മലയാളികള്‍ക്ക് മികച്ച നിരവധി സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് ജയരാജ്. നിരവധി തവണ ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. പൈതൃകം, ദേശാടനം, കളിയാട്ടം, 4 ദി പീപ്പിള്‍, ജോണി വാക്കര്‍, വെള്ളപ്പൊക്കത്തില്‍, ഒറ്റാല്‍, വീരം, ഭയാനകം തുടങ്ങി മികച്ച നിരവധി സിനിമകള്‍ ജയരാജ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ലൗഡ് സ്പീക്കര്‍ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തതും ജയരാജ് തന്നെയാണ്. ഇപ്പോള്‍ ഈ സിനിമയിലെ ശശികുമാറിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍. മേനോന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ശശികുമാര്‍ അഭിനയിച്ചത്.
മമ്മൂട്ടിയാണ് ലൗഡ് സ്പീക്കര്‍ സിനിമയില്‍ ശശികുമാറിനെ ആ കഥാപാത്രത്തിനായി കണ്ടെത്തുന്നതെന്നും തങ്ങള്‍ ആ കഥാപാത്രം ചെയ്യാനുള്ള ആളെ ഒരുപാട് അന്വേഷിച്ചിരുന്നുവെന്നും ജയരാജ് പറയുന്നു.
‘കബീര്‍ ബേദി മുതല്‍ പലരെയും ആ കഥാപാത്രത്തിലേക്ക് ഞങ്ങള്‍ ആലോചിച്ചതാണ്. പലരെയും പ്ലാന്‍ ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. ആ സമയത്താണ് മമ്മൂക്ക ശശികുമാര്‍ സാറിനെ കുറിച്ച് ഞങ്ങളോട് ചോദിക്കുന്നത്.
‘നമ്മുടെ ശശികുമാറിനെ ഓര്‍മയുണ്ടോ’ എന്നായിരുന്നു മമ്മൂക്ക അന്ന് ചോദിച്ചത്. അപ്പോള്‍ ഞാന്‍ ‘ഓര്‍മയുണ്ട്. പി.ടി.ഐയില്‍ ഇംഗ്ലീഷ് ന്യൂസ് വായിക്കുന്ന ശശികുമാര്‍ അല്ലേ’യെന്ന് തിരികെ ചോദിച്ചു. അങ്ങനെയാണ് ശശികുമാര്‍ സാര്‍ ആ സിനിമയിലേക്ക് എത്തുന്നത്,’ ജയരാജ് പറഞ്ഞു.
ലൗഡ് സ്പീക്കറില്‍ അഭിനയിച്ചതോടെ ജേര്‍ണലിസ്റ്റ് എന്നതിനേക്കാള്‍ ഉപരി എല്ലാവരും ആ സിനിമയിലെ മേനോന്‍ അല്ലേയെന്നാണ് അദ്ദേഹത്തോട് ചോദിക്കാറുള്ളതെന്നും സംവിധായകന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ മനസില്‍ തോന്നുന്ന ഓരോ തോന്നലുകളാണ് അതെന്നും ജയരാജ് പറയുന്നുണ്ട്. അദ്ദേഹത്തിന് കഥ കേള്‍ക്കുമ്പോള്‍ അതിലെ ചില കഥാപാത്രങ്ങളുടെ രൂപം മനസില്‍ തോന്നുമെന്നും അത് ചേര്‍ന്നാല്‍ ഓഡിയന്‍സും അതുമായി ചേരുമെന്നതാണ് സത്യമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Director Jayaraj Talks About Mammootty And Loudspeaker Movie Casting