| Thursday, 17th September 2026, 12:21 pm

'ഒരു ഉമ്മ കിട്ടുമ്പോള്‍ പോലും പാനിക്കാവുന്ന നായകന്‍', എന്റെ നായകന്‍മാര്‍ ഹീറോകളല്ല: ഗിരീഷ് എ.ഡി

ആര്യ.പി

മലയാള സിനിമയിലെ നായകന്മാര്‍ എന്ന് പറയുമ്പോള്‍ സാധാരണ മനസ്സിലേക്ക് വരുന്നത് കരുത്തരും ആത്മവിശ്വാസമുള്ളവരുമായ കഥാപാത്രങ്ങളാണ്. എന്നാല്‍ ഗിരീഷ് എ.ഡിയുടെ സിനിമകളിലേക്ക് എത്തുമ്പോള്‍ ഈ പതിവ് രീതി പലപ്പോഴും മാറും. നായകന്മാര്‍ വലിയ ഹീറോകളല്ല, മറിച്ച് പല തരത്തില്‍ ദുര്‍ബലരായ, തെറ്റുപറ്റുന്ന, പരിഭ്രമിക്കുന്ന, ചുറ്റുമുള്ള സാധാരണ മനുഷ്യരെപ്പോലെയുള്ളവരാണ്. തന്റെ സിനിമകളിലെ നായകന്മാരെ അത്തരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെന്ന് ഗിരീഷ് എ.ഡി. പറയുന്നു.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘ബത്ലഹേം കുടുംബയൂണിറ്റ്’ എന്ന ചിത്രത്തിലെ ജസ്റ്റിനെയും വല്ലാതെ ഹീറോയിക് ആക്കാതെ ഒരു സാധാരണ മനുഷ്യനായാണ് അവതരിപ്പിച്ചതെന്ന് ഗിരീഷ് പറഞ്ഞു. നിവിന്‍ പോളിയുടെ താരപരിവേഷം പരമാവധി ഉപയോഗിച്ച് ഒരു ‘മാസ് ഹീറോ’യെ സൃഷ്ടിക്കുന്നതിന് പകരം, ആ കഥാപാത്രത്തിന്റെ ദൗര്‍ബല്യങ്ങള്‍ കൂടി പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും ഗിരീഷ് പറയുന്നു.

‘നിവിന്‍ പോളിയെ ആളുകള്‍ക്ക് ഇഷ്ടമാണ്. അദ്ദേഹം ഹാന്‍ഡ്‌സമാണ്. പുള്ളിയുടേതായിട്ടുള്ള ഒരു ചാമുണ്ട്. പക്ഷേ ഈ ക്യാരക്ടറിനെ നമ്മള്‍ എവിടെയൊക്കെയോ ദുര്‍ബലനാക്കിയിട്ടുണ്ട്. സ്വന്തം അനിയന്‍ തന്നെ പുള്ളിയെ വെയ്റ്ററായി അഭിനയിപ്പിക്കുന്നു, കൂട്ടുകാര്‍ ബാക്കി വരുന്ന സിനിമാ ടിക്കറ്റില്‍ സിനിമ കാണാന്‍ പുള്ളിയെ വിളിക്കുന്നു. പുള്ളി അതിനൊക്കെ പോകുന്നുണ്ട്. അങ്ങനെ വല്ലാതെ ഹീറോ ആക്കാന്‍ നോക്കാതെ, ഹീറോയിസം ഉണ്ടും താനും എന്ന രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്,’ ഗിരീഷ് പറഞ്ഞു.

ജസ്റ്റിന്റെ കഥാപാത്രത്തിലെ ഏറ്റവും രസകരമായ വശങ്ങളിലൊന്ന് പ്രണയത്തിലായപ്പോഴുള്ള അയാളുടെ പെരുമാറ്റമാണെന്നും ഗിരീഷ് പറയുന്നു. സാധാരണ സിനിമകളിലെ നായകനെപ്പോലെ പ്രണയത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ഒരാളല്ല ജസ്റ്റിന്‍. മറിച്ച്, ഇഷ്ടം തുറന്നുപറയാന്‍ പോലും പാടുപെടുന്ന ഒരാളാണ്.

