[]കൊച്ചി: മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകരിലൊരാളായ ജെ. ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
2012 ലെ സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുളള അദ്ദേഹം 141 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നതും ശശികുമാറാണ്. ഒരു വര്‍ഷം 13 ചിത്രങ്ങള്‍ സംവിധാനം ചെയ്യുക എന്ന അപൂര്‍വ്വനേട്ടവും കൈവരിച്ചിട്ടുണ്ട്.
“ഒരാള്‍കൂടി കള്ളനായി” എന്ന സിനിമയിലാണു ആദ്യമായി സ്വതന്ത്ര സംവിധാനം നിര്‍വ്വഹിച്ചത്. എന്നാല്‍ 1964 ല്‍ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ദേയനാകുന്നത്.
പ്രേംനസീറിനെ നായകനാക്കി 84 സിനിമകളും ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പ്രേം നസീര്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ശശികുമാറിന്റെ ചിത്രത്തിലാണ്.
സേതുബന്ധനം, പ്രവാഹം, സിന്ധു തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്. ഹിന്ദി ചലച്ചിത്രമായ രാമരാജ്യത്തിന്റെ മലയാളത്തിലെ തിരക്കഥാ രചന നിര്‍വ്വഹിച്ചിരുന്നു. ഡോളര്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.
1927 ഒക്ടോബര്‍ 14ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിലാണ് ജനനം. യശ:ശരീരരായ എന്‍.എല്‍.വര്‍ക്കിയും മറിയാമ്മയുമാണ് മാതാപിതാക്കള്‍. നമ്പിയത്തുശ്ശേരി വര്‍ക്കി ജോണ്‍ എന്നാണ് യഥാര്‍ത്ഥ പേര്.
ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട്
സിനിമയില്‍ സജീവമാകുകയായിരുന്നു.ഗായകനായായിരുന്നു തുടക്കം. സിനിമ കൂടാതെ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.