‘സീൻ’ കണ്ടു, ആരും തിരിച്ചറിഞ്ഞില്ല’; കുറെ കാലമായി നസ്രിയ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട്: ജിത്തു മാധവൻ

അജ്മല്‍ കെ

രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ‘സീൻ’. ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പുതന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 174 കോടി രൂപയും ചിത്രം സ്വന്തമാക്കി.

സൂര്യ ഇൻമ്പരാജ് എന്ന കഥാപാത്രമായി എത്തുമ്പോൾ, ഈശ്വർ എന്ന വില്ലൻ വേഷത്തിലാണ് നസ്ലെൻ അഭിനയിക്കുന്നത്. മായ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘സീൻ’ എന്ന ചിത്രത്തിനുണ്ട്.

സീൻ. Photo. Screen Grab/ Youtube

ഇപ്പോഴിതാ തന്റെ സിനിമയിലൂടെ നസ്രിയ വീണ്ടും തമിഴിൽ അഭിനയരംഗത്തേക്ക് എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് പറയുകയാണ് സംവിധായകൻ ജിത്തു  മാധവൻ . നല്ലൊരു കഥ വന്നാൽ സിനിമ ചെയ്യാമെന്ന തീരുമാനത്തിലായിരുന്നു നസ്രിയയെന്നും അങ്ങനെയാണ് ചിത്രത്തിലേക്ക് താരത്തെ സമീപിച്ചതെന്നും ജിത്തു പറഞ്ഞു. ഏറെക്കാലത്തിന് ശേഷം നസ്രിയ തിയേറ്ററിലെത്തി പ്രേക്ഷകർക്കൊപ്പം സിനിമ കണ്ട അനുഭവവും സംവിധായകൻ പങ്കുവെച്ചു.

‘എന്റെ സിനിമയിലൂടെ വീണ്ടും തമിഴിൽ നസ്രിയ വന്നതിൽ എനിക്കും ഭയങ്കര സന്തോഷമുണ്ട്. നല്ലൊരു കഥ വന്നാൽ ചെയ്യാം എന്നുള്ള പ്ലാനിലായിരുന്നു നസ്രിയ. അങ്ങനെയിരിക്കെയാണ് നല്ലൊരു കഥ വന്നപ്പോൾ ഞങ്ങൾ അവരെ സമീപിച്ചത്. അങ്ങനെയാണ് നമ്മുടെ സിനിമയിൽ അവർ എത്തിയത്,’ ജിത്തു മാധവൻ പറഞ്ഞു.

സിനിമയുടെ പ്രേക്ഷക പ്രതികരണം നേരിട്ട് കാണാൻ നസ്രിയയ്ക്കൊപ്പം തിയേറ്ററിലെത്തിയ അനുഭവവും ജിത്തു പങ്കുവെച്ചു. ഏറെക്കാലമായി നസ്രിയ തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സീൻ. Photo. IMDb

‘കുറെ കാലമായി നസ്രിയ തിയേറ്ററിൽ പോയി സിനിമ കാണാറില്ല. കഴിഞ്ഞ ദിവസം ഞങ്ങളെല്ലാവരും കൂടി കൊച്ചിയിലെ കവിത തിയേറ്ററിൽ പോയി സിനിമ കണ്ടു. ഏകദേശം ആയിരത്തോളം ആളുകളുള്ള ഒരു തിയേറ്ററായിരുന്നു അത്. ഞങ്ങൾ അവിടെ പോയി സിനിമ കണ്ടിട്ടും ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. ആർക്കും മനസിലായില്ല. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി,’ ജിത്തു മാധവൻ പറഞ്ഞു.

Content Highlight: Director Jeethu madhavan says he is very happy that Nazriya has returned to acting in Tamil cinema through his film.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more