| Wednesday, 1st April 2026, 8:46 am

‘മത്തി കച്ചവടം ചെയ്തൂടേ?’ എന്ന് ഭരതേട്ടൻ ചോദിച്ച ആ നിമിഷം…; ഇതൊക്കെയാണോ ചെയ്യേണ്ടത് എന്ന് വരെ തോന്നിയിട്ടുണ്ട്: ജയരാജ്

നന്ദന എം.സി

ഭരതന്റെ സഹ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് ജയരാജ്. വിദ്യാരംഭം എന്ന സിനിമയിലൂടെ സംവിധായകനായി മാറിയ ജയരാജ് മലയാളത്തിന് ഒട്ടനവധി വ്യത്യസ്‌ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ്.

ജോണി വാക്കർ, തിളക്കം, ഫോർ ദി പീപ്പിൾ പോലുള്ള കൊമേർഷ്യൽ സിനിമകൾക്കൊപ്പം കളിയാട്ടം, കാരുണ്യം, ദേശാടനം തുടങ്ങിയ കലാമൂല്യമുള്ള സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. കളിയാട്ടം എന്ന സിനിമയിലൂടെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു

ജയരാജ്, Photo: Jayaraj/ Facebook

ഇപ്പോഴിതാ സംവിധായകൻ ഭരതൻ തന്നോട് സംവിധാനം നിർത്തി മീൻ കച്ചവടത്തിന് പോയിക്കൂടെ എന്ന് ചോദിച്ചുവെന്നും ഭരതനെപോലെ ഗുരു സ്ഥാനത്തുള്ള ഒരു വ്യക്തിയിൽ നിന്നും അത്തരം ഒരു ചോദ്യം തന്നെ വല്ലാതെ തളർത്തിയെന്നും പറയുകയാണ് ജയരാജ്.

നടനും സംവിധായകനും ഭരതന്റെ മകനുമായ സിദ്ധാർഥ് ഭാരതനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഒരുപാട് ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്റെ ആദ്യ രണ്ട് സിനിമകൾ കഴിഞ്ഞ ശേഷം, ആകാശക്കോട്ടയിലെ സുൽത്താൻ എന്ന സിനിമയ്ക്ക് പിന്നാലെ, ഭരതേട്ടൻ എന്നോട് ചോദിച്ചിരുന്നു ‘എന്തിനാണ് ഇത്തരത്തിലുള്ള സിനിമകൾ ചെയ്യുന്നത്?’ എന്ന്. അതിന് ഞാൻ മറുപടി നൽകി, ജീവിക്കാൻ വേണ്ടിയാണെന്ന്.

ഭരതൻ, Photo: Jayaraj/ Facebook

അപ്പോൾ ഭരതേട്ടൻ പറഞ്ഞത് ‘അങ്ങനെ ആണെങ്കിൽ, ഒരു മത്തി കച്ചവടം ചെയ്താൽ പോരേ?’ എന്നായിരുന്നു. ആ നിമിഷം എനിക്ക് വളരെ ശക്തമായി തട്ടിയിരുന്നു. കാരണം ഭരതേട്ടന്റെ കൂടെ വർക്ക് ചെയ്തിട്ട് ഇതൊക്കെയാണോ ചെയ്യേണ്ടത് എന്ന് വരെ തോന്നിയിട്ടുണ്ട്.’ ജയരാജ് പറഞ്ഞു.

കൂടാതെ ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സി.എം.എസ് കോളേജിൽ ആണ് താൻ പഠിച്ചതെന്നും ആ കോളേജിനെ അത്രയും ഭംഗിയായി മറ്റാരും ചിത്രീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ കാലത്താണ് അത്തരമൊരു ചിത്രം എടുത്തിരുന്നെങ്കിൽ സമൂഹത്തിൽ വലിയ വിവാദമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Director Jayaraj about Bharathan

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more