മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട ഒരു ചോദ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
ചിത്രം വന്‍ വിജയമായിരുന്ന സമയത്ത് മലയാള സിനിമയിലെ ഒരു നടിയുടെ മകള്‍ തന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ചും, അതിന് താന്‍ നല്‍കിയ മറുപടിയെ കുറിച്ചുമൊക്കെയാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നത്.
ആധുനിക കാലത്ത് നഗ്‌നത അടങ്ങിയ ദൃശ്യങ്ങള്‍ പുറത്താകുന്നത് ഒരു പെണ്‍കുട്ടിയെ ഇത്രമാത്രം ഭയപ്പെടുത്തേണ്ടതുണ്ടോ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ചോദ്യമെന്ന് ജീത്തു ജോസഫ് പറയുന്നു.
‘ദൃശ്യത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായ സമയത്ത് മലയാളത്തിലെ ഒരു അഭിനേത്രിയും മകളും കൂടി ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. സംസാരിക്കുന്നതിനിടയില്‍ ആ പെണ്‍കുട്ടി എന്നോട് പറഞ്ഞു; ‘സാറേ എനിക്ക് സിനിമയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ ഒരു അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാലത്ത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ന്യൂഡിറ്റി (നഗ്‌നത) പുറത്തുവന്നുകഴിഞ്ഞാല്‍ ഇത്രയും പാനിക്കാകേണ്ട കാര്യമൊന്നുമില്ലല്ലോ’ എന്ന് ചോദിച്ചു. വലിയ നഗരത്തില്‍ ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടായിരുന്നു അത്.
ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas
തിരക്കഥാ ചര്‍ച്ചകളില്‍ നേരത്തെ തന്നെ ഇങ്ങനെയൊരു സംശയം ഉണ്ടായിരുന്നതായി ഞാന്‍ അവളോട് പറഞ്ഞു. വലിയ നഗരത്തില്‍ ബോള്‍ഡായി വളര്‍ന്ന ഒരു കുട്ടിയാണെങ്കില്‍ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കുലുങ്ങാതെ, ‘ അവന് രണ്ടെണ്ണം കൊടുത്തിട്ട് എന്നാല്‍ നീ കൊണ്ടുപോയി കാണിക്ക്’ എന്ന് പറഞ്ഞ് നേരിട്ടേക്കാം.
എന്നാല്‍ ‘ദൃശ്യ’ത്തിലെ അഞ്ജു എന്ന കഥാപാത്രം മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയാണ്. അവളുടെ അമ്മയും അത്തരം കാര്യങ്ങളില്‍ അറിവില്ലാത്തവളാണ്. അതുകൊണ്ടാണ് ആ കുടുംബത്തിന് വരാനിരിക്കുന്ന അപമാനത്തെക്കുറിച്ച് അത്രയധികം ഭയമുണ്ടാകുന്നത്,’ ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas
താന്‍ എഴുതുന്ന തിരക്കഥകള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടങ്ങുന്ന ഒരു പ്രത്യേക ടീമിന് നല്‍കി ഫീഡ്ബാക്ക് എടുക്കാറുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
പുതിയ കാലത്തെ പ്രേക്ഷകരുടെ ചിന്താഗതികള്‍ മാറുന്നത് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. എന്റെ സ്‌ക്രിപ്റ്റ് വായിച്ചാല്‍ എന്താണോ തോന്നുന്നത് ആ കാര്യം മുഖത്തുനോക്കി പറയണമെന്ന് ഞാന്‍ അവരോട് പറയും. സാര്‍ ഇതെന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് തന്നെ ചോദിച്ചോ എന്ന് പറയും. അവര്‍ വായിച്ച് അവരുടെ ഒപ്പീനിയന്‍ പറയും. നമ്മള്‍ എഴുതിവെച്ചചില കാര്യങ്ങള്‍ അവര്‍ക്ക് വര്‍ക്ക് ആവുകയേ ഇല്ല.
അത്തരത്തില്‍ അടുത്തിടെ ഞാനൊരു സ്‌ക്രിപ്റ്റ് വായിച്ചു. അതില്‍ ത്യാഗം ചെയ്യുന്ന ഒരു ഭാര്യ. ഇങ്ങനത്തെ ഭാര്യമാര്‍ ഇപ്പോള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ ആളുകള്‍ അത് സ്വീകരിക്കാന്‍ തയ്യാറല്ല. വെറും മൈനോരിറ്റിയാണ്. എനിക്ക് അങ്ങനെ തോന്നിയെന്നും വര്‍ക്കാവുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു.
പണ്ടൊക്കെയാണെങ്കില്‍ ഓക്കെ. 80 കളിലൊക്കെ ത്യാഗം ചെയ്യുന്ന ഹീറോയ്ക്കും ഹീറോയിനുമുണ്ടായിരുന്നു. അങ്ങനെ ഇത് ഫീഡ്ബാക്കിന് ഇട്ടുകഴിഞ്ഞപ്പോള്‍ 95 ശതമാനം യങ്‌സ്‌റ്റേഴ്‌സും അത് തള്ളിക്കളഞ്ഞു. ഇത് വര്‍ക്കാവില്ലെന്ന് പറഞ്ഞു. എന്നുകരുതി അങ്ങനെയുള്ള ആള്‍ക്കാര്‍ ഇല്ലെന്നും നമുക്ക് പറയാന്‍ പറ്റില്ല. അത്തരത്തില്‍ നമ്മള്‍ എടുക്കുന്ന ഫീഡ് ബാക്കില്‍ നിന്നാണ് നമുക്ക് വിവരങ്ങള്‍ കിട്ടുന്നത്. ചില ഘട്ടങ്ങളില്‍ അത് തെറ്റുമാവാം,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Director Jeethu Joseph about Drishyam and Nudity related question