| Sunday, 28th December 2025, 7:48 am

റീമേക്കാണോ ജന നായകന്‍; അയ്യാ ഇത് ദളപതി പടം; ഓഡിയോ ലോഞ്ചില്‍ മറുപടി നല്‍കി സംവിധായകന്‍ എച്ച്. വിനോദ്

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ടാണ് വിജയ് ചിത്രം ജന നായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടന്നത്. വിദേശരാജ്യമായിരുന്നിട്ട് പോലും വലിയ ജനപങ്കാളിത്തമാണ് ബുകിത് ജലീല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉണ്ടായിരുന്നത്.

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ വരുന്ന ജന നായകന്‍ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളിലെയും അപ്‌ഡേറ്റുകളിലെയും തെലുങ്ക് ചിത്രവുമായുള്ള സാമ്യത പങ്കുവെച്ചു കെണ്ടാണ് ആരാധകര്‍ ഇത്തരത്തില്‍ ഒരു അനുമാനത്തിലെത്തിച്ചേര്‍ന്നത്.

Photo: Tamil Tv

എന്നാല്‍ ഇത്തരത്തില്‍ മുന്‍വിധികളുമായി കമന്റിടുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജന നായകന്റെ സംവിധായകന്‍ എച്ച്. വിനോദ്. ഓഡിയോ ലോഞ്ചില്‍ വിഷയം പരാമര്‍ശിച്ച് കൊണ്ട് സംസാരിക്കുന്ന സംവിധായകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ക്കുള്ള സംശയമാണ് ജനനായകന്‍ റീമേക്കാണോ അതോ പകുതി റീമേക്കാണോ എന്നത്. അതുപോലെ തന്നെ മറ്റൊരു വിഭാഗമാണ് ജനനായകന്‍ ഹൈപ്പ് കുറച്ച് കുറവാണല്ലോ ക്ലാഷ് വെച്ചാല്‍ അടിച്ചിടാം എന്നൊക്കെ വിചാരിക്കുന്നവര്‍. എല്ലാവരോടും ഒരു കാര്യം മാത്രമേ പറയാനുള്ളൂ, അയ്യാ ഇത് ദളപതി പടം.

മുന്‍ധാരണകളൊന്നുമില്ലാതെ സിനിമ വന്നു കാണുന്നവര്‍ക്ക് നൂറ് ശതമാനം ഒരു എന്റര്‍ടെയിനര്‍ ഉറപ്പ് നല്‍കുകയാണ്. ചിത്രത്തില്‍ ആടിപാടി കൈയ്യടിക്കാനുള്ളതും അതേസമയം ആലോചിക്കാനുള്ള വിഷയവുമുണ്ടാകും. ഇതിന്റെ ക്ലൈമാക്‌സില്‍ നിങ്ങള്‍ക്ക് ഇമോഷണലായി ഇറങ്ങിപോകേണ്ടി വരില്ല. പ്രതീക്ഷയാണ് ചിത്രത്തിലെ ക്ലൈമാക്‌സിലൂടെ നല്‍കുന്നത്. കാരണം ദളപതിക്ക് ‘ദ എന്‍ഡ് ഇല്ല’ ദ ബിഗിനിങ്ങ്’ മാത്രമേയുള്ളൂ’ സംവിധായകന്‍ പറഞ്ഞു.

Photo: Indulge express

പൊങ്കല്‍ റിലീസായെത്തുന്ന ചിത്രത്തിന് ക്ലാഷ് റിലീസായെത്തുന്നത് സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയാണ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രം ജനനായകന് ബോക്‌സ് ഓഫീസില്‍ മികച്ച മത്സരം നല്‍കുമെന്നതില്‍ സംശയമില്ല.

Content Highlight: Director H.Vinodh about his new film Jana nayagan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more