| Tuesday, 22nd July 2025, 12:54 pm

കുടുംബത്തിന് എന്ത് സംഭവിച്ചാലും ജോര്‍ജ് കുട്ടി മരണം വരെ പിടിച്ച് നില്‍ക്കും, അത് അദ്ദേഹത്തിന്റെ ക്യാരക്ടറാണ്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം തുടങ്ങിയ മികച്ച സിനിമകളിലൂടെ ജീത്തു മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ച ഒന്നാണ് ദൃശ്യം.

മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടകയും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമയുടെ മൂന്നാംഭാഗാം എഴുതി കഴിഞ്ഞുവെന്ന് ജീത്തു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ ദൃശ്യം സിനിമയിലെ ഒരോ കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

ജോര്‍ജ് കൂട്ടി സ്വന്തമായി അധ്വാനിച്ച് വളര്‍ന്ന് വന്നയാളാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനെ ബാധിക്കുന്ന എന്തെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ മരണം വരെ അദ്ദേഹം പോരാടുമെന്നും ജീത്തു പറയുന്നു. ജോര്‍ജു കുട്ടിയെന്ന കഥാപാത്രം അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറുവശത്ത് മകന്‍ അപായപ്പെട്ടുവെന്ന് അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു ഫീലിങ്ങ് ഉണ്ടായിരുന്നുവെന്നും എന്ത് തെറ്റ് ചെയ്താലും തങ്ങളുടെ മകനേ കൊല്ലാനുള്ള അവകാശം ഇല്ലെന്നാണ് വരുണിന്റെ മാതാപിതാക്കള്‍ ചിന്തിക്കുകയെന്നും ജീത്തു പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജോര്‍ജ് കുട്ടിയെ സംബന്ധിച്ചിടത്തോളം അയാളൊരു അനാഥനാണ്. സ്വന്തമായി അധ്വാനിച്ച് വളര്‍ന്ന് വന്ന ആളാണ് ജോര്‍ജുകുട്ടി. ഇത്രയും സമ്പാദിച്ച കൂട്ടത്തില്‍ അധ്വാനിച്ച് വളര്‍ത്തിയ കുടുംബത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാല്‍ അതുപോലെ അയാളത് പിടിച്ച് നിര്‍ത്താന്‍വേണ്ടി ശ്രമിക്കും. അത് മരണം വരെ പിടിച്ച് നിര്‍ത്തും. അത് പുള്ളിയുടെ ക്യാരക്ടറാണ്.

അപ്പുറത്തെ വശത്ത് ഒറ്റയൊരു മകനാണ്. അമ്മയുടെ ഭാഗത്ത് നിന്ന് വളര്‍ത്തുദോഷം ഉണ്ടായിട്ടുണ്ട്. പ്രഭാകര്‍ എന്ന് പറയുന്ന ആള്‍ക്ക് അതില്‍ അഭിപ്രായ വ്യത്യസവുമുണ്ട്. പക്ഷേ അവരുടെ മകനാണ്. തുടക്കത്തിലൊക്കെ മകനെ കാണുന്നില്ലെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ ഉള്ളില്‍ എവിടെയോ മകന്‍ അപായപ്പെട്ടുവെന്ന് ഫീലിങ് ഉണ്ട്. ആ പേടിയോടെയാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്കൊരിക്കലും അത് പൊറുക്കാന്‍ പറ്റില്ല. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് ഇവനെ കൊല്ലാനുള്ള അവകാശം ഇല്ല,’ ജീത്തു ജോസഫ് പറയുന്നു.

Content highlight: Director Jeethu Joseph  talks  about the characters in the movie Drishyam 

We use cookies to give you the best possible experience. Learn more