‘പ്രേമത്തിന്റെ കാര്യം വരുമ്പോള്‍ പോലും പുള്ളി പാനിക്കാവുകയാണ്. ഒരു ഉമ്മ വയ്ക്കുമ്പോഴേക്കും പുള്ളി പാനിക്കാവുന്നു. പുള്ളിക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമാകുമ്പോഴും ഓപ്പണ്‍ ആകാന്‍ പ്രശ്നമുള്ള ഒരു നായകനാണ്. ആള്‍ക്കാര്‍ക്ക് അതായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുന്നത്,’ ഗിരീഷ് പറഞ്ഞു.

പ്രേക്ഷകര്‍ക്ക് കഥാപാത്രങ്ങളില്‍ തങ്ങളെത്തന്നെ കാണാന്‍ കഴിയുന്നതാണ് ഇത്തരം നായകന്മാര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒരു കാരണമെന്നും ഗിരീഷ് പറയുന്നു.തന്റെ സിനിമകളിലെ നായകന്മാരെ സൃഷ്ടിക്കുമ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ സാധാരണ മനുഷ്യരെയാണ് മനസ്സില്‍ കാണുന്നതെന്നും ഗിരീഷ് എ.ഡി പറയുന്നു.

”നമ്മള്‍ നമ്മളെത്തന്നെ കാണാനാണ് ശ്രമിക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഹീറോയല്ല. ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍, സംഗീതത്തില്‍ അഗ്രഗണ്യന്‍, അതൊന്നുമല്ലാത്ത ഒരാള്‍. ഒരു പാഴൊരുത്തന്‍ എന്ന ഐഡിയയില്‍ നിന്നാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എഴുതുന്നത്. ഇവര്‍ക്കും ജീവിക്കണമല്ലോ. ഇവര്‍ക്ക് വന്നുപെടുന്ന കുറച്ച് പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. ആ ചിന്തയില്‍ നിന്നാണ് ആ സിനിമ വന്നത്,’ ഗിരീഷ് പറഞ്ഞു.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ മുതല്‍ ‘സൂപ്പര്‍ ശരണ്യ’യിലും ‘പ്രേമലു’വിലും ‘ഐ ആം കാതലന്‍’ പോലുള്ള സിനിമകളിലും ഇതേ രീതി കാണാമെന്നും ഗിരീഷ് പറഞ്ഞു.

‘സൂപ്പര്‍ ശരണ്യ’യിലെ നായികയെ പോലും ഒരു തരത്തില്‍ ‘ലൂസര്‍ ഗേള്‍’ ആയാണ് കണ്ടത്. ‘കാതലന്‍’ എന്ന ചിത്രത്തിലും സമാനമായ സമീപനമാണ് സ്വീകരിച്ചത്. ‘ബത്ലഹേം കുടുംബയൂണിറ്റ്’ എത്തുമ്പോഴാണ് കുറച്ചെങ്കിലും എല്ലാവര്‍ക്കും സമ്മതനായ നായകനിലേക്ക് പോകുന്നതെന്നും ഗിരീഷ് പറഞ്ഞു.

എങ്കിലും അവിടെയും ജസ്റ്റിന്‍ പൂര്‍ണനായ ‘ഹീറോ’യല്ല. ചുറ്റുമുള്ളവര്‍ കളിയാക്കുന്ന, വലിയ ഈഗോയൊന്നുമില്ലാത്ത, ദുര്‍ബലതകളുള്ള ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ്. ഒരുപക്ഷേ, സിനിമകളിലെ കഥാപാത്രങ്ങളെ കൂടുതല്‍ ജനപ്രിയരാക്കുന്നതും അവരുടെ ഈ സാധാരണ മനുഷ്യസഹജമായ സ്വഭാവങ്ങളായിരിക്കാമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Girish AD about his concept on heroes and his movies

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more