| Monday, 20th October 2025, 11:43 pm

കങ്കുവ മുതല്‍ ഇന്ത്യന്‍ താത്ത വരെ കരുതിയിരുന്നോ, എയറിലാക്കാന്‍ ശിവ ഒന്നുകൂടെ വരുന്നുണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് തമിഴ് പടം. 2010ല്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. അതുവരെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളെ കളിയാക്കിക്കൊണ്ട് സ്പൂഫ് ഴോണറിലൊരുങ്ങിയ ചിത്രം വന്‍ ഹിറ്റായി മാറി. 2018ല്‍ ആദ്യത്തേതിലും ഡോസ് കൂടിയ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി സിനിമാപ്രേമികളെല്ലാം കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംവിധായകന്‍ അമുതനോടും നായകന്‍ മിര്‍ച്ചി ശിവയോടും പലരും ചോദിക്കുന്നത് തമിഴ് പടം 3 ഉണ്ടാകുമോ എന്നാണ്. ഇപ്പോഴിതാ ചിത്രം അധികം വൈകാതെയുണ്ടാകുമെന്ന് സംവിധായകന്‍ സി.എസ് അമുതന്‍ അറിയിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അമുതന്‍ ഇക്കാര്യം അറിയിച്ചത്. സംവിധായകനുമായുള്ള ചോദ്യോത്തരവേളയിലാണ് അദ്ദേഹം തമിഴ് പടം 3യുടെ അപ്‌ഡേറ്റ് നല്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇതോടെ തമിഴ് പടം 3 എന്ന ടാഗ് ട്രെന്‍ഡിങ്ങായി മാറി. അടുത്തിടെ പുറത്തിറങ്ങിയ എല്ലാ ബിഗ് ബജറ്റ് സിനിമകളും കരുതിയിരുന്നോളൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വന്‍ ബജറ്റിലെത്തി പ്രേക്ഷകരെ നിരാശരാക്കിയ എല്ലാ സിനിമകളെയും കണക്കിന് ട്രോളുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. കങ്കുവ, ഇന്ത്യന്‍ 2, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ബീസ്റ്റ്, വലിമൈ, അണ്ണാത്തേ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സിനിമകളെയൊന്നും വെറുതേവിടില്ലെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ഡോസ് കൂടിയ റോസ്റ്റിന് റെഡിയായിരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നവരുണ്ട്.

തമിഴ് സിനിമയിലെ ക്ലീഷേകളെയും അതിനെ ഇപ്പോഴും പിന്തുടരുന്ന സിനിമാക്കാരെയും ട്രോളിയ സിനിമകളാണ് തമിഴ് പടം ആദ്യ ഭാഗവും രണ്ടാം ഭാഗവും. പൊലീസ് കഥകളെയും മാസ് സിനിമകളെയുമെല്ലാം ചിത്രം കണക്കിന് പരിഹസിക്കുന്നുണ്ട്. ശിവക്ക് പുറമെ സന്താന ഭാരതി, മനോബാല, സതീഷ്, എം.എസ്. ഭാസ്‌കര്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍.

സിനിമക്ക് പുറമെ തമിഴ് രാഷ്ട്രീയത്തിലെ ചില സംഭവവികാസങ്ങളെയും രണ്ടാം ഭാഗം പരിഹസിച്ച് വിട്ടിരുന്നു. ഐശ്വര്യ മേനോന്‍, നിഴല്‍കള്‍ രവി, സുന്ദര്‍ രാജന്‍ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് താരങ്ങള്‍. അടുത്ത വര്‍ഷം ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതുന്നത്. സീക്വലുകള്‍ കാരണം മടുത്ത തമിഴ് ഇന്‍ഡസ്ട്രിയില്‍ തമിഴ് പടത്തിന്റെ തുടര്‍ ഭാഗം ട്രെന്‍ഡാകുമെന്ന് ഉറപ്പാണ്.

Content Highlight: Director gives an update on Thamizh Padam 3 with Mirchi Shiva

We use cookies to give you the best possible experience. Learn more