| Monday, 17th November 2025, 5:19 pm

സീറ്റ് ബെല്‍റ്റ് ടൈറ്റാക്കിക്കോളൂ, സോണി ഹെയ്‌സ് വീണ്ടും വരുന്നു, സൂചന നല്‍കി സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സെന്ന് പലരും അഭിപ്രായപ്പെട്ട ചിത്രമാണ് F1. ബ്രാഡ് പിറ്റ് നായകനായെത്തിയ ചിത്രം വന്‍ വിജയമായി മാറി. ഇപ്പോഴിതാ ചിത്രത്തിന് സീക്വല്‍ ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകന്‍ ജോസഫ് കൊസിന്‍സ്‌കി. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.

സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ ആരംഭിച്ചെന്നും അധികം വൈകാതെ മറ്റ് കാര്യങ്ങള്‍ ആരംഭിക്കുമെന്നും കൊസിന്‍സ്‌കി അറിയിച്ചു. സോണി ഹെയ്സിന്റെ പഴയകാല റേസിങ്ങാണോ അതോ പുതിയ കഥയാണോ എന്നതിനെക്കുറിച്ച് സംവിധായകന്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

F1സീക്വലിന് പുറമെ ടോപ് ഗണ്‍ മാവെറിക്കിന്റെ സീക്വലും തന്റെ പരിഗണനയിലുണ്ടെന്നും സംവിധായകന്‍ അറിയിച്ചു. 2022ലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ടോപ് ഗണ്‍ മാവെറിക്. ടോം ക്രൂസ് എന്ന നടന്റെ സ്റ്റാര്‍ഡം പരമാവധി ഒപ്പിയെടുത്ത ടോപ് ഗണ്‍ മാവെറിക് ആദ്യ ഭാഗത്തിന്റെ അതേ റേഞ്ചിലെത്തിയ ചിത്രമായിരുന്നു.

പീറ്റ് മാവെറിക്കിന്റെ പുതിയ ജീവിതം എങ്ങനെയാകുമെന്നും സോണി ഹെയ്‌സിന്റെ കഥ എങ്ങനെ അവതരിപ്പിക്കുമെന്നും അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. F1 ന്റെ സീക്വല്‍ പല ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആപ്പിള്‍ ടി.വിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു F1.

യഥാര്‍ത്ഥ F1 റേസിനിടയിലടക്കം ചിത്രീകരിച്ച F1 സിനിമാപ്രേമികള്‍ക്ക് ഗംഭീര ദൃശ്യാനുഭവമായിരുന്നു സമ്മാനിച്ചത്. ജോസഫ് കൊസിന്‍സ്‌കിയുടെ മേക്കിങ്ങും ഹാന്‍സ് സിമ്മറുടെ സംഗീതവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ F1 വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കണ്ടുശീലിച്ച സ്‌പോര്‍ട്‌സ് സിനിമകളുടെ അതേ ടെംപ്ലേറ്റിലൊരുങ്ങിയ F1 മേക്കിങ് കൊണ്ടാണ് വ്യത്യസ്തമായത്. ഒപ്പം ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും മികച്ചതായിരുന്നു. ചിത്രത്തിന്റെ സീക്വല്‍ അധികം വൈകാതെ പുറത്തിറങ്ങുമെന്നും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാകുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Director gives hint that F1 movie would have a sequel

We use cookies to give you the best possible experience. Learn more