മോഹന്‍ലാല്‍ ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ദൃശ്യം 3. ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് മോഷന്‍ പോസ്റ്ററിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ പല ഫാന്‍ തിയറികളും സജീവമായിരുന്നു.
‘Years passed. The past didn’t (വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ ഭൂതകാലം മാഞ്ഞില്ല) എന്ന ടാഗ്ലൈനും മോഷന്‍ പോസ്റ്ററിലെ നിഗൂഢതകളുമായിരുന്നു പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.
ജോര്‍ജുകുട്ടിയുടെ ഇളയ മകള്‍ അനുവിനെ ചുറ്റിയുള്ള തിയറിയ്ക്കായിരുന്നു ഏറ്റവും പോപ്പുലാരിറ്റി കിട്ടിയത്. രണ്ടാം ഭാഗത്തില്‍ അനുവിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ ഈ തിയറിക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ഒപ്പം പോസ്റ്ററിലെ അനുവിന്റെ ചിത്രത്തിന് നല്‍കിയ ആംഗിളും ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.
പോസ്റ്ററിലെ ടാഗ്ലൈന്‍ സൂചിപ്പിക്കുന്നത് പോലെ, കഴിഞ്ഞുപോയ കാര്യങ്ങള്‍ അനുവിനെ വേട്ടയാടുന്നുണ്ടാകാമെന്നും അവള്‍ അറിയാതെ പൊലീസിനോടോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോടോ രഹസ്യം വെളിപ്പെടുത്തുന്നതാകാം ജോര്‍ജുകുട്ടിയെ വീണ്ടും കുടുക്കുന്നത് എന്നുള്ള തിയറികളായിരുന്നു പുറത്തുവന്നത്.
ജീത്തു ജോസഫ്
ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് ജീത്തു ജോസഫ് നല്‍കുന്നത്. ആ തിയറി താന്‍ കണ്ടിരുന്നെന്നും ഇനിയപ്പോള്‍ ദൃശ്യം 3 റീ ഷൂട്ട് ചെയ്യേണ്ടി വരുമോയെന്നുമായിരുന്നു ജീത്തുവിന്റെ ചോദ്യം.
പോസ്റ്ററില്‍ ഒരോരുത്തരും നോക്കുന്ന ഡയറക്ഷന്‍ വെച്ചായിരുന്നു ഇത്തരത്തിലൊരു തിയറി. എന്നാല്‍ ഇതൊക്കെ കണ്ടുപിടിച്ചുകളഞ്ഞല്ലോയെന്നും ഇനി റീ ഷൂട്ട് ചെയ്യേണ്ടി വരുമോ (ചിരി) എന്നുമായിരുന്നു ജീത്തു ചോദിച്ചത്.
ദൃശ്യത്തില്‍ പറയുന്നതുപോലെ ആരൊക്കെ തിരിച്ചും മറിച്ചും ചോദിച്ചാലും ദൃശ്യം 3യുടെ രഹസ്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല മക്കള്‍ തന്നെയാണ് ഉപദേശിക്കാറെന്നായിരുന്നു ജീത്തുവിന്റെ മറുപടി.
അവര്‍ എന്നെ ഉപദേശിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. അതെങ്ങനെ നിര്‍ത്തണമെന്ന് ആലോചിച്ചിരിക്കുകയാണ് (ചിരി). ദൃശ്യം 3 ന് ഏത് രീതിയിലുള്ള എക്‌സ്‌പെക്ടേഷനാണ് ഉള്ളതെന്ന് എനിക്ക് അറിയില്ല. ചിത്രം കുറച്ചുകൂടി ഇമോഷണലാണ്.
അവരുടെ ലൈഫില്‍ വേറെ രീതിയിലുള്ള പ്രശ്‌നങ്ങളും സംഭവിക്കാമല്ലോ. മറ്റേ പ്രശ്‌നങ്ങളൊക്കെ ഏതാണ്ട് കഴിഞ്ഞതാണല്ലോ ആ രീതിയിലാണ് ചെയ്തിരിക്കുന്നത്. അതിന്റെ ആംഗിള്‍ ചെറിയ രീതിയില്‍ മാറിയിട്ടുണ്ട്,’ ജീത്തു പറഞ്ഞു.
Content Highlight: Director Jeethu Joseph about Drishyam 3 suspence and esther Character