ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍’ തിയേറ്ററുകളില്‍ എത്തുമ്പോള്‍, സിനിമയുടെ വിശേഷങ്ങളേക്കാള്‍ ശ്രദ്ധ നേടുന്നത് ബിജു മേനോന്റെയും ജോജു ജോര്‍ജിന്റെയും അഭാവത്തെക്കുറിച്ചുള്ള സംവിധായകന്റെ രസകരമായ മറുപടിയാണ്.
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിജു മേനോന്‍ – ജോജു ജോര്‍ജ് കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളന്‍’.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ‘ദൃശ്യം 3’ക്ക് മുമ്പായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.
വലതുവശത്തെ കള്ളന്‍ Photo: Theatrical Release Poster
എന്നാല്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പ്രധാന താരങ്ങളായ ബിജു മേനോനെയും ജോജുവിനെയും കാണാതിരുന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ജീത്തുവും ലെനയും ലിയോണയും ഉള്‍പ്പെടെയുള്ളവരാണ് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ എത്തിയിരുന്നത്.
ഇരുവരും എവിടെയാണെന്നും അവരെയൊന്നും കണ്ടില്ലല്ലോ എന്നുമുള്ള ചോദ്യത്തിന് അവര്‍ വീട്ടില്‍ കാണുമെന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.
എന്തുകൊണ്ടാണ് ഇരുവരും സിനിമയുടെ പ്രൊമോഷന് എത്താതിരുന്നതെന്ന് ജീത്തു പറഞ്ഞില്ല. സെറ്റില്‍ ഇരുവരുമായി സാമ്യം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു സാമ്യതയും ഇരുവരും തമ്മില്‍ ഇല്ലെന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു.
ജോജു ജോര്‍ജും ബിജു മേനോനും, വലതുവശത്തെ കള്ളന്‍ സിനിമയില്‍ നിന്നുള്ള രംഗം Photo: OTT Play
‘എന്ത് സിമിലാരിറ്റിയാണ് ഉദ്ദേശിച്ചത്? നീണ്ട മുഖവും വട്ടമുഖവും തമ്മില്‍ വ്യത്യാസമില്ലേ? പിന്നെ കട്ടിയുള്ള മീശയും മുടിയും എല്ലാവര്‍ക്കും ഉള്ളതല്ലേ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇരുവരുടെയും ഫേസ് സ്ട്രക്ചറിലും ലുക്കിലും വലിയ വ്യത്യാസമുണ്ടെന്നും ജീത്തു പറഞ്ഞു.
ക്രൈം ഡ്രാമ ഴോണറിലാണ് വലതുവശത്തെ കള്ളന്‍ ജീത്തു ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയ്ലറും പാട്ടും ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞിട്ടുണ്ട്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ഡിസ്ട്രിബ്യൂഷന്‍.
‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ്ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
Content Highlight: Director Jeethu Joseph about Valathuvashathe Kallan