മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഹരിഹരന്‍. 50 വര്‍ഷത്തിലേറെയായി നീണ്ടുനിന്ന കരിയറില്‍ ഒരുപാട് ക്ലാസിക്കുകള്‍ ഹരിഹരന്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പരിണയം, കേരളവര്‍മ പഴശ്ശിരാജ തുടങ്ങിയ സിനിമകള്‍ ഹരിഹരന്റെ ക്യാമറാക്കണ്ണിലൂടെ ഒരുങ്ങിയതായിരുന്നു.
മോഹന്‍ലാലുമായി ഹരിഹരന്‍ ഒന്നിച്ചപ്പോഴെല്ലാം സിനിമാപ്രേമികള്‍ക്ക് ഗംഭീര കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. പഞ്ചാഗ്നി, അമൃതം ഗമയ എന്നിവ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയിലൊരുങ്ങിയ അമൃതം ഗമയയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഹരിഹരന്‍ Photo: Screen grab/ Can Channel Media
അടുത്തിടെ മോഹന്‍ലാലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അഭിമുഖം കണ്ടിരുന്നെന്നും അതില്‍ അമൃതം ഗമയയെക്കുറിച്ച് പറയുന്ന ഭാഗം തനിക്ക് അഭിമാനം സമ്മാനിച്ചെന്നുമായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ആ അഭിമുഖത്തിന് ശേഷം ചിത്രത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരിഹരന്‍.
‘ആ സിനിമയെക്കുറിച്ച് പിണറായി സാര്‍ പറഞ്ഞ വാക്കുകള്‍ സത്യം പറഞ്ഞാല്‍ അത്ഭുതമാണ് സമ്മാനിച്ചത്. കാരണം, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ വീണ്ടും ചര്‍ച്ചയാവുന്നത് വലിയ കാര്യമാണ്. കരിയറില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം രണ്ട് തവണ മാത്രമാണ് ഒന്നിച്ചത്. അപ്പോഴെല്ലാം അയാള്‍ എന്നെ ഞെട്ടിച്ചിട്ടുണ്ട്.
അമൃതം ഗമയയിലെ ആ കഥാപാത്രം വ്യത്യസ്തമായ വികാരങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു കുടുംബത്തിന് എല്ലാമെല്ലാമായി നില്‍ക്കുന്ന ആളായും പിന്നീട് അവരുടെ കുടുംബത്തിന്റെ ആശ്രയമായ യുവാവിനെ ഇല്ലാതാക്കിയത് താനാണെന്ന് അറിയുമ്പോഴുള്ള കുറ്റബൊധവും അതിനും മുമ്പ് ക്രൂരനായ സീനിയറായും മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു.
തിരുമേനിയോട് തെറ്റ് ഏറ്റുപറയുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അത്രമാത്രം ഗംഭീരമായാണ് മോഹന്‍ലാല്‍ ആ സീനില്‍ പെര്‍ഫോം ചെയ്തത്. അതുപോലെ റാഗിങ് സീനിലും മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു. സത്യം പറഞ്ഞാല്‍ മോഹന്‍ലാല്‍ വിനീതിനെ ശരിക്കും കൊല്ലുമോ എന്ന് പോലും ഞാന്‍ പേടിച്ചു,’ ഹരിഹരന്‍ പറയുന്നു.
Content Highlight: Director Hariharan about Mohanlal’s performance in Amrutham Gamaya movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