| Sunday, 25th January 2026, 9:23 pm

ക്രോസ് ഓവറുകളെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല; ദൃശ്യം 3യില്‍ സാം അലക്‌സിന്റെ വരവിനെക്കുറിച്ച് ജീത്തു ജോസഫ്

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമാ മേഖലയില്‍ സമീപ കാലത്ത് ഏറെ ആഘോഷിക്കപ്പെടുന്ന സിനിമാ മേക്കിങ് സ്റ്റൈലാണ് ക്രോസ് ഓവറുകളും യൂണിവേഴ്‌സുകളും. തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ എല്‍.സി.യുവിലൂടെയാണ് വലിയ രീതിയില്‍ ഈ സമ്പ്രദായം പ്രചാരം നേടുന്നത്. ലോകേഷിന്റെ കൈതി, വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകന്‍ മികച്ച രീതിയിലാണ് ഇത് കൈകാര്യം ചെയ്തത്.

മോഹന്‍ലാല്‍ ദൃശ്യം 3 യുടെ ഷൂട്ടിനിടെ

മലയാളത്തില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രങ്ങളിലും ഇത്തരത്തില്‍ സ്ഥലങ്ങളുടെയും ചില കഥാപാത്രങ്ങളുടെയും പേരുകള്‍ ക്രോസ് ഓവറായി വരാറുണ്ടെങ്കിലും വലിയ രീതിയില്‍ ഈ സ്‌റ്റൈലിനെ ആരും ഉപയോഗപ്പെടുത്തിയിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 അനൗണ്‍സ് ചെയ്ത മുതല്‍ ഉയര്‍ന്നുകേട്ട അഭ്യൂഹമായിരുന്നു ചിത്രത്തില്‍ സാം അലക്‌സ് എന്ന കഥാപാത്രമെത്തുമെന്നത്.

ജീത്തു ജോസഫിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായ മെമ്മറീസിലെ ഐക്കോണിക്ക് കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിച്ച സാം അലക്‌സ്. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വലിയ ആരാധക പിന്തുണയാണ് ഈ പൊലീസ് കഥാപാത്രത്തിന് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിലുള്ളത്. വരുണിന്റെ കൊലപാതകം തെളിയിക്കണമെങ്കില്‍ സാം അലക്‌സിനെ പോലെ സമര്‍ത്ഥനായ പൊലീസുകാരന്‍ വരണമെന്നും ദൃശ്യം 3 യില്‍ സാം അലക്‌സ് എത്തുമെന്നുമുള്ള തരത്തില്‍ വലിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കൊണ്ട് സംവിധായകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ വലതു വശത്തെ കള്ളന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സംവിധായകന്‍ വിഷയത്തില്‍ വ്യക്തത വരുത്തിയത്.

Photo: prithviraj online fans/ X.com

‘ഹോളിവുഡില്‍ അങ്ങനെയൊരു ഐഡിയ വന്നെന്ന് പറഞ്ഞ് പലരും ഇന്ന് ഇന്ത്യന്‍ സിനിമയിലത് ചെയ്യുന്നുണ്ട്. പക്ഷേ ഇന്ന് വരെ അതേക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ദൃശ്യം 3യില്‍ സാം അലക്‌സും, സി.ബി.ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യര്‍ സി.ബി.ഐ വരുമെന്നുമെല്ലാം പോസ്റ്റുകള്‍ കണ്ടിരുന്നു. ഒരു പ്രത്യേക രീതിയില്‍ ഒരാള്‍ ഒരു വേള്‍ഡ് ഉണ്ടാക്കിയെന്ന് വെച്ച് പിറ്റേ ദിവസം ഞാനും ഒരെണ്ണം ഉണ്ടാക്കാം എന്ന രീതിയിലല്ല ഞാന്‍ ആലോചിക്കാറുള്ളത്,’ ജീത്തു ജോസഫ് പറഞ്ഞു.

തന്റെയടുത്തൊരു ചിത്രം വരുമ്പോള്‍ ആ കഥയെ എങ്ങനെ അപ്രോച്ച് ചെയ്യാം ആ കഥക്ക് എന്തെല്ലാമാണ് വേണ്ടത് എന്നെല്ലാമാണ് താന്‍ ആലോചിക്കാറുള്ളതെന്നും അല്ലാതെ ആ കഥയിലേക്ക് മറ്റൊരു സിനിമയിലെ കഥാപാത്രങ്ങളെ എങ്ങനെ ചേര്‍ക്കാമെന്ന് ചിന്തിക്കാറില്ലെന്നും ജീത്തു പറഞ്ഞു. അങ്ങനെയല്ല തന്റെ തോട്ട് പ്രൊസ്സസ് വര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Jeethu joseph talks about cross over of Sam Alex in Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more