| Friday, 2nd January 2026, 7:55 am

മമിതയുടെത് നിര്‍ണായക കഥാപാത്രം; വിജയ് സാറും കൂടി ചേര്‍ന്നാണ് പൊളിറ്റിക്കല്‍ എലമെന്റ്‌സ് ചേര്‍ത്തത്: എച്ച്.വിനോദ്

അശ്വിന്‍ രാജേന്ദ്രന്‍

റിലീസ് തിയ്യതി അടുക്കും തോറും  ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ആഘോഷമാക്കി കൊണ്ടാണ് എച്ച്. വിനോദിന്റെ ജന നായകനെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. തമിഴിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ വിജയ് തന്റെ കരിയര്‍ അവസാനിപ്പിച്ച് പടിയിറങ്ങുമ്പോള്‍ ഏറെ വൈകാരികമായാണ് സിനിമാ പ്രേക്ഷകര്‍ ജന നായകനെ നോക്കിക്കാണുന്നത്.

എല്ലാ അര്‍ത്ഥത്തിലും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ബോബി ഡിയോളും യുവനടി മമിത ബൈജുവും ദളപതിക്കൊപ്പം ജന നായകനില്‍ പ്രധാന വേഷത്തിലെത്തുന്നു.

ജന നായകന്‍. Photo: screen grab/ T series/ Youtube.com

വിജയ്‌യുടെയും ബോബി ഡിയോളിന്റെയും മമിത ബൈജുവിന്റെയും കഥാപാത്രങ്ങളെ പശ്ചാത്തലമാക്കിയാണ് ജന നായകന്‍ ഒരുക്കിയിരിക്കുന്നതെന്ന്‌ സംവിധായകന്‍ എച്ച്. വിനോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രൊജക്ടിന്റെ ആരംഭ സമയത്ത് ജന നായകന്റെ ആറ് വ്യത്യസ്ത വേര്‍ഷനുകള്‍ എഴുതിയിരുന്നെന്നും എന്തുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ ജന നായകന്‍ എന്നാക്കാന്‍ കാരണമെന്നത് നിങ്ങള്‍ക്ക് ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ ഇലക്ഷന്‍ നേരിടാനൊരുങ്ങുന്ന വിജയ് യുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജന നായകനെന്ന് നേരത്തേ വാദം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ കാര്യത്തിലും സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ എച്ച്. വിനോദ്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിലേക്ക് പുതിയ പൊളിറ്റിക്കല്‍ കണ്ടന്റുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇത് വിജയിയെ കാണിച്ചപ്പോള്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമായെന്നും വിനോദ് പറയുന്നു. തനിക്കൊപ്പം ചേര്‍ന്ന് ചിത്രത്തിലേക്ക് ബോള്‍ഡായിട്ടുളള പുതിയ പൊളിറ്റിക്കല്‍ ഇന്‍പുട്ടുകള്‍ ചേര്‍ക്കാന്‍ അദ്ദേഹം സഹായിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ജന നായകന്‍. Photo: screen grab/ T series/ Youtube.com

പൊങ്കല്‍ റിലീസായെത്തുന്ന ജന നായകന് ഭീഷണിയുമായി പൊളിറ്റിക്കല്‍ ഡ്രാമയായ ശിവകാര്‍ത്തികേയന്റെ പരാശക്തിയും ക്ലാഷ് റിലീസിനെത്തുന്നുണ്ട്. തമിഴ്‌നാട് മന്ത്രിയും വിജയ്‌യുടെ പ്രധാന രാഷ്ട്രീയ എതിരാളിയുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ്‌സ് മൂവീസാണ് സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയുടെ ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്.

തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീ മേക്കാണ് ജന നായകനെന്ന തരത്തിലും ചിത്രത്തിനെതിരെ നേരത്തേ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Content Highlight: Director H Vinodh about his movie Jana nayagan and political elements in it

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more